2017 ഡിസംബർ 7, വ്യാഴാഴ്‌ച

ഓർമ്മയുടെ ഊടുവഴിയിലൂടെ-1

ഓർമ്മയുടെ ഊടുവഴിയിലൂടെ...
-----------------------------
2000 ജൂൺ മാസത്തിലാണ് ഞാൻ ഗുജറാത്ത് ജി. എഫ്. എ യിൽ സുവിശേഷ പ്രവർത്തനത്തിനായി ചെല്ലുന്നത്. ആദ്യത്തെ ചില മാസങ്ങൾ സുനാവ് എന്ന ഗ്രാമത്തിലുള്ള ട്രെയിനിന് സെന്ററിൽ ആയിരുന്നു. ഇക്കാര്യം നേരത്തേ ഒരിക്കൽ എഴുതിയിരുന്നു. ആ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ജോണി സാറിന്റെ ഒപ്പം നളിയ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയിൽ Mandvi എന്ന സ്ഥലത്തും ഞങ്ങൾ പോയിരുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള കച്ച് ജില്ലയിലാണ് ഈ സ്ഥലങ്ങൾ. ഇന്ത്യലെ ഏറ്റവും വലിയ ജില്ലയാണ് കച്ച് ജില്ല. കച്ചി, സിന്ധി, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന കച്ചികളിൽ അർദ്ധ ദേശാന്തരികളേയും നമുക്ക് കാണാൻ കഴിയും.
അന്ന്, ജി. എഫ്. എ യോട് ചേർന്ന് അവിടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത് കിരിട്ട് പർമാർ, മനോജ് വസാവ എന്നീ ചെറുപ്പക്കാർ ആയിരുന്നു. നളിയായിൽ അവർ താമസിച്ചിരുന്നത് ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തിട്ടായിരുന്നു. അത് അവരുടെ കിടപ്പുമുറിയും അടുക്കളയും, കുളിപ്പുരയും ഒക്കെ ആയിരുന്നു. വളരെ ത്യാഗോജ്വലമായി അവർ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതുപോലെ ഒരു സ്ഥലത്ത് ദൈവത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായി ഇക്കാര്യം ഞാൻ ജോണി സാറിനോടും അന്നത്തെ മിഷൻ ഡയറക്ടർ ആയിരുന്ന എബി സാറിനോടും പറഞ്ഞു. എന്നാൽ അതിനേക്കാൾ നല്ലതും ഫലവത്തും ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നത് ആണ് എന്നവർ പറഞ്ഞു. കാരണം ഒരു സ്ഥലത്ത് ഒരു സഭ ഉണ്ടാകാൻ കുറഞ്ഞത് ഒരു 15 വർഷം എങ്കിലും എടുക്കും എന്നാൽ ട്രെയിനിങ് സെന്ററിൽ പഠിപ്പിച്ചാൽ കൂടുതൽ ആളുകളെ സഭാ സംസ്ഥാപനത്തിന് ഒരുക്കാം എന്ന യുക്തിയാണ്.
നളിയായിൽ ഞാൻ രാത്രി ഉറങ്ങിയത് മനോജ് താമസിച്ചിരുന്ന ഒറ്റ മുറിയിൽ ആയിരുന്നു. ജോണി സാർ വീടിന്റെ പുറത്തു ഒരു ചെറിയ കട്ടിലിലും. സാർ എന്നും അങ്ങനെ ആയിരുന്നു സുവിശേഷത്തിനുവേണ്ടി ഏതറ്റം വരേയും പോകും. ഞങ്ങൾ തിരികെ പോരുന്ന ദിവസം അവിടെ ഉണ്ടായിരുന്ന വിമൽ എന്ന ഒരു ചെറുപ്പക്കാരന്റെ വീടും ഞങ്ങൾ അന്ന് സന്ദർശിച്ചത് ഓർക്കുന്നു. അവരും വളരെ കാര്യമായി ഞങ്ങളെ സ്വീകരിച്ചു. ( വർഷങ്ങൾക്ക് ശേഷം ഉദയപ്പൂരിൽ ഉള്ള ഒരു സെമിനാരിയിൽ പഠിപ്പിച്ചപ്പോൾ വിമൽ എന്റെ വിദ്യാർത്ഥി ആയിരുന്നു) ഗുജറാത്തിന്റെ തനത് വിഭവമായ കിച്ചടിയും കടിയും ഒക്കെ ആയിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. 
