2017 മാർച്ച് 28, ചൊവ്വാഴ്ച

പാഥേയം

ക്ലിനിക്കൽ പാസ്‌റ്ററൽ എഡ്യൂക്കേഷൻ (C. P. E) ക്ലാസ്സിൽ  faith story അവതരിപ്പിക്കണമായിരുന്നു. അല്പം ആശങ്കയോടെയാണ് തുടങ്ങിയത്. കാരണം യഹൂദാ റബ്ബിയും, കന്യാസ്ത്രീകളും, കത്തോലിക്ക പുരോഹിതനും ഒക്കെയുണ്ട് ക്ലാസ്സിൽ...
തുടങ്ങിയത് മാമലകൾക്ക് അപ്പുറം അങ്ങ് മണിയാറിൽ നിന്നാണ്...

വിശ്വാസ ജീവിതത്തിൽ പിച്ച വച്ച് നടത്തിയവരിൽ ഒന്നാമൻ ഗുരുനാഥൻ Abraham Chirackel Varughese പിന്നെ പല കൈകളും കരുത്തേകിയിട്ടുണ്ട്...അതൊക്കെ പറഞ്ഞു ഒടുവിൽ നിർത്തിയത് കാലിഫോർണിയയിൽ നിന്നും പിറ്റ്സ്ബർഗിലെക്കുള്ള യാത്ര വിവരിച്ചാണ്...

ഒരുനാൾ ഒരു ഉൾവിളി...അമേരിക്കയിൽ ഒരു സഭാ സംസ്ഥാപനത്തിന് പുറപ്പെടുക...യാത്രക്ക് ആവശ്യമായ പണം കൈകളിൽ ഇല്ല...ദീർഘ ദൂരം വാഹനം ഓടിച്ചു പരിചയം പോരാ... 'നാഥാ നിന്റെ വാക്കിനു വല ഇറക്കാം എന്ന് പറഞ്ഞ പത്രോസ് എന്നും ഒരു ആവേശം ആയിരുന്നു...ഇന്നും അങ്ങനെ ആണ്...
യാത്രയ്‌ക്ക്‌ ആവശ്യമായ ഒരു വാഹനം ദൈവം തന്നത് കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ? വാഹനം വാങ്ങിക്കഴിഞ്ഞ് കൈയ്യിൽ ബാക്കി ഉണ്ടായിരുന്നത് ആകെ 400 dollar മാത്രം. താണ്ടുവാനുള്ള ദൂരം ഏതാണ്ട് 2700 മൈലുകൾ (4500 -ൽ അധികം കിലോമീറ്ററുകൾ)...വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും ഈ പണം തികയില്ല...

2013 ജൂലൈ മാസം 27-)o തീയതി രാത്രി 11 കഴിഞ്ഞു പുറപ്പെട്ടപ്പോൾ...സ്നേഹിതൻ John Wesley Mathew വും കുടുംബവും സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യാൻ സഹായിച്ചു...

35 മൈലുകൾക്ക് അപ്പുറം ഉള്ള മറ്റൊരു സ്നേഹിതൻ സാബുവിന്റെ (Sabu Varghese, Blessy Sabu ) ഭവനത്തിൽ ആ രാത്രി വിശ്രമിച്ചു. പ്രഭാതത്തിൽ യാത്രയായപ്പോൾ താൻ വാങ്ങിത്തന്ന പാഥേയം (Chicken Wings). അത് ആദ്യ ദിവസത്തെ മന്ന...അത് വെറും ചിറകുകൾ അല്ലായിരുന്നു. യാത്ര മുഴുവൻ പറക്കാനുള്ള വിശ്വാസ ചിറകുകൾ...

Arizona വഴിയാണ് യാത്ര. അവിടെ, മണക്കാലായിലെ പഴയ സഹപാഠികൾ ആയിരുന്ന Daniel Lukose, Finny Jacob, Manu Cherukara എന്നിവരുടെ ആഥിത്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അടുത്ത ലക്‌ഷ്യം Dallas ആണ്...നല്ല ഒരു സത്രത്തിൽ (Motel) വിശ്രമിക്കാൻ കൈയ്യിലെ പണം തികയാഞ്ഞതുകൊണ്ട് 95 ഡിഗ്രി F ചൂടിൽ വാഹനത്തിൽ 7 മാസം പ്രായമായ കുഞ്ഞുമായി വിശ്രമിക്കാൻ ഒരു വിഭല ശ്രമം...അന്തിയുറങ്ങാൻ ഒരു ഇടം ഇല്ലാത്തവരുടെ (Homeless) വേദന ഉൾക്കൊണ്ടുകൊണ്ട് യാത്ര തുടർന്നു...

Dallas ഞങ്ങളുടെ വിശ്വാസ ജീവിതത്തിലെ എലിം (Elim) ആണ്...ഈന്തപ്പനകുളുടെയും, നീരുറവിന്റെയും പട്ടണം...ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മുഖങ്ങളുണ്ടിവിടെ. Jose Ninan എന്നും ഒരു സഹയാത്രികൻ ആണ്‌. അദ്ധേഹത്തിന്റെ വീടിനെക്കുറിച്ച് ഓർക്കുന്പോൾ ഒക്കെ ഗൃഹാതുരത്വ സ്മരണകളുടെ വേലിയേറ്റമാണ് മനസ്സുനിറയെ.... Reni Chacko, Finny Chacko, സുസൻ ആന്റി അങ്ങനെ പലരുണ്ട്... റെനി യുടെ വീട്ടിൽ നിന്നും പ്രാതൽ കഴിച്ചാണ് അവിടെ നിന്നും യാത്ര തുടരുന്നത്...
Dallas ൽ വച്ച് ആരോ ചോദിച്ചു എവിടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു അറിയില്ല. അബ്രഹാമിനെപോലെ... തൊണ്ട ഇടറാതെ സൂക്ഷിച്ചാണ് മറുപടി പറഞ്ഞത്...
നിങ്ങൾക്ക് വട്ടാണോ പാസ്റ്റർ (Are you crazy? Going with small three kids and not knowing where are you heading towards) മൂന്നു പൊടി കുഞ്ഞുങ്ങളുമായി എവിടേക്ക് എന്ന് അറിയാതെ ഇങ്ങനെ ???
മറുപടി മൌനത്തിൽ ഒതുക്കി...നിസ്സഹായത കണ്ടതുകൊണ്ടാവാം ചോദ്യ കർത്താവും മൌനത്തിന്റെ വാൽമീകത്തിൽ ഒളിച്ചു... 
Dallas ൽ നിന്നും പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് സുഹൃത്തുക്കളിൽ ഒരാൾ ആയ Pastor Mathew James ( Harvy Mini) പിറ്റ്സ്ബർഗി നെക്കുറിച്ച് പറയുന്നത്...സഭ തുടങ്ങാൻ പറ്റിയ ഇടം ആണത്രേ...

അങ്ങനെ യാത്രയുടെ ദിശ Tennesse വഴിയാക്കി. അവിടെയുള്ള  Sabu K. Oommenഅടുത്ത് 2 ദിവസം. അവരുടെ ആദിഥ്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അവിടെ വിശ്രമിക്കാൻ സ്ഥലം ഒരുക്കിയ ബിബിൻ ന്റെ സഹധർമിണി നിസ്സി ( Nissy Bibin Manayil) തന്ന പോതിചോറിന്റെ രുചി നാവിൽനിന്ന് ഇനിയും പോയിട്ടില്ല...

