1980. ഞാൻ അന്ന് മാന്പാറ എൽ. പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 36 വർഷങ്ങൾക്ക് അപ്പുറം. ജനുവരി മാസത്തിലെ ഒരു വരണ്ട ദിവസം. റബ്ബർ മരങ്ങൾ ഒക്കെ പൂക്കുന്ന സമയമാണെങ്കിലും ഒരുതരം വരണ്ട കാറ്റ് (ജനുവരി കാറ്റ് എന്നൊക്കെ പഴയ ആളുകൾ വിളിച്ചിരുന്ന) ഉള്ള ഒരു സമയം. നല്ല സുഖം ഇല്ലാഞ്ഞതിനാൽ ഒരു ദിവസം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. അന്നേ ദിവസം ഒരു പുതിയ അദ്ധ്യാപകൻ സ്കൂളിൽ അധ്യാപനത്തിനായി ചേർന്നു. ആദ്യദിവസം തന്നെ അദ്ദേഹം ഞങ്ങളുടെ ക്ലാസ്സിൽ വന്നിരുന്നു എന്ന് പിറ്റേന്നു സ്കൂളിൽ ചെന്നപ്പോൾ അറിഞ്ഞു. അന്നൊക്കെ അധ്യാപകർ ക്ലാസ്സിൽ വരുംബോൾ എനിക്ക് മൂത്രശങ്ക ഉണ്ടാകാറുണ്ടായിരുന്നു. അത്രയ്ക്ക് ഭയമാണ് അധ്യാപകരെ.
പുതിയ അധ്യാപകന്റെ രണ്ടാം ദിനം ആണ്. സയൻസാണ് വിഷയം. സൗരയൂഥത്തെക്കുറിച്ചു പഠിപ്പിക്കുന്നതിന്റെ ഇടയിൽ 'ഏറ്റവും വലിയ നക്ഷത്രം ഏതാണ്?' അറിയാവുന്നവർ ഒക്കെ സൂര്യൻ എന്ന് പറഞ്ഞു. എന്നാൽ ആരോ ഒരാൾ ചന്ദ്രൻ എന്ന് പറഞ്ഞു. ആരാണ് ചന്ദ്രൻ എന്ന് പറഞ്ഞതെന്ന് സാർ ചോദിച്ചു. പക്ഷെ പറഞ്ഞവർ ആരും ഇല്ല. ആരാണ് എന്ന് അറിഞ്ഞിട്ട് തന്നെ എന്നുറപ്പിച്ചു അധ്യാപകനും. നീയാണോ...നീയാണോ... എന്ന് ഓരോരുത്തരോടും ചോദിച്ചു. എന്റെ ഊഴം ആയപ്പോൾ ഞാൻ പറഞ്ഞു ഞാൻ അല്ല.
"പിന്നെ ആരാണ്?"
ഞാൻ പറഞ്ഞു എനിക്കറിയില്ല.
എന്റെ തൊട്ടടുത്തു ഇരിക്കുന്നത് എല്ലാരും ശിങ്കൻ എന്ന് വിളിക്കുന്ന സജു ആണ്. ( സജു ഇപ്പോൾ ഇവിടെ ആണെന്നറിയില്ല)
സാർ അവനോടും അതേ ചോദ്യം ആവർത്തിച്ചു. അവനും പറഞ്ഞു അവനല്ല. പിന്നെ ആരാണ് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു സജി ആണ് സാറേ.
ങ്...ഹാ...നീ കള്ളം പറയുന്നോടാ എന്നു ആക്രോശിച്ചു കൊണ്ട് എന്നെ ഒരു കൈയിൽ തൂക്കി എടുത്തു മുന്പോട്ടു കൊണ്ടുപോയി പൊതിരെ തല്ലി. ഒടുവിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ കൊണ്ടുപോയി ഇരുത്തി. അടിയുടെ വേദനയേക്കാൾ ഭയങ്കരം ആണ് പെൺകുട്ടികളുടെ കൂടെ ഇരുത്തുക എന്ന് പറയുന്നത്. ആരൊക്കെ ആണ് അന്ന് ആ ബെഞ്ചിൽ ഉണ്ടായിരുന്നത് എന്നോർക്കുന്നില്ല. അവർ സഹതാപത്തോടെ എന്നെ നോക്കിയതിന്നും ഓർമ്മയിലുണ്ട്...ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതു കൊണ്ടാകാം ഇന്നെന്നപോലെ ആ ഓർമ്മ മനസ്സിൽ നിൽക്കുന്നു...ഒരു നീറ്റലായി...
P.S: പിൽക്കാലത്തു ഞാൻ ഈ അധ്യാപകന്റെ പ്രിയ ശിഷ്യൻ ആയി എന്നത് മറ്റൊരു സത്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