മടക്കവഴി നളിയായിൽ നിന്നും ബസ് മാർഗ്ഗം ഗാന്ധിധാമിൽ വന്നു. അന്ന് ഗാന്ധിധാമിൽ എന്റെ ഒരു സ്നേഹിതന്റെ സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചില മണിക്കൂറുകൾ ചിലവഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിപ്പോയത്. ആ സഹോദരന്റെ ബന്ധുക്കളിൽ ഒരാളിന്റെ വീട്ടിൽ ഞങ്ങൾക്ക് വളരെ രുചികരമായ ഉച്ച ഭക്ഷണം തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. മുറ്റത്ത് മൂസംബിയും, മാതള നാരകവും ഒക്കെ സമൃദ്ധമായി വിളഞ്ഞു കിടന്നിരുന്ന വളരെ മനോഹരമായ ഒരു വീടായിരുന്നു അത്. വീട്ടുടയവൻ, വീടിന്റെ ഓരോ മുറികളിലേക്കും, മട്ടുപ്പാവിലേക്കും ഒക്കെ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. 'എല്ലാം ഞാൻ അദ്വാനിച്ചു ഉണ്ടാക്കിയതാണ്' എന്ന് പറഞ്ഞു. മലയാളികളിൽ മിക്കപേർക്കും അന്ന് കണ്ടല തുറമുഖത്തു ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ജീവിത നിലവാരവും വളരെ ഉയർന്നതായിരുന്നു. ഞങ്ങളുടെ ആതിഥേയനായ ഈ വീട്ടുടയവനും തുറമുഖത്തെ ജോലിക്കാരൻ ആയിരുന്നു. ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്. അവരോട് വിട പറയുമ്പോൾ ഇനി ഒരിക്കലും അവിടേക്ക് ചെല്ലും എന്ന് കരുതിയില്ല എന്നാൽ ഒരിക്കൽ കൂടെ ഞാൻ അവിടേക്ക് പോയി. അത് അപ്രതീക്ഷിതമായി പോകേണ്ടി വന്നതാണ്. അക്കാര്യം പിന്നീട് എഴുതാം (തുടരും...)

ഓർമ്മയുടെ ഊടുവഴിയിലൂടെ -2

ശവം എന്ന സ്വത്വം...
---------------------
കഴിഞ്ഞ ദിവസം കച്ചിൽ പോയ കാര്യം എഴുതിയിരുന്നുവല്ലോ? ഓരോ യാത്രകളും അവസാനത്തേത് ആണ് എന്ന് കരുതിയാണ് മടങ്ങുക. പക്ഷേ ചില മാസങ്ങൾ കഴിഞ്ഞപ്പോളാണ് ഇന്ത്യയെ നടുക്കിയ മഹാ ഭൂകമ്പം ഗുജറാത്തിലെ കച്ചിൽ ഉണ്ടാകുന്നത്.
അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. ജനുവരി 26; ഇന്ത്യയുടെ 51 -ആം റിപ്പബ്ലിക് ദിനം. രാവിലെ 8.46 നായിരുന്നു ആദ്യ പ്രകമ്പനം ഉണ്ടാകുന്നത്. ഞാൻ വില്യം എന്ന ഒരു സഹോദരനുമായി എന്റെ മുറിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ ചിലർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലും മറ്റു ചിലർ ക്ളാസിനുപോകാൻ തയ്യാറെടുക്കുകയും ആയിരുന്നു. ഭൂമി കുലുങ്ങാൻ തുടങ്ങിയപ്പോൾ അവർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഭൂമി കുലുങ്ങുക ആയിരുന്നില്ല ആടുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ മുകളിലുള്ള ജലസംഭരണി തുളുമ്പി വെള്ളം താഴേക്ക് ഒഴുകി. മുറ്റത്തുണ്ടായിരുന്ന മീൻകുളത്തിൽ നിന്നും വെള്ളം കൈവരി കടന്നു പുറത്തേക്ക് തെറിച്ചു. ആകെ ഭയാനകമായ അന്തരീക്ഷം. വിദ്യാർത്ഥികൾ മുറ്റത്ത് നിന്നുകൊണ്ട് വിളിക്കുകയാണ്. 'സാറേ വേഗം വാ അല്ലേൽ വീട് മണ്ടക്ക് വീഴും'. ഞാൻ ഓടാൻ നോക്കി കഴിയുന്നില്ല. ഭൂമി വള്ളം പോലെ ആടുകയാണ്. എങ്ങനെയോ ഞാൻ അവരുടെ അടുത്ത് എത്തി. അവർ കൂട്ടമായി പ്രാർത്ഥിക്കുകയാണ്. വില്യം കൈയ്യിൽ ഒരു കത്തിയുമായാണ് പ്രാർത്ഥിക്കുന്നത്. ഒരു പക്ഷേ മറിഞ്ഞു താഴെ വീഴുകയാണെങ്കിൽ കത്തി ദേഹത്ത് കയറേണ്ട എന്ന് കരുതി ഞാൻ അത് വാങ്ങി താഴെ ഇട്ടു. എല്ലാവരും ചേർന്ന് ദൈവത്തോട് നിലവിളിക്കുകയാണ്. അൽപ്പ നേരം കഴിഞ്ഞപ്പോൾ ഭൂമിയുടെ കുലുക്കം നിലച്ചു. എങ്കിലും അടുത്തുള്ള ഗ്രാമത്തിൽ നിന്നും വലിയ നിലവിളി കേൾക്കാമായിരുന്നു. 
ഞങ്ങൾ സുരക്ഷിതർ ആയിരുന്നു എങ്കിലും എവിടെയോ സാരമായ പ്രശ്നങ്ങൾ ഉണ്ടായെന്ന് എല്ലാവർക്കും തോന്നി.
ഭൂകമ്പം നിലച്ചു അൽപ്പസമയം കഴിഞ്ഞപ്പോൾ ജോണി സാറും സാമുവേൽ മാത്യുവും ക്യാമ്പസ്സിൽ വന്നു. എല്ലാവരും ഭയചകിതരായി ഇരിക്കുമ്പോളാണ് Petlad എന്ന സ്ഥലത്തുള്ള ഒരു കത്തോലിക്ക പള്ളിയിലെ (മറിയംപുര) മറിയയുടെ വിഗ്രഹം കരയുന്നു എന്ന കിംവദന്തി പരക്കുന്നത്. ജോണി സാർ പറഞ്ഞു നമുക്കൊന്ന് പോയി നോക്കാം. ഞങ്ങൾ രണ്ടാളും കൂടെ നേരേ അവിടേക്ക് വെച്ചുപിടിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ഏകദേശം പത്തഞ്ഞൂറ് ആളുകൾ അവിടെ കൂടിയിട്ടുണ്ട്. അവർക്കിടയിലൂടെ ഞങ്ങൾ വിഗ്രഹത്തിന്റെ അടുത്തെത്തി. എല്ലാരും പറയുകയാണ് 'കണ്ടോ കണ്ടോ മറിയ കരയുകയാണ്'. ഞങ്ങൾ എത്ര സൂക്ഷിച്ച് നോക്കിയിട്ടും ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഞങ്ങൾ തിരികെ പോയി. ആ ദിവസം അങ്ങനെ കഴിഞ്ഞു. 