ഒടുവിൽ...പിറ്റ്സ്ബർഗിൽ... മുൻ പരിചയക്കാർ ആരും ഇല്ല. മാത്യുവിന്റെ അളിയൻ റോണി യുടെ Robin John) താമസ സ്ഥലം താല്ക്കാലിക അഭയ സ്ഥാനം ആയി. സ്ഥിര താമസത്തിന് ഒരു ഇടം കിട്ടാതെ വീണ്ടും കിഴക്കോട്ട്... (East Cost) അങ്ങ് philadelphia വരെ...ഇത് സഹോദര സ്നേഹത്തിന്റെ പട്ടണം...അവിടെ നിന്ന് വീണ്ടും പിറ്റ്സ്ബർഗിലേക്ക്...മാത്യു ഒപ്പം ഉണ്ട്. രാവിലെ ഇരുവരും വീട് അന്വേഷിച്ചു ഇറങ്ങും...കടക്കരാൻ അല്ലാത്തതുകൊണ്ട് (Poor credit history) ഉം, ജോലി ഇല്ലാത്തതുകൊണ്ടും, ഒരു സംഘടനയുടേയും പിൻബലം ഇല്ലാത്തതുകൊണ്ടും ആരും വാടക വീട് തരാൻ തയ്യാറായില്ല. ഒടുവിൽ ഒരു അപാർട്മെന്റ് തരപ്പെട്ടു. അവിടെ അഡ്വാൻസ് നൽകിയനന്തരം റോണിയുടെ താമസസ്ഥലത്ത് എത്തിയപ്പോളാണ് ഞങ്ങൾ ബാബുച്ചായാൻ എന്ന് വിളിക്കുന്ന Babu Chacko യുടെ ഫോണ്‍ വരുന്നത്. താൻ പറഞ്ഞു ഒരു പാകിസ്ഥാനി ഡോക്ടറിന്റെ വീട് ഫ്രീ ആയിട്ടുണ്ട്‌ എന്താ നോക്കുന്നോ? വീട് അത്യാവശ്യമാണെങ്കിലും ഞാൻ പറഞ്ഞു, 'ങാ...നാളെ നമുക്ക് പോയി നോക്കാം.' പിറ്റേന്ന് ഞങ്ങൾ അവിടെ ചെന്നു. നല്ല സ്ഥലം. നല്ല വീട്. 

വഴിയന്പലത്തിൽ ഇടം ഇല്ലാഞ്ഞിട്ടു കിട്ടിയ പുൽക്കൂട്‌...അവിടെ സഭാ സംസ്ഥാപനത്തിന്റെ ഗർഭവും പേറി ഞങ്ങൾ താമസം തുടങ്ങി. ഉള്ളിൽ ഉരുവായ ശിശു വളരാൻ തുടങ്ങി...എപ്പോളും അതിന്റെ അനക്കം ശ്രദ്ധിക്കും... ആ തുടിപ്പിന്റെ ഉൾക്കരുത്തുമായി ദിവസങ്ങൾ എണ്ണി എണ്ണി... 

അങ്ങനെ ഇരിക്കുമ്പോൾ പാക്കിസ്ഥാനി ഡോക്ടർ ഞങ്ങളുടെ story, അദ്ധേഹത്തിന്റെ ഒരു സ്നേഹിതൻ Jack White നോട് പറയുന്നു... Mr. White ഞങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു പഴയ വിദ്യാർത്ഥിയായ MelissaandJared Bellan നോട് പറഞ്ഞു. Pr. Jared ഞങ്ങളെ Pr. Brian Boltനു പരിചയപ്പെടുത്തി. ഞങ്ങൾ തമ്മിൽ കാണുന്നതിനു ചില മാസങ്ങള്ക്ക് മുൻപ് Pr Arul Raj, Pastor Brian Bolt നോട് പ്രവചിച്ചു "നിങ്ങൾ ഒരു ഇന്ത്യൻ സഭ തുടങ്ങും." അതിന്റെ token ആയിട്ട് 10 രൂപയും നല്കി. ബാക്കിയൊക്കെ പിറ്റ്സ്ബർഗിലെ (New Life Indian church, Pittsburgh) സഭയുടെ ചരിത്രം... 
ഇത് യഹോവയാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. (Ps 118:23) 

എയർ പോർട്ട് കാണാനുള്ള ആഗ്രഹം.


രണ്ടു വർഷം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഗുജറാത്ത്‌ മധുരിക്കുന്നതും കയ്‌പ്പേറിയതുമായ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2001 ലെ ഭൂകമ്പം, 2002 ലെ വർഗ്ഗീയ ലഹള അടക്കം കുറെ അനുഭവങ്ങൾ. അതിനെക്കുറിച്ചു പിന്നീടൊരിക്കൽ എഴുതാം. 

ട്രെയിൻ യാത്ര ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ എയർപോർട്ടിൽ പോയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ തിരുവനന്തപുരം എയർപോർട്ടിന്റെ പുറകിൽ നിന്ന് വിമാനം പറന്നുയരുന്നത് ഒരിക്കൽ എസ്‌കർഷനു പോയപ്പോൾ കണ്ടിട്ടുണ്ട്. എയർപോർട്ട് കാണാനുള്ള സ്വപ്നവുമായി നടക്കുബോളാണ് ഞാൻ പ്രവർത്തിച്ചിരുന്ന സുവിശേഷ സംഘടനയുടെ പ്രവർത്തനങ്ങൾ കാണാൻ ഒരു സായിപ്പ് അമേരിക്കയിൽ നിന്നുംവരുന്നത്. വൈകിട്ടാണ് അദ്ദേഹം എത്തുക. അന്ന് ഒപ്പം വർക്ക്‌ ചെയ്യുന്ന Samuel Mathew ആണ് സായിപ്പിനെ കൂട്ടിക്കൊണ്ട് വരാൻ പോകൂന്നത്. അദ്ദേഹം എന്നോട് ചോദിച്ചു സജി വരുന്നെങ്കിൽ വാ നമുക്കൊരുമിച്ചു പോകാം. എനിക്ക് സന്തോഷം ആയി. എയർ പോർട്ട് കാണാൻ ഉള്ള ഒരു അവസരം വന്ന് ചേർന്നിരിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഞാനും അഹമ്മദാബാദിലേക്ക് പോയി. ആദ്യം പോയത് അഹമ്മദാബാദിലുള്ള ഒരു ബൈബിൾ ട്രെയിനിങ് സെന്ററിലേക്കാണ്. അവിടെ നിന്നും സംസ്ഥാനത്തിന്റെ ചുമതല ഉള്ള ഒരാളെക്കൂടെ കൂട്ടണമായിരുന്നു. അദ്ദേഹം എന്നെ കണ്ടപ്പോൾ കോപപരവശനായി പറഞ്ഞു: "നീ എന്തിനാണ് വന്നത്? എയർ പോർട്ടിൽ ഞങ്ങൾ പൊയ്ക്കൊള്ളാം നീ തൽക്കാലം ഇവിടെ ഇരുന്നാൽ മതി." അദ്ദേഹത്തിന്റെ മാതൃഭാഷയിൽ പിന്നേയും എന്തൊക്കെയോ പറഞ്ഞിട്ട് അവർ പോയി. എനിക്ക് വലിയ അപമാനഭാരവും വിഷമവും തോന്നി. 

അന്ന് എന്റെ സ്നേഹിതരിൽ ഒരാളായ Prabhakar Malladi ആയിരുന്നു ആ സെന്ററിന്റെ ചുമതല വഹിച്ചിരുന്നത്. എന്റെ വിഷമം കണ്ടപ്പോൾ താൻ പറഞ്ഞു "സജി സാറേ...എനിക്ക് സാറിന്റെ വിഷമം മനസ്സിലാകുന്നുണ്ട്...ദൈവ നാമ മഹത്വത്തിനായി ഈ പ്രയാസം സാറിന് ഒരു അനുഗ്രഹമായി തീരും." അത് കേവലം ഒരു ആശ്വാസ വാക്ക് ആയിരുന്നില്ല. പ്രവചനം ആയിരുന്നു. Trivandrum, London Heathrow, Mumbai, Frankfurt airport Germany, JFK New York, Newark airport, LAX, Fort Lauderdale airport, Kuwait International Airport, O'Hare International Airport, Hartsfield–Jackson Atlanta International Airport, Abu Dhabi International Airport, Philadelphia International Airport, Pittsburgh International Airport, Dallas/Fort Worth International Airport, Denver International Airport, George Bush Intercontinental/ Houston Airport, Phoenix Sky Harbor International Airport...അങ്ങനെ നീളുകയാണ് പോയിട്ടുള്ള എയർ പോർട്ടുകളുടെ നിര. ഓരോ എയർ പോർട്ടിൽ ഇറങ്ങുന്പോഴും ആ സംഭവം ഞാൻ ഓർക്കാറുണ്ട്.

