2017 ഡിസംബർ 7, വ്യാഴാഴ്‌ച

ഓർമ്മയുടെ ഊടുവഴിയിലൂടെ-1

ഓർമ്മയുടെ ഊടുവഴിയിലൂടെ...
-----------------------------
2000 ജൂൺ മാസത്തിലാണ് ഞാൻ ഗുജറാത്ത് ജി. എഫ്. എ യിൽ സുവിശേഷ പ്രവർത്തനത്തിനായി ചെല്ലുന്നത്. ആദ്യത്തെ ചില മാസങ്ങൾ സുനാവ് എന്ന ഗ്രാമത്തിലുള്ള ട്രെയിനിന് സെന്ററിൽ ആയിരുന്നു. ഇക്കാര്യം നേരത്തേ ഒരിക്കൽ എഴുതിയിരുന്നു. ആ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ജോണി സാറിന്റെ ഒപ്പം നളിയ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയിൽ Mandvi എന്ന സ്ഥലത്തും ഞങ്ങൾ പോയിരുന്നു. ഗുജറാത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള കച്ച് ജില്ലയിലാണ് ഈ സ്ഥലങ്ങൾ. ഇന്ത്യലെ ഏറ്റവും വലിയ ജില്ലയാണ് കച്ച് ജില്ല. കച്ചി, സിന്ധി, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന കച്ചികളിൽ അർദ്ധ ദേശാന്തരികളേയും നമുക്ക് കാണാൻ കഴിയും.
അന്ന്, ജി. എഫ്. എ യോട് ചേർന്ന് അവിടെ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത് കിരിട്ട് പർമാർ, മനോജ് വസാവ എന്നീ ചെറുപ്പക്കാർ ആയിരുന്നു. നളിയായിൽ അവർ താമസിച്ചിരുന്നത് ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തിട്ടായിരുന്നു. അത് അവരുടെ കിടപ്പുമുറിയും അടുക്കളയും, കുളിപ്പുരയും ഒക്കെ ആയിരുന്നു. വളരെ ത്യാഗോജ്വലമായി അവർ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് അതുപോലെ ഒരു സ്ഥലത്ത് ദൈവത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉണ്ടായി ഇക്കാര്യം ഞാൻ ജോണി സാറിനോടും അന്നത്തെ മിഷൻ ഡയറക്ടർ ആയിരുന്ന എബി സാറിനോടും പറഞ്ഞു. എന്നാൽ അതിനേക്കാൾ നല്ലതും ഫലവത്തും ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നത് ആണ് എന്നവർ പറഞ്ഞു. കാരണം ഒരു സ്ഥലത്ത് ഒരു സഭ ഉണ്ടാകാൻ കുറഞ്ഞത് ഒരു 15 വർഷം എങ്കിലും എടുക്കും എന്നാൽ ട്രെയിനിങ് സെന്ററിൽ പഠിപ്പിച്ചാൽ കൂടുതൽ ആളുകളെ സഭാ സംസ്ഥാപനത്തിന് ഒരുക്കാം എന്ന യുക്തിയാണ്.
നളിയായിൽ ഞാൻ രാത്രി ഉറങ്ങിയത് മനോജ് താമസിച്ചിരുന്ന ഒറ്റ മുറിയിൽ ആയിരുന്നു. ജോണി സാർ വീടിന്റെ പുറത്തു ഒരു ചെറിയ കട്ടിലിലും. സാർ എന്നും അങ്ങനെ ആയിരുന്നു സുവിശേഷത്തിനുവേണ്ടി ഏതറ്റം വരേയും പോകും. ഞങ്ങൾ തിരികെ പോരുന്ന ദിവസം അവിടെ ഉണ്ടായിരുന്ന വിമൽ എന്ന ഒരു ചെറുപ്പക്കാരന്റെ വീടും ഞങ്ങൾ അന്ന് സന്ദർശിച്ചത് ഓർക്കുന്നു. അവരും വളരെ കാര്യമായി ഞങ്ങളെ സ്വീകരിച്ചു. ( വർഷങ്ങൾക്ക് ശേഷം ഉദയപ്പൂരിൽ ഉള്ള ഒരു സെമിനാരിയിൽ പഠിപ്പിച്ചപ്പോൾ വിമൽ എന്റെ വിദ്യാർത്ഥി ആയിരുന്നു) ഗുജറാത്തിന്റെ തനത് വിഭവമായ കിച്ചടിയും കടിയും ഒക്കെ ആയിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. 
മടക്കവഴി നളിയായിൽ നിന്നും ബസ് മാർഗ്ഗം ഗാന്ധിധാമിൽ വന്നു. അന്ന് ഗാന്ധിധാമിൽ എന്റെ ഒരു സ്നേഹിതന്റെ സഹോദരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ചില മണിക്കൂറുകൾ ചിലവഴിച്ചിട്ടാണ് ഞങ്ങൾ മടങ്ങിപ്പോയത്. ആ സഹോദരന്റെ ബന്ധുക്കളിൽ ഒരാളിന്റെ വീട്ടിൽ ഞങ്ങൾക്ക് വളരെ രുചികരമായ ഉച്ച ഭക്ഷണം തയ്യാർ ചെയ്തിട്ടുണ്ടായിരുന്നു. മുറ്റത്ത് മൂസംബിയും, മാതള നാരകവും ഒക്കെ സമൃദ്ധമായി വിളഞ്ഞു കിടന്നിരുന്ന വളരെ മനോഹരമായ ഒരു വീടായിരുന്നു അത്. വീട്ടുടയവൻ, വീടിന്റെ ഓരോ മുറികളിലേക്കും, മട്ടുപ്പാവിലേക്കും ഒക്കെ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. 'എല്ലാം ഞാൻ അദ്വാനിച്ചു ഉണ്ടാക്കിയതാണ്' എന്ന് പറഞ്ഞു. മലയാളികളിൽ മിക്കപേർക്കും അന്ന് കണ്ടല തുറമുഖത്തു ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ജീവിത നിലവാരവും വളരെ ഉയർന്നതായിരുന്നു. ഞങ്ങളുടെ ആതിഥേയനായ ഈ വീട്ടുടയവനും തുറമുഖത്തെ ജോലിക്കാരൻ ആയിരുന്നു. ഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ചിട്ടാണ് ഞങ്ങൾ മടങ്ങിയത്. അവരോട് വിട പറയുമ്പോൾ ഇനി ഒരിക്കലും അവിടേക്ക് ചെല്ലും എന്ന് കരുതിയില്ല എന്നാൽ ഒരിക്കൽ കൂടെ ഞാൻ അവിടേക്ക് പോയി. അത് അപ്രതീക്ഷിതമായി പോകേണ്ടി വന്നതാണ്. അക്കാര്യം പിന്നീട് എഴുതാം (തുടരും...)