പിറ്റേന്ന് ശനിയാഴ്ച ആണ്. അന്ന് ഓഫീസ് ഉച്ചവരെയേ ഒള്ളൂ. രാവിലെ ജോണിസാർ ഓഫീസിൽ വന്നപ്പോൾ പറഞ്ഞു നമുക്ക് അഹമ്മദാബാദിൽ വരെ പോകാം. അന്ന് ബക്കൂൾ ഭായി എന്ന് വിളിക്കുന്ന ഐ. ജി. ക്രിസ്ത്യൻ അഹമ്മദാബാദിൽ നിന്നുമാണ് ഓഫീസിൽ വന്നിരുന്നത്. അവിടെ ധാരാളം പേർ മരിക്കുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ അഹമ്മദാബാദിൽ ചെന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ... അവയ്ക്കടിയിൽ ജീവനുള്ളവരും മരിച്ചവരുമായി നിരവധി ആളുകൾ. എവിടെയും R.S.S കാർ കാക്കി നിക്കറും ഇട്ട് വടിയുമായി നടക്കുകയാണ്. ദൂരെ നിന്ന് ഞങ്ങൾ അതൊക്കെ കണ്ടു. എന്നിട്ട് ബക്കൂൾ ഭായിയുടെ ഭാര്യ നേഴ്സ് ആയിട്ട് ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോയി. ആളുകൾ പരക്കം പായുകയാണ്. ഉറ്റവരും ഉടയവരും ഒക്കെ നഷ്ടപ്പെട്ടവർ. ഞങ്ങളുടെ കൂടെ മനോജ് വസാവയും , സി ഐ തോമസ് എന്ന ഒരു പാസ്റ്ററും, ബക്കൂൾ ഭായിയും ഉണ്ട്. ഞാനും മനോജ് ഉം അൽപ്പം പിന്നിലായി നടക്കുകയായിരുന്നു. മുൻപിൽ പോകുന്നവർ മോർച്ചറിയിലേക്ക് ആണ് എന്ന് അറിയാതെയാണ് ഞങ്ങൾ അവർക്കു പിന്നാലെ പോയത്. മോർച്ചറിയുടെ കവാടത്തിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നവർ രണ്ടുപേർ പിന്നോക്കം മാറി. ജോണി സാറും ഞാനും മനോജ് ഉം അകത്ത് കയറി. ശീതീകരിച്ച മുറിയാണ്. ഫ്രീസറിന്റെ നേരിയ മുരൾച്ച ഒഴിച്ചാൽ മുറി ശാന്തമാണ്. മാസ്ക് കൊണ്ട് വായും മൂക്കും മറച്ച ഒരാൾ മുറിയുടെ കോണിൽ ഇട്ടിരുന്ന മേശക്കരികിൽ ഇരിപ്പുണ്ട്. ശവങ്ങൾ ആണ് മുറി നിറയെ. പോസ്റ്റുമോർട്ടത്തിനായി വയർ പിളർന്നവയാണ് മിക്കവയും. കാൽ വിരലുകൾക്കിടയിൽ മടക്കി വച്ച തുണ്ടുകടലാസിൽ സ്വത്വം ഉൾക്കൊണ്ടുകൊണ്ട് കിടക്കുകയാണ് ശവങ്ങൾ. ഇന്നലെ വരെ അവർ ആരൊക്കെ ആയിരുന്നു? പണക്കാർ ആയിരുന്നിരിക്കാം, പാവപ്പെട്ടവർ ആയിരുന്നിരിക്കാം. ഹിന്ദുവോ മുസ്ലിമോ, ക്രിസ്‌ത്യാനിയോ ആയിരുന്നിരിക്കാം...ഇന്ന് അവരുടെ ആളത്വം കേവലം ഒരു തൂണ്ട് കടലാസിൽ കാലിലെ പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയിൽ...ഇവിടെ കിടക്കുന്നവർക്ക് എല്ലാവർക്കും പൊതുവായ ഒരു സ്വതമാണ്...ശവം എന്ന സ്വത്വം... 
ജോണി സാർ അവിടെ ഇരുന്ന ആളിനോട് ചോദിച്ചു; 'രണ്ട് ഫോട്ടോ എടുത്തോട്ടെ?' അയാൾ സമ്മതം മൂളി. ഒരു ശവത്തിന്റെ തലഭാഗം ഒരു തുണി കൊണ്ട് മറച്ചിരിക്കുക ആയിരുന്നു. അത് മാറ്റേണ്ട എന്നയാൾ പറഞ്ഞു. കാരണം ഭയന്നു പോകുമത്രേ. ജോണി സാർ പടം എടുക്കുകയാണ്...അപ്പോൾ മേശപ്പുറത്തിരുന്ന പഴയ ഫോൺ ശബ്‌ദിച്ചു. കിർർർ...കിർർർ... ശബ്ദം വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക്...ഇറങ്ങി ഓടാൻ പറ്റില്ല. മോശമല്ലേ...പേടിയാണന്നാളുകൾ പറയില്ലേ? പടം ഒക്കെ എടുത്തു പുറത്തിറങ്ങി അന്ന് തന്നെ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് ഞാറായ്ച്ച ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു യാത്ര തുടങ്ങിയ ദിവസം. അത് പിന്നീട് എഴുതാം...(തുടരും...)