നല്ല ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന ദൈവം

ഉപരി പഠനം എക്കാലത്തേയും എന്റെ സ്വപ്നവും പ്രാർത്ഥനയും ആയിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തീക പശ്ചാത്തലം ഇല്ലായിരുന്നു താനും. മണക്കാല ഫെയ്‌ത് തിയളോജിക്കൽ സെമിനാരിയിൽ ബിരുദ പഠനം തീരാറായ സമയത്താണ് എന്റെ പഴയ സ്നേഹിതരായിരുന്ന സിബിയും, ജോൺസൻ ജോർജ് സാറും ഒരു ദിവസം എനിക്ക് ഫോൺ ചെയ്യുന്നത്. അവർ അന്ന് സെറാംപൂരിൽ പഠിക്കുകയാണ്. ജോൺസൻ സാറിനെ പരിചയപ്പെടുന്നത് തിരുവല്ലയിൽ ക്രൈസ്‌തവ ബോധി നടത്തിയ ഒരു കഥ അരങ്ങിൽ വച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും അന്ന് കഥകൾ അവതരിപ്പിച്ചിരുന്നു. ഫോൺ ചെയ്തപ്പോൾ ജോൺസൻ സാർ പറഞ്ഞു 'ഗോസ്പൽ ഫോർ ഏഷ്യക്ക് ബിരുദ ധാരികളെ ആവശ്യം ഉണ്ട്; അവർ താൽപ്പര്യം ഉള്ളവരെ ഉപരി പഠനത്തിന് അയക്കും. അങ്ങനെ ഞാൻ സാർ പറഞ്ഞത് അനുസരിച്ചു ജി. എഫ്. എ യിലെ ശാമുവേൽ മാത്യു സാറിനെ കണ്ടു. അദ്ദേഹത്തിനും താൽപ്പര്യം ആയി. ഒരു വർഷം കഴിയുമ്പോൾ എം.റ്റി.എച്ച് നു വിടാം എന്ന് താനും പറഞ്ഞു. അങ്ങനെ ഞാൻ ജി. എഫ്. എ. യിൽ ചേർന്നു. പ്രഥമ നിയമനം ഗുജറാത്ത് ആയിരുന്നു. ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ എന്റെ ഉപരി പഠന സ്വപ്നം താലോലിച്ചുകൊണ്ടിരുന്നു. ഒരു രാത്രി എന്റെ കിടക്കയ്ക്കു അരുകിൽ ഒരാൾ വന്നിട്ട് എന്നോട് പറഞ്ഞു, 'മകനെ നീ വിഷമിക്കേണ്ട ഞാൻ നിന്നെ ഉപരി പഠനത്തിന് വിടും' ആ സ്വപ്നം എന്റെ പകൽ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

ഗുജറാത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അവസരങ്ങൾ തന്നു. കുറെ നാൾ ഗുജറാത്തിനും രാജസ്ഥാനും അതിർത്തിയിലുള്ള ജാലോധ് എന്ന സ്ഥലത്തുള്ള ഒരു ട്രെയിനിങ് സെന്ററിൽ പ്രവർത്തിച്ചു. അപ്പഴാണ് ഉപരി പഠനത്തിനുള്ള അപേക്ഷ അയക്കുന്നത്. അന്ന് എബി സാറാണ് മിഷന്റെ ഡയറക്ടർ. അദ്ദേഹം എന്നോട് വിശദശാംശങ്ങൾ ചോദിക്കുകയും സംസ്ഥാന ഓഫീസിൽ നിന്നും അനുവാദം വാങ്ങാൻ പറയുകയും ചെയ്തു. അങ്ങനെ ഞാൻ സ്റ്റേറ്റ് ഓഫീസിലേക്ക് അപേക്ഷ അയച്ചിട്ട് രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രെയിനിങ് സെന്റർ ഗുജറാത്ത്‌ സംസ്ഥാന ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന സുനാവ് കോംപൗണ്ടിലേക്കു മാറ്റുന്നത്. അവിടെ എത്തി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസ് ക്ലീൻ ചെയ്ത് ചവറുകൾ തീയിടുമ്പോൾ എന്റെ സ്നേഹിതനും സഹപ്രവർത്തകനും ആയിരുന്ന ശാമുവേൽ മാത്യു, ഞാൻ അയച്ച അപേക്ഷ ചവറുകൾക്കിടയിൽ നിന്നും എടുത്തിട്ടു എന്റെ നേരേ നീട്ടി. അത് കണ്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു നൊമ്പരം ഉണ്ടായി. ഞാൻ അത് വാങ്ങി ആളി കത്തുന്ന തീ നാളങ്ങളിലേക്ക് നീട്ടി പിടിച്ചു കത്തിച്ചു കൊണ്ട് പറഞ്ഞു "എന്റെ M.Th ന്റെ സ്വപ്നം ആണ് ഈ കത്തുന്നത്." രണ്ട് ദിവസം കഴിഞ്ഞു ഞാൻ ചാപ്പലിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രേത്യേക പ്രേരണ ഉണ്ടായിട്ടു ഞാൻ പറഞ്ഞു 'ഈ കഴിഞ്ഞ ദിവസം ഞാൻ എന്റെ എം.റ്റി.എച്ചിന്റെ സ്വപ്‌നങ്ങൾ ചുട്ടെരിച്ചെങ്കിലും ആ ചാരത്തിൽ നിന്നും എനിക്ക് എം. റ്റി. എച്ച് തരാൻ ദൈവത്തിന് കഴിയും.' 
ദിവസങ്ങൾ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. അതിനിടക്ക് ഞാൻ മധുര റ്റി.റ്റി.എസ് ൽ നിന്നും അപേക്ഷ വരുത്തി. പൂരിപ്പിച്ചു വച്ചു. മാർച്ച് മാസം ഒന്നാം തീയതി ആയിരുന്നു അപേക്ഷ അയക്കേണ്ട അവസാന തീയതി. പക്ഷെ ഞാൻ കരുതി മാർച്ച് 31 ആണ് deadline. മാർച്ച് 23 ന് ഞാൻ പൂരിപ്പിച്ചു വച്ച അപേക്ഷ എടുത്തു നോക്കിയപ്പോഴാണ് അറിയുന്നത് 23 ദിവസങ്ങൾ താമസിച്ചിരിക്കുന്നു. നിരാശയോടെ ഞാൻ എന്റെ കിടക്കയിൽ താടിക്ക് കയ്യും കൊടുത്തിരുന്നപ്പ്പോൾ ആ പഴയ സ്വപ്നം മനസിലേക്ക് ഓടി എത്തി. എന്റ അരുകിൽ നിന്ന് ആരോ പറയുകയാണ് '23 ദിവസം താമസിച്ചത് കാര്യം ആക്കേണ്ട അപേക്ഷ ഉടൻ അയയ്കുക'. അങ്ങനെ ഞാൻ T.T.S ലേക്ക്‌ അപേക്ഷ അയച്ചു. അഡ്മിഷൻ കിട്ടി. ജി.എഫ്. എ യുടെ സഹായം കൂടാതെ പഠനം പൂർത്തിയാക്കാൻ ദൈവം സഹായിച്ചു. T.T.S ൽ കൂടെ പഠിച്ച മാത്യു വർഗീസ് ആണ് അമേരിക്കയിലേക്ക് വരാൻ സഹായിച്ചത്. അക്കാര്യം പിന്നീട് ഒരിക്കൽ പങ്കുവയ്ക്കാം. 

ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നതോടൊപ്പം എന്റെ ആദ്യത്തെ ലീഡറും ഉപരിപഠനത്തിനു പോകണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജോണി സാറിനും (Johny A George), ജോൺസൻ (Johnson George) സാറിനും സ്നേഹിതനായ ശാമുവേലിനും പാസ്റ്റർ മാത്യു വര്ഗീസിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

മരണനിഴലിന്റെ താഴ് വരയിൽ

കഴിഞ്ഞ ആഴ്ച M.Th എന്ന സ്വപ്ന സാക്ഷാത്ക്കാരത്തെപ്പറ്റി ആണല്ലോ എഴുതിയത്. 2002 ജൂൺ മാസം മൂന്നാം തീയതി തിങ്കളാഴ്ച ആയിരുന്നു ഇന്റർവ്യൂ. മെയ് 31-ന് ഞാൻ മധുരൈയ്ക്ക് ട്രെയിൻ കയറി. കാര്യമായി തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. കാരണം ഇന്റർവ്യൂനായി വായിക്കാൻ ആവശ്യപ്പെട്ട പുസ്തകം (Towards Understanding Indian Society); Tamilnadu Theological Seminary യിൽ നിന്നും എനിക്ക് അയച്ചു തന്നു എങ്കിലും തക്ക സമയത്ത് എനിക്ക് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല യാത്ര പുറപ്പെടുന്നതിന് ചില ദിവസങ്ങൾക്ക് മുൻപ്, ജി. എഫ്. എ യുടെ നല്ലൊസപ്പാറ (മഹാരാഷ്ട്ര) ട്രെയിനിങ് സെന്ററിലെ ഒരു വിദ്യാർത്ഥി മരിച്ചതിനെത്തുടർന് അവിടേക്ക് പോകേണ്ടതുണ്ടായിരുന്നു. പല തരത്തിലുള്ള തടസങ്ങൾ ഉണ്ടായെങ്കിലും ഞാൻ വിശ്വാസത്താൽ യാത്ര തിരിച്ചു. അന്ന് M.Th (Social Analysis) മൂന്ന് വർഷമാണ്. ചിലരെ അവർ രണ്ട് വർഷത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ട്. ഞാൻ ദൈവത്തോട് പറഞ്ഞു: 'രണ്ട് വർഷത്തെ പ്രോഗ്രാമിൽ എനിക്ക് പ്രവേശനം കിട്ടുകയാണെങ്കിൽ ഞാൻ ഇത്തവണ M.Th പഠിക്കും ഇല്ലെങ്കിൽ തിരിച്ചു മിഷൻ ഫീൽഡിലേക്കു പോകും.' ദൈവം എന്റെ ആഗ്രഹത്തെ മാനിച്ചു. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാമതെത്താൻ ദൈവം കൃപ ചെയ്തു. അങ്ങനെ രണ്ട് വർഷത്തെ പ്രോഗ്രാമിന് എനിക്ക് അഡ്മിഷൻ കിട്ടി. പ്രവേശനം കിട്ടിയ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം ഫീസ് എങ്ങനെ അടയ്ക്കും എന്നതിനെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലായിരുന്നു. മാത്രവുമല്ല മധുരയിലെ കൊതുകുകൾ പുതിയ ഒരു ഇരയെ കിട്ടിയ അവസരം നന്നായി വിനയോഗിക്കുകയും ചെയ്തു. 
പിറ്റേന്ന് വൈകിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. രാത്രി 10 മണി കഴിയുമ്പോളാണ് മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ. അതിന് പോകാം എന്ന് പലരും പറഞ്ഞെങ്കിലും ഇത്തിരി നേരത്തേ വീട്ടിൽ എത്താം എന്ന് കരുതി ബസിന് പോകാം എന്ന് തീർച്ചയാക്കി മധുരൈയിൽ നിന്നും ചെങ്കോട്ടയ്‌ക്കുള്ള ബസിൽ കയറി ചെങ്കോട്ടയിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കേരളത്തിലേക്ക് ഉള്ള ബസുകൾ എല്ലാം പോയെന്നും, ആകെയുള്ളത് അതുവഴി കടന്നുപോകുന്ന മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ ആണെന്നും. ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ എത്തുന്നത് രാവിലെ മൂന്ന് മണി കഴിയുമ്പോളാണ്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ലോക്കൽ ടിക്കറ്റ് എടുത്തിട്ട് റിസർവേഷൻ കംപാർട്മെന്റിൽ കയറി T.T.E യെക്കൊണ്ട് റിസർവേഷൻ എഴുതി വാങ്ങാം എന്ന് കരുതി ടിക്കറ്റും എടുത്തു. നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. വളരെ കുറച്ചു സമയം മാത്രമേ ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ നിർത്തുകയുള്ളു. സമയം കുറവായതിനാൽ ഞാൻ ഓടിച്ചെന്ന് റിസർവേഷൻ കംപാർട്മെന്റിൽ കയറാൻ ശ്രമിച്ചു. പക്ഷേ വാതിലുകൾ എല്ലാം അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണ്. യാത്രക്കാരോട് തുറക്കാൻ ആവശ്യപ്പെട്ടിട്ട് ആരും തുറക്കാതിരുന്നപ്പോൾ വാതിലിന്റെ വിടവിലൂടെ ഇടതു കൈ ഇട്ട് തുറക്കാൻ ഞാൻ ഒരു ശ്രമം നടത്തി. അപ്പോളേക്കും ട്രെയിൻ പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി. എന്നാൽ ജനറൽ കംപാർട്മെന്റിൽ കയറാം എന്ന് കരുതി കൈ എടുക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കൈയിൽ കെട്ടിയിരുന്ന വാച്ച്, ട്രെയിന്റെ വാതിലിന്റെ കമ്പിക്കിടയിൽ കുടുങ്ങിപോയി. അത് അഴിക്കാൻ ഒട്ട് നേരവുമില്ല. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ വളരെ വേഗം കടന്നു പോയി. കൈ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര നേരം ഇങ്ങനെ തൂങ്ങി കിടക്കാനാകും...? ചെങ്കോട്ട പുനലൂർ റൂട്ടാണ്. വളരെ ഇടുങ്ങിയ വഴിയാണ്. കുറെ കഴിയുമ്പോൾ എന്റെ കൈ കുഴയും. ഞാൻ എന്ത് ചെയ്യും...? ജീവിതം തീരാൻ പോവുകയാണ്... മരണം ഇതാ തൊട്ട് മുന്പിൽ... ഞാൻ ചെല്ലുന്നതും കാത്ത് അമ്മ വഴിക്കണ്ണുമായിട്ട് ഇരിക്കുകയാണ്. അമ്മയെ കാണാൻ ആഗ്രഹം തോന്നി. ദൈവമേ ഉപരി പഠനം അവിടുത്തേക്ക്‌ ഹിതം അല്ലായിരുന്നോ? ട്രെയിനിന് വേഗം കൂടുന്നതനുസരിച്ച് ഞാൻ ട്രെയിനിന്റെ ഒപ്പം നടക്കുകയാണ്. മരണ ദൂതന്റെ തണുത്ത കര സ്പർശനം... ദൈവമേ എന്ന് വിളിച്ചുകൊണ്ട് ഞാൻ വീണ്ടും ശക്തിയായി കൈ പുറത്തേക്ക് വലിച്ചു. വാച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും കൈ പുറത്തെടുക്കാനായി. അപ്പോളേക്കും പുറകിലത്തെ ജനറൽ കംപാർട്മെന്റ് എന്റെ അടുത്തെത്തി കഴിഞ്ഞു. ആളുകൾ ഇടിച്ചു കയറുകയാണ്. എന്റെ ശരീരം വിറയ്‌ക്കുകയാണ്. വലതു കൈയിൽ ബാഗ് ഉണ്ടങ്കിലും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ എങ്ങനെയോ കയറി പറ്റി. അല്ല ദൈവം എന്നെ കയറ്റുക ആയിരുന്നു. മരണ നിഴലിന്റെ താഴ്‌വരയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കരം പിടിക്കുന്ന സർവ ശക്തനായ ദൈവം.

ദൈവീക കരുതൽ

എം. റ്റി. എച്ചിന് പ്രവേശനം കിട്ടിയ കാര്യം മുൻപ് എഴുതിയിരുന്നല്ലോ? ഇന്ന്; എം.റ്റി. എച്ചിന് പഠിച്ചുകൊണ്ടിരുന്നപ്പോൾ ലഭിച്ച ഒരു ദൈവീക കരുതലിനെക്കുറിച്ചാകട്ടെ. രണ്ടാം വർഷ ക്‌ളാസ് ആരംഭിച്ച ഇടക്കാണിത് നടക്കുന്നത്. മുൻപ് ഒരിക്കൽ സൂചിപ്പിച്ചതുപോലെ കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനിടയിലാണ് ഒന്നാം വർഷ പഠനം പൂർത്തിയാക്കിയത്. രണ്ടാം വർഷ ക്ലാസ് ആരംഭിച്ചപ്പോൾ അടയ്‌ക്കാൻ ആവശ്യമായ ഫീസ് കൈയ്യിൽ ഉണ്ടായിരുന്നില്ല. സാമ്പത്തീക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞു 'ഫീസ് മുഴുവൻ അടയ്‌ക്കാൻ ഇല്ലാതിരുന്ന നിനക്ക് ഡോർമിറ്ററിയുടെ താക്കോൽ തന്നത് ഭയങ്കര മണ്ടത്തരം ആയിപ്പോയി. ഇത് കൂടി കേട്ടപ്പോൾ എന്റെ വിഷമം ഇരട്ടിച്ചു. ദൈവത്തോട് ഞാൻ പറഞ്ഞു 'അവിടുന്ന് പറഞ്ഞിട്ടാണ് ഞാൻ ഉപരി പഠനത്തിന് വന്നത്. എന്നിട്ടും എന്തേ ഇങ്ങനെ?' 

അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഹോസ്റ്റലിലെ ഇന്റർകോമിൽ ഒരു കാൾ വന്നു. അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്‌ക്കൽ റ്റി.റ്റി. എസ്സിലെ ഒരു അദ്ധ്യാപകന്റെ ഭാര്യ ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I) ഒരു ഡയോസിസിലെ ബിഷപ്പ് ക്യാൻഡിഡേറ്റ് ആയിരുന്നു അദ്ധ്യാപകൻ. T. T. S ലെ അദ്ധ്യാപകരെ അണ്ണൻ എന്നും അവരുടെ ഭാര്യമാരെ അക്കാ എന്നുമാണ് വിളിക്കുന്നത്. അക്കയുമായി ഞാൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അക്ക ഫോണിൽ ആവശ്യപ്പെട്ടത് ഷാജി എന്നൊരാളുമായി സംസാരിക്കണം എന്നാണ്. ഞാൻ പറഞ്ഞു ഷാജി എന്ന് പേരുള്ള ആരും ഈ ഹോസ്റ്റലിൽ ഇല്ല. അപ്പോൾ പറഞ്ഞു റൂം നമ്പർ 1 1 2-ൽ താമസിക്കുന്ന ആളാണ്. ആ റൂമിൽ താമസിക്കുന്നത് ഞാൻ ആണ്. അതുകൊണ്ട് ഞാൻ പറഞ്ഞു: '1 1 2-ൽ താമസിക്കുന്നത് ഞാൻ ആണ് സജി വർഗ്ഗീസ്.' അപ്പോൾ അക്ക പറഞ്ഞു 'സാജിയെ ഒന്ന് കാണാൻ പറ്റുമോ? വൈകിട്ട് ഞാൻ സഹോദരിമാരുടെ മീറ്റിങ്ങിന് ചാപ്പലിൽ വരുന്നുണ്ട് അവിടം വരെ ഒന്ന് വരാമോ? തീർച്ചയായും വരാം എന്ന് പറഞ്ഞു ഫോൺ വച്ചു. 

ഏകദേശം അഞ്ചു മണി ആയപ്പോൾ ഞാൻ ചാപ്പലിലേക്കു ചെന്നപ്പോൾ അക്ക ബുക്ക് സ്റ്റോറിന്റെ മുൻപിൽ എന്നെ കാത്തു നിൽക്കുക ആയിരുന്നു. അക്ക എന്റെ വിശേഷം ഒക്കെ ചോദിച്ചിട്ടു പഴയ ഒരു തമിഴ് മാസികയിൽ പൊതിഞ്ഞു എനിക്ക് ഒരു ഗിഫ്റ്റ് തന്നു. മക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്നും ഈ ഗിഫ്റ്റ് തന്ന കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. ഞാൻ റൂമിൽ എത്തി പൊതി തുറന്നു നോക്കിയപ്പോൾ എന്റെ ഫീസ് കുടിശിക തീർക്കാൻ ആവശ്യമായ കൃത്യം തുക അതിൽ ഉണ്ടായിരുന്നു. 

ദൈവീക കരുതലിന്റെ ഭാഗമായി ദൈവം ഉപയോഗിക്കുന്ന എല്ലാവർക്കായും ദൈവത്തിന് ഒരായിരം നന്ദി. 

P.S: T.T.S ൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെ വിവാഹം നടന്നത്. വിവാഹ ശേഷം ഞങ്ങൾ കുടുംബമായി ആറു മാസത്തോളം സെമിനാരി ക്യാമ്പസിൽ താമസിച്ചിരുന്നു. അക്കാലയളവിൽ അക്ക; ഗിരിജയേയും വേറേ ചില സഹോദരിമാരേയും കൂട്ടി മിക്ക ദിവസങ്ങളിലും പ്രാർത്ഥിക്കുമായിരുന്നു.

ഒരു പഞ്ചാബ് യാത്രയുടെ ഓർമ്മ.


2008 മാർച്ചിലെ ഒരു മിഷൻ ട്രിപ്പിൽ നടന്ന സംഭവം ആണ്. ആ യാത്രയിൽ ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആണ് സന്ദർശിച്ചത്. യാത്രയുടെ ഉദ്ദേശം സെമിനാരിയിൽ പഠിപ്പിച്ച വിദ്യാർത്ഥികളെ സന്ദർശിക്കുകയും അവരുടെ പ്രവർത്തനങ്ങളെ സഹായിക്കുകയും എന്നതായിരുന്നു. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന പാസ്റ്റർ റെജിയുടെ (Reji Thongayil George) അടുത്ത് ചില ദിവസങ്ങൾ താമസിച്ചിട്ട് അവിടെ നിന്നും അംബാലയിൽ ഉണ്ടായിരുന്ന പാസ്റ്റർ ബിജു സോളമന്റെ അരികിലേക്കാണ് പോയത്. ഇവർ രണ്ടു പേരും എന്റെ പഴയ സതീർഥ്യർ ആണ്. അവരോടൊത്തു താമസിച്ചതും ചില യോഗങ്ങളിൽ പ്രസംഗിച്ചതും അവിസ്മരണീയമാണ്.  