ഓർമ്മയുടെ ഊടുവഴിയിലൂടെ -2

ശവം എന്ന സ്വത്വം...
---------------------
കഴിഞ്ഞ ദിവസം കച്ചിൽ പോയ കാര്യം എഴുതിയിരുന്നുവല്ലോ? ഓരോ യാത്രകളും അവസാനത്തേത് ആണ് എന്ന് കരുതിയാണ് മടങ്ങുക. പക്ഷേ ചില മാസങ്ങൾ കഴിഞ്ഞപ്പോളാണ് ഇന്ത്യയെ നടുക്കിയ മഹാ ഭൂകമ്പം ഗുജറാത്തിലെ കച്ചിൽ ഉണ്ടാകുന്നത്.
അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. ജനുവരി 26; ഇന്ത്യയുടെ 51 -ആം റിപ്പബ്ലിക് ദിനം. രാവിലെ 8.46 നായിരുന്നു ആദ്യ പ്രകമ്പനം ഉണ്ടാകുന്നത്. ഞാൻ വില്യം എന്ന ഒരു സഹോദരനുമായി എന്റെ മുറിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ ചിലർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലും മറ്റു ചിലർ ക്ളാസിനുപോകാൻ തയ്യാറെടുക്കുകയും ആയിരുന്നു. ഭൂമി കുലുങ്ങാൻ തുടങ്ങിയപ്പോൾ അവർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. ഭൂമി കുലുങ്ങുക ആയിരുന്നില്ല ആടുകയായിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ മുകളിലുള്ള ജലസംഭരണി തുളുമ്പി വെള്ളം