2017 ജനുവരി 30, തിങ്കളാഴ്‌ച

പുഴ


എന്റെ ഗ്രാമവും മറ്റെല്ലാ ഗ്രാമങ്ങളേയും പോലെ ഒരുപാട് നന്മകളാൽ സമൃദ്ധമാണ്. ഏറ്റവും പ്രധാന ആകർഷണം സുന്ദരിയായ ഒരു പുഴ (പമ്പയുടെ പോഷക നദിയായ കക്കാട്ടാറ്) ഗ്രാമത്തിന് അതിരിടുന്നു എന്നതാണ്. പുഴ ഒഴിവാക്കി ഞങ്ങൾക്ക് ഒരു ജീവിതം ഉണ്ടായിരുന്നില്ല. പുഴയെ കണികണ്ടുകൊണ്ടാണ് ഞങ്ങൾ ഉണർന്നതും പുഴയുടെ മനോഹരമായ താരാട്ട് കേട്ടുകൊണ്ടാണ് ഞങ്ങൾ ഉറങ്ങിയിരുന്നതും. ഒരർത്ഥത്തിൽ ഞങ്ങളുടെ വളർച്ചയുടെ അളവുകോൽ ആയിരുന്നു പുഴ. നല്ല ആഴവും ഒഴുക്കും ഉള്ള പുഴ നീന്തി അക്കരെ കടക്കുക എന്നതായിരുന്നു ബാല്യത്തിലെ ഏറ്റവും വലിയ സ്വപ്നം. ഞങ്ങളുടെ ചേട്ടന്മാരായ ഉപ്പനും (എന്റെ മകളോട് പഴയ കഥകൾ പറഞ്ഞപ്പോൾ അവൾ ചോദിക്കുകയാ ആ അങ്കിളിനെ എന്തിനാ 'സാൾട്ടൻ' എന്ന് വിളിക്കുന്നതെന്ന്? അവളുടെ ചിന്ത ശരിയാണ് 'സാൾട്ട്' ആണല്ലോ 'ഉപ്പ്'), അനിൽ റെജി, സുഗതൻ തുടങ്ങിയവർ പുഴ നീന്തി അക്കരെ എത്തിയിട്ട് വിജയശ്രീലളിതരായി കൈ ഉയർത്തി നിൽക്കുന്ന രംഗം ഇപ്പോഴും ഒളിമങ്ങാതെ മനസിലുണ്ട്. ചേട്ടന്മാർ വെല്ലുവിളിക്കും 'നിനക്ക് അക്കരയ്ക്കു നീന്താൻ ധൈര്യം ഉണ്ടോ? ഉം... അതിന് ഇത്തിരി പുളിക്കും.' അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഞാൻ നീന്തി. പുഴയുടെ ആഴത്തെയും ഒഴുക്കിനേം കീഴടക്കി. അന്ന് എനിക്ക് ഒന്പത് വയസാണ്. അന്ന് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു മാതാവ് എന്റെ അച്ഛനോട് പറഞ്ഞു 'വർഗ്ഗീസേ... മകനെ സൂക്ഷിച്ചാൽ പിന്നെ ദുഖിക്കേണ്ടി വരില്ല.' അന്നൊക്കെ കുട്ടികൾ ഗ്രാമത്തിന്റെ പൊതു സ്വത്തായിരുന്നു.എന്തെങ്കിലും തെറ്റുണ്ടായാൽ ശാസിക്കും, ചിലപ്പോൾ ശിക്ഷിക്കും, മാതാപിതാക്കളോട് പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷേ എന്റെ അച്ഛൻ എന്നെ വഴക്ക് പറഞ്ഞില്ല. കാരണം അച്ഛനാണ് എന്നെ നീന്താൻ പഠിപ്പിച്ചത്. ഇന്ന് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കുമ്പോൾ എന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ പകുതിപോലും എനിക്ക് ഇല്ലല്ലോ എന്ന തിരിച്ചറിവ് അവരോടുള്ള ആദരവിന്റെ മാറ്റ് കൂട്ടുന്നു.
പറഞ്ഞു വന്നത് പുഴയെപ്പറ്റിയാണ്. വേനൽക്കാലത്തും പുഴയിൽ ധാരാളം തെളിഞ്ഞ വെള്ളം ഉണ്ടാവും. ദൂരത്തു നിന്ന് പോലും ആളുകൾ പുഴയിൽ കുളിക്കാൻ വരാറുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ 'മേപ്പാട്ടുതറയിൽ' എന്ന് പേരുള്ള ഒരു കുടുംബം ഉണ്ട്. അവിടുത്തെ മക്കളിൽ ഒരാളായ എം. എൻ. ജയപ്രകാശ് (എല്ലാവരും കുഞ്ഞമ്മാവൻ എന്ന് വിളിക്കുന്ന അദ്ദേഹം ഞങ്ങളുടെ പഞ്ചായത്തു പ്രസിഡണ്ട് ആയപ്പോൾ ആണ് പോലീസ് ഇൻസ്‌പെക്ടർ ആയിട്ട് ജോലികിട്ടിയത്. മെംബർ സ്ഥാനം ഒക്കെ രാജിവച്ചിട്ട് അദ്ദേഹം ജോലിക്ക് പോവുകയായിരുന്നു. ഒരു പക്ഷേ പോലീസ് സൂപ്രണ്ട് ആയിട്ട് വല്ലോം അദ്ദേഹം ഇപ്പോൾ വിരമിച്ചിട്ടുണ്ടാവും) തന്റെ മോട്ടോർ ബൈക്കിൽ (ബുള്ളറ്റ്) കുളിക്കാൻ വന്നിട്ട് മടങ്ങുമ്പോൾ ഞങ്ങളേയും തന്റെ ബൈക്കിന്റെ പുറകിൽ ഇരുത്തിക്കൊണ്ട് പോകുമായിരുന്നു. തിരികെ ഒറ്റയ്ക്ക് റബർ മരങ്ങൾക്കിടയിലൂടെ നടന്നു വേണം വരാൻ പക്ഷെ ഞങ്ങൾക്ക് അതൊരു വിഷയം ആയിരുന്നില്ല. കാരണം ബൈക്കിൽ കയറാൻ കിട്ടുന്ന അവസരം അല്ലേ? 
പുഴ ഞങ്ങൾക്ക് ഒരുപാട് ധൈര്യം പകർന്നിട്ടുണ്ട്. മഴക്കാലത്ത് കൂലംകുത്തി ഒഴുകിയ പുഴയുടെ കുത്തൊഴുക്കിനെ കീറിമുറിച്ചു നീന്തിയപ്പോൾ കിട്ടിയ ധൈര്യം ആയിരിക്കാം ആ പുഴയിൽ കുളിക്കാൻ പോയപ്പൾ പുഴ വെള്ളത്തിൽ വച്ച് ഹാർട്ടറ്റാക്ക് വന്ന് അച്ഛൻ മരിച്ചപ്പോൾ ഉണ്ടായ പ്രതിസന്ധിയെ നേരിടാൻ സഹായകമായതും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