അംബാലയിൽ നിന്നും പോയത് ഹിമാചലിലെ സുന്ദർനഗറിലേക്കാണ്. അന്ന് അവിടെ പ്രവർത്തിച്ചിരുന്ന റെജി ജോർജിന്റെ കൂടെ ചിലദിവസങ്ങൾ പാർത്തനന്തരം പഞ്ചാബിലേക്കാണ് പോയത്. ആദ്യമായിട്ടാണ് പഞ്ചാബിൽ. നങ്കലിൽ പാസ്‌റ്റർ ആയിരിക്കുന്ന ക്രിസ്തുദാസിന്റെ (Christu Das) അടുത്തേക്കാണ് ആദ്യം പോയത്. അദ്ദേഹവും കൂടെ പഠിച്ചതാണ്. വളരെ നല്ല സ്ഥലം. ക്രിസ്തുദാസ് എന്നെ, ഭക്രാനങ്കൽ അണക്കെട്ടൊക്കെ കാണിക്കാൻ കൊണ്ടുപോയി. മൂന്നാം ക്ലാസ് മുതലുള്ള ഒരു ആഗ്രഹം ആയിരുന്നു അങ്ങനെ സഫലമായത്. അടുത്ത സ്ഥലം ഫരീദ്കോട്ട് ആണ്. അവിടെ എന്റെ വിദ്യാർത്ഥികളിൽ ഒരാൾ ആയ ചാക്കോ വർഗീസ് (Chacko Varghese) പുതിയ സഭ തുടങ്ങിയ സമയമാണ്. നങ്കലിൽ നിന്നും ബസിനാണ് ഫരീദ്‌കോട്ടേക്കു പോകേണ്ടത്. പാസ്റ്റർ ക്രിസ്തുദാസ്; തന്റെ ബൈക്കിൽ എന്നെ ബസ്റ്റേഷനിലേക്കു കൊണ്ടുപോകവേ ആ വഴി വന്ന ഒരു ബസിലേക്ക് എന്നെ കയറ്റി വിടുകയായിരുന്നു. ആ ബസ് റോപ്പർ എന്ന സ്ഥലത്തേക്കുള്ളതായിരുന്നു. റോപ്പറിൽ നിന്നും ലുധിയാനയ്‌ക്കും അവിടെ നിന്നും ഫരീദ്‌കോട്ടേക്കും ആയിരുന്നു പോകേണ്ടിയിരുന്നത്. റോപ്പറിന് ടിക്കറ്റ് എടുത്തപ്പോൾ 8 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. യാത്രാ ചെലവിന്റെ കണക്ക് ഓഫീസിൽ കൊടുക്കേണ്ടതിനാൽ ടിക്കറ്റ് ചാർജ്, ടിക്കറ്റിന്റെ പുറകിൽ എഴുതി വച്ചു. റോപ്പർ എത്താറായപ്പോൾ ഞാൻ ബാക്കി ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിക്കണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും ടിക്കറ്റ് എടുത്തു കൊടുത്തു. ടിക്കറ്റിന്റെ പുറകിൽ എന്തിനാണ് എഴുതിയത് എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ അതൊന്നും കേൾക്കാൻ അയാൾ തയ്യാറായില്ലന്നു മാത്രമല്ല ഞാൻ കള്ളനാണ് എന്ന് ബസിലെ യാത്രക്കാരോട് ഉച്ചത്തിൽ വിളിച്ചു പറയുകയും എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം എടുക്കുകയും ചെയ്തു. എനിക്ക് പറയാനുള്ളത് ഞാൻ ഹിന്ദിയിൽ പറഞ്ഞു പക്ഷെ അത് കേൾക്കാൻ അവർ ആരും തയ്യാറല്ലായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരും പഞ്ചാബി ഭാഷയിൽ എന്നെ ചീത്തവിളിക്കാനും അടിക്കാനും തുടങ്ങി. ഒരാൾ ബസിന്റെ മുൻഭാഗത്തു നിന്നും ഒരു വലിയ വാൾ എടുത്തുകൊണ്ടു വന്ന് എന്നെ വെട്ടി കൊല്ലണം എന്ന് പറഞ്ഞു. ഒരു സിഖ് ഗുരു അയാളുടെ കൈയിലെ കുട കൊണ്ട് എന്റെ കഴുത്തിൽ പിടിച്ചു വലിച്ചു. പ്രായമുള്ള മെലിഞ്ഞ അമ്മച്ചിമാർ ഒക്കെ എന്റെ നേരെ ആക്രോശിക്കുകയാണ്... മുഖം അടച്ചുള്ള ഒരു അടിയിൽ ചുണ്ടു മുറിഞ്ഞു രക്തം ഒഴുകാൻ തുടങ്ങി. അപ്പോഴേക്കും ബസ്, സ്റ്റാൻഡിൽ എത്തി. ബസിൽ ഉണ്ടായിരുന്ന അജാനബാഹുവായ ഒരു മനുഷ്യൻ എന്റെ പാന്റ്സിനും ബെൽറ്റിനും കൂടെ പിടിച്ചു ബസിൽ നിന്നും വലിച്ചിറക്കി. അപ്പോഴേക്കും എന്റെ ബാഗ് ഞാൻ കയ്യിൽ എടുത്തിരുന്നു. അയാൾ എന്നെ പൊക്കി എടുത്തു സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഒരു കസേരയിൽ കൊണ്ട് ഇട്ടു. എന്നിട്ടു അവിടെ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു കൂട്ടാൻ തുടങ്ങി. ഒരാഴ്ച മുൻപ്‌ ബീഹാറിൽ കള്ളൻ എന്ന് പറഞ് ഒരാളെ നാട്ടുകാർ തല്ലി കൊന്ന കാര്യം എന്റെ മനസിലൂടെ കടന്നു പോയി. ഇതെന്റെ അവസാനം ആണ് ഞാൻ തീർച്ചയാക്കി...ആളുകൾ ഓടി കൂടുകയാണ്. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്...മെലിഞ്ഞ ഒരാൾ ഓടി വന്നിട്ട് എന്നോട് പറഞ്ഞു സ്റ്റാൻഡിന്റെ പുറകിലൂടെ രക്ഷപെട്ട് കൊള്ളാൻ. ബാഗും എടുത്തുകൊണ്ടു ഞാൻ അയാൾ പറഞ്ഞ വഴിയിലൂടെ സ്റ്റാൻഡിന്റെ പുറകിലേക്ക് ഓടി രക്ഷപ്പെട്ടു. ആരായിരുന്നിരിക്കാം അത്? എന്തുകൊണ്ടാണ് രക്ഷപ്പെട്ടുകൊള്ളാൻ അയാൾ എന്നോട് പറഞ്ഞത്? ഉപദ്രവിക്കാൻ എത്തിയവരുടെ കൂടെ അയാൾക്കും കൂടാമായിരുന്നില്ലേ? അതോർക്കുമ്പോൾ ദൈവത്തിന് നന്ദി പറയും. 

എന്നെ രക്ഷിക്കാനായി ദൈവം ആ മനുഷ്യനെ അയച്ചില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ കുറിപ്പ് എഴുതാൻ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ കരുതലിനായി സ്തോത്രം. 

പാൻസിന്റെ പോക്കറ്റിൽ കിടന്ന പഴ്സിൽ ഉണ്ടായിരുന്ന പണം കൊണ്ടാണ് തുടർന്ന് യാത്ര ചെയ്യാൻ സാധിച്ചത്. കൈയ്യിൽ ഉണ്ടായിരുന്ന 500 രൂപയ്‌ക്കു ചില്ലറ വാങ്ങാൻ സ്റ്റാൻഡിന്റെ പുറകിലുള്ള ഒരു കടയിൽ കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം ഞാൻ കടക്കാരനോട് പറഞ്ഞപ്പോൾ അയാൾ പറയുകയാണ്. 'നിങ്ങൾ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത്? ഒരു പക്ഷെ ബാക്കി ചോദിച്ചത് കണ്ടക്ടർക്ക് ഇഷ്ടപ്പെട്ടുകാണില്ല. സാധാരണായായി ബാക്കി കൊടുക്കാനുള്ള ചെറിയ തുക എല്ലാം കൂടെ കൂട്ടി വയ്ക്കുമ്പോൾ ഒരു തുകയാകും. അത് കണ്ടക്ടർ എടുക്കും.' ശരി ആയിരിക്കാം. അദ്ദേഹത്തിന്റെ പണക്കൊതി കൊണ്ടായിരിക്കാം ഇത് സംഭവിച്ചത്.

ആ യാത്രയിൽ ഞാൻ ഉൾക്കൊണ്ട ഏറ്റവും വലിയ പാഠം. കൈയ്യിൽ ചില്ലറയുമായി യാത്ര ചെയ്യാൻ ശ്രമിക്കുക. ബസ് ഫെയർ കൃത്യമായി ചോദിച്ചു മനസിലാക്കിയതിനുശേഷം കൃത്യമായ തുക നൽകുക.

2017 മാർച്ച് 22, ബുധനാഴ്‌ച

ആവശ്യങ്ങൾ നന്നായി അറിയുന്ന ദൈവം

2009 ലാണ് ഞാൻ അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തുന്നത്.  രണ്ടര വർഷം കഴിഞ്ഞാണ് ഗിരിജയും രണ്ട് മക്കളും എത്തുന്നത്. അവർക്ക് വീസ (അത് മറ്റൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കൽ എഴുതാം) കിട്ടിയ രാത്രി എനിക്ക് ഉറക്കം വന്നില്ല. കാരണം വീസ കിട്ടിയതിലുള്ള സന്തോഷം കൊണ്ടായിരുന്നില്ല മറിച്ച് അവർ എത്തി കഴിയുമ്പോൾ എങ്ങനെ ജീവിക്കും, എവിടെ താമസിക്കും  എന്നതായിരുന്നു ആശങ്ക. കാലിഫോർണിയയിൽ ഭക്ഷണ സാധനങ്ങൾക്ക് വില വളരെ കുറവാണെങ്കിലും വാടക വീടുകളുടെ കാര്യം അങ്ങനെയല്ല. അന്ന് ഒറ്റ മുറി വീടിനുപോലും കുറഞ്ഞ വാടക 750-800 ഡോളർ കൊടുക്കണം. അപാർട്മെന്റ് എടുക്കുന്പോൾ ബാക്ക്ഗ്രൗണ്ട് ചെക്ക് അപ്പ് ഉണ്ട്. ക്രെഡിറ്റ് ഹിസ്റ്ററി മോശമാണെങ്കിലും, ജോലി ഇല്ലങ്കിലും കോ-സൈൻ ചെയ്യാൻ ആളുണ്ടാവണം. ചടങ്ങുകൾ നിരവധിയാണ്. ഇക്കാര്യം ഗിരിജയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു "വീസ കിട്ടി എന്നതുകൊണ്ട് അമേരിക്കയിൽ വന്നേ കഴിയൂ എന്നൊന്നും ഇല്ലല്ലോ. സമയം ആകുംമ്പോൾ ദൈവം കരുതിക്കോളും. മറ്റാരുടെയെങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ടാകണ്ട. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ദൈവം സഹായിക്കും".  അന്ന് ഒപ്പം ഉണ്ടായിരുന്ന സ്നേഹിതർ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രത്യേകിച്ച് എത്യോപ്പ്യക്കാരനായ ഒരു സഹോദരനും ഞാനും കൂടി ചില ദിവസങ്ങളിൽ അടുത്തുള്ള ഒരു പാർക്കിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. 

അങ്ങനെ ഇരിക്കെ ആരോ പറഞ്ഞു 'അടുത്തുള്ള പള്ളികളിൽ പോയി തിരക്കി നോക്ക് ഒരുപക്ഷെ ആരെങ്കിലും സുഖമില്ലാതെ കിടക്കുന്നുണ്ടങ്കിൽ അവരെ സൗജന്യമായി ശുശ്രൂഷിക്കുകയും പകരം വാടക കൊടുക്കാതെ അവിടെ പാർക്കുകയും ചെയ്യാമല്ലോ'. ചിന്തിച്ചപ്പോൾ ശരിയാണ്. ഉഗ്രൻ ആശയം. അങ്ങനെ ഞാൻ ചർച്ചുകളിൽ അന്വേഷിക്കാൻ ആരംഭിച്ചു. ഒരുദിവസം മധ്യാഹ്നത്തോടടുത്ത സമയം ഞാൻ അടുത്തുള്ള ഒരു പള്ളിയിലേക്ക് ചെന്നു. അവിടെ ഓഫീസിൽ കണ്ട ഒരു സഹോദരിയോട്‌ കാര്യം പറഞ്ഞു. അവർ എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും അകത്തുപോയി മറ്റൊരു ചെറുപ്പക്കാരനെ വിളിച്ചുകൊണ്ട് വരുകയും ചെയ്തു. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ. താൻ അസ്സോസിയേറ്റ് പാസ്റ്റർ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. സീനിയർ പാസ്റ്ററുമായി സംസാരിച്ചിട്ട് വരാം എന്ന് പറഞ്ഞു അയാൾ മറ്റൊരു മുറിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ താൻ തിരികെ വന്നിട്ട് എന്നോട് പറഞ്ഞു 'ഇവിടെ ഇങ്ങനെ ധാരാളം പേർ വരാറുണ്ട്. എല്ലാരേയും സഹായിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ദയവായി ക്ഷമിക്കുക. എന്നിട്ട് തന്റെ കീശയിൽ നിന്നും കുറെ പണം പുറത്തെടുത്ത് എന്റെ മുൻപിൽ വച്ച് എണ്ണിയിട്ട് എനിക്ക് നേരേ നീട്ടി. 'ഇത് 75 ഡോളർ ഉണ്ട്. തൽക്കാലം ഇതിരിക്കട്ടെ.'. ഞാൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'എന്റെ ആവശ്യങ്ങൾ അനവധിയാണ് എന്നാൽ നിങ്ങളുടെ പണം നിങ്ങളുടെ കൈയിൽ ഇരിക്കട്ടെ. എനിക്കിത് ആവശ്യം ഇല്ല. ഞാൻ വന്നത് ഒരു വീട് അന്വേഷിച്ചാണ്. നിങ്ങളുടെ വിശാല ഹൃദയത്തിന് നന്ദി.' ആ ദേവാലയത്തിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസീക അവസ്ഥയിലായി ഞാൻ. അപമാന ഭാരമായിരുന്നുവോ? അതോ വിഷമം ആയിരുന്നുവോ? അതോ ഇതിന്റെ എല്ലാം കൂടെ സമ്മിശ്രമായ ഒരു അനുഭവം ആയിരുന്നുവോ???? അറിയില്ല..

പുറത്തിറങ്ങിയപ്പോൾ ദേവാലയത്തിന്റെ കോണിൽ അലംകൃതമായ പുൽക്കൂട്. ഉണ്ണിയേശു പുഞ്ചിരി തൂകി കിടക്കുന്നു. ജോസഫ്, മേരി, ഇടയന്മാർ എല്ലാവരും നിറഞ്ഞ സന്തോഷത്തിലാണ്...ഏതോ കലാകാരൻ വളരെ മനോഹരമായി എല്ലാവരുടേയും മുഖത്ത് വികാരങ്ങൾ വാരി നിറച്ചിരിക്കുന്നു. ക്രിസ്തുമസ് വരവായിരിക്കുന്നു. വീണ്ടും ഞാൻ ജോസെഫിന്റെ മുഖത്തേക്ക് നോക്കി. ചില മണിക്കൂറുകൾക്ക് മുൻപ് പ്രസവ വേദന കൊണ്ട് പുളഞ്ഞ ഭാര്യയേയും കൊണ്ട് ഒരു രാപാർക്കാൻ ഇടം തേടി അലഞ്ഞതിന്റെ ദൈനത ആ മുഖത്തുണ്ടോ? ഇല്ല എനിക്കൊന്നും കാണാൻ കഴിയുന്നില്ല. നിറ കണ്ണുകൾക്കപ്പുറത്ത് കാഴ്ചകൾ അവ്യക്തമാണ്...

പടികൾ പിന്നിട്ട് ഞാൻ നിരത്തിലേക്കിറങ്ങി. വെയിലിന് ചൂടുണ്ടങ്കിലും ചെറിയ തണുത്ത കാറ്റുമുണ്ട്. കാലിഫോർണിയയിലെ കാറ്റിന് എപ്പോഴും ഒരു കരോൾ ഗാനത്തിന്റെ താളമാണ്. പക്ഷേ എനിക്കത് ആസ്വദിക്കാനാകുന്നില്ല. ഞാൻ ഗിരിജയെക്കുറിച്ചോർത്തു. എന്റെ മക്കളെ ഓർത്തു. ഒരു ഇടം തേടി അലഞ്ഞ ജോസഫിനെ ഓർത്തു. പ്രപഞ്ച ഗോളങ്ങളെ എല്ലാം സൃഷ്ടിച്ച യേശു തന്പുരാന് തല ചായ്‌ക്കാൻ ഇടം കിട്ടിയില്ലല്ലോ എന്നോർത്തു. ഞാൻ പതിയെ യേശുവിനോടു പറഞ്ഞു. 'മറ്റാരുടെ എങ്കിലും കൂടെ താമസിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് ആകാൻ വയ്യ. സ്വാതന്ത്ര്യത്തോടെ താമസിക്കാൻ ഞങ്ങൾക്ക് ഒരിടം വേണം' ഉടനെ എന്റെ കാതുകളിൽ ഒരു മുഴക്കം. "നീ എന്നെ ഉപദേശിക്കേണ്ട". ഞാൻ ചുറ്റും നോക്കി ആരാണ് ആ പറഞ്ഞത്? ഇല്ല... നിരത്തിൽ ഞാൻ ഒഴികെ മറ്റാരുമില്ല. പക്ഷെ ആ ശബ്ദം കാതുകളിൽ മുഴങ്ങുകയാണ്...എനിക്ക് ആശ്വാസമായി. ദൈവം എനിക്കായി കരുതുവാൻ പോകുന്നു. ഇപ്പോൾ എനിക്ക് കാറ്റിന്റെ സംഗീതം തിരിച്ചറിയാൻ കഴിയുന്നുണ്ട്...നിറഞ്ഞ ശാന്തതയോടെ ഞാൻ ഹോസ്റ്റലിലേക്ക് പോയി.

പിറ്റേന്ന് പാസ്റ്റർ മാത്യു ജെയിംസ് എന്നോട് പറഞ്ഞു, താൻ ഫിലദൽഫിയക്ക് പോവുകയാണ് താൽപ്പര്യം ആണെങ്കിൽ അദ്ദേഹം താമസിച്ചിരുന്ന അപ്പാർട്മെന്റിൽ താമസിക്കാം എന്ന്. ചുരുങ്ങിയ ചില ദിവസങ്ങൾക്കുള്ളിൽ പാസ്റ്റർ മാത്യു വീട് ഒഴിഞ്ഞു. ഇന്റർനെറ്റ് കണക്ഷൻ, വീട്ടുസാമാനങ്ങൾ എല്ലാം ആ അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല അഡ്വാൻസ് കൊടുക്കേണ്ടിയും വന്നില്ല. 19 മാസം ഞങ്ങൾ അവിടെ താമസിച്ചു. ദൈവീക കരുതൽ എത്ര ശ്രേഷ്ഠമാണ്.

2017 മാർച്ച് 17, വെള്ളിയാഴ്‌ച

പുരാതനനായ ദൈവം


കാലിഫോർണിയയിലെ എന്റെ പഠനത്തിന് ശേഷം ഇന്ത്യയ്‌ക്ക്‌ മടങ്ങിപ്പോകാൻ ഞങ്ങൾ തയ്യാറെടുത്തു. ഇളയ കുഞ്ഞിന് പാസ്പോർട്ട് എടുത്തു. മറ്റു ചില ക്രമീകരണങ്ങൾ നടത്തിവരുമ്പോളാണ് അമേരിക്കയിൽ ഒരു സഭ തുടങ്ങാനുള്ള ദൈവീക നിയോഗം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക്‌ മടങ്ങി പോകണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം ആദ്യം ഈ ഉൾവിളി ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ ചില സ്നേഹിതരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങൾ സഭാസംസ്ഥാപനത്തിന് പറ്റിയ ഇടം ആണ് എന്ന് അവർ അഭിപ്രായപ്പെട്ടു. പാസ്റ്റർ സന്തോഷ് തര്യൻ അദ്ധേഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. പാസ്റ്റർ റോയ് ബേബി സ്റ്റാറ്റൻ ഐലന്റിലേക്കു ചെല്ലാൻ പറഞ്ഞു. പാസ്റ്റർ മാത്യു ജെയിംസ് ജേഴ്‌സിസിറ്റി നല്ല സാധ്യത ഉള്ള സ്ഥലം ആണന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രാജ്യത്തിൻറെ കിഴക്കൻ തീരത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അതിന് ഞങ്ങൾക്ക് അത്യാവശ്യമായിരുന്നത് അൽപ്പം വലിപ്പമുള്ള ഒരു വാഹനം ആയിരുന്നു. കൈവശം ഉണ്ടായിരുന്നത് 99 മോഡൽ നിസ്സാൻ അൾട്ടിമാ കാർ. അത് അത് വിറ്റാൽ നല്ല ഒരു വാഹനം വാങ്ങാനുള്ള പണം കിട്ടുകയുമില്ല. ആ കാർ വാങ്ങാൻ സഹായിച്ച, ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സാംകുട്ടിച്ചായനുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ അദ്ദേഹം സാന്റിയാഗോയിൽ ഉള്ള ഒരാളുടെ വണ്ടി കൊടുക്കാനുണ്ടന്ന് പറഞ്ഞു എനിക്ക് അയാളുടെ നമ്പർ തന്നു. ഞാൻ വിളിക്കുകയും ചെയ്തു പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല. ഏതാണ്ട് രണ്ട് ആഴ്ച്ചയോളം ഞാൻ വാഹനത്തിനായി അന്വേഷിച്ചു നടന്നു. എന്നും രാവിലെ വീട്ടിൽ നിന്നും ഇറങ്ങും വാഹനം വിൽക്കുന്ന ഏജന്റുമാരെ കാണും, വില ഒത്തു വരാത്തതിനാൽ ഉച്ചതിരിഞ്ഞു മടങ്ങി വരും...


അങ്ങനെയാണ് ഞാൻ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റോസ്സ് നിസ്സാനിൽ എത്തുന്നത്. ധാരാളം വണ്ടികൾ ഇങ്ങനെ കിടക്കുകയാണ്. അവ കാണിക്കാനായി ജോലിക്കാരിൽ ഒരാൾ എന്നെ വിളിച്ചുകൊണ്ടുപോയി. ഏത് തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ഞാൻ ഒരെണ്ണം തെരഞ്ഞെടുത്തു. 23500 ഡോളർ ആണ് വില. ലോൺ ശരിയാക്കി തരാൻ ഡീലർഷിപ്പ് തയ്യാർ ആണ് പക്ഷെ. കോ- സൈൻ ചെയ്യാൻ ആളുണ്ടാവണം. നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവണം. ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ നല്ല ഒരു തുക വേണം. ജോലി ഉണ്ടാവണം. എനിക്കിതൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു ഈസ്റ്റ് കോസ്റ്റിലേക്ക് ഒരു ബെറ്റർ ജോബിനായി(Church Planting) പോവുകയാണ്. എനിക്ക് അതിനായി ഒരു വാൻ വേണം. അവർ പല ക്രെഡിറ്റ് കമ്പനികളുമായി സംസാരിച്ചു. ആരും കടം തരാൻ മുന്പോട്ടു വന്നില്ല. പക്ഷേ അവർ ശ്രമം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഞാൻ വീട്ടിൽ പോയി ഭക്ഷണം കഴിച്ച്‌ മടങ്ങി വന്നു. ഒടുവിൽ ഒരു കമ്പനി ചുരുങ്ങിയ പലിശയ്‌ക്ക്‌ ലോൺ തരാം എന്ന് സമ്മതിച്ചു. എന്നാൽ അവർ പറഞ്ഞ അത്രയും ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ എന്റെ കൈയിൽ പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ രണ്ടായിരം ഡോളറിന്റെ പോസ്റ്റ് ഡേറ്റ് ഇട്ട ഒരു ചെക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ അതിനു സമ്മതിക്കുകയും രാത്രി 12 മണിയോടെ വണ്ടിയുടെ താക്കോൽ എനിയ്‌ക്ക്‌ കിട്ടുകയും ചെയ്തു. ദൈവീക പ്രവർത്തിക്കു കോ-സൈൻ ചെയ്യാൻ ആൾ വേണമെന്നില്ല, ജോലി വേണം എന്നില്ല, നല്ല ക്രെഡിറ്റ് ഹിസ്റ്ററി വേണം എന്നില്ല... നമ്മുടെ ദൈവം പുരാതനായ ദൈവമാണ് അവിടുത്തെ പ്രവർത്തിക്ക് ഇവയൊന്നും ആവശ്യവും ഇല്ല. 
വണ്ടി കിട്ടി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര തിരിച്ചു. അരിസോണയിൽ എത്തിയപ്പോൾ റോസ്സ് നിസ്സാനിൽ നിന്നും എന്റെ സ്റ്റാറ്റസ് ഏതാണ് എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഒരു കാൾ വന്നു. F-1 ആണെന്ന് ഞാൻ പറഞ്ഞു. അത് student status ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സ്റ്റാറ്റസിന്റെ ഒരു പകർപ്പ് അവർക്കു ഫാക്സ് ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് അയച്ചുകൊടുക്കുകയും ചെയ്തു. മൂന്നര വർഷങ്ങൾ പിന്നിടുമ്പോഴും ആ ദൈവീക കരുതലിന്റെ ആശ്ചര്യം വിട്ടുമാറിയിട്ടില്ല. 



P.S: നേരായ മാർഗ്ഗത്തിലൂടെ അല്ലാതെ പണം ഉണ്ടാക്കി പുതിയ വണ്ടി ഒക്കെ വാങ്ങിച്ചുകൊണ്ടാണ് ഞങ്ങൾ കാലിഫോർണിയായിൽ നിന്നും പോയത് എന്ന്, എന്നെ നന്നായി അറിയാത്ത ചിലർ പറഞ്ഞതായി പിന്നീട് അറിയാൻ കഴിഞ്ഞു. നമ്മെ നന്നായി അറിയുന്ന ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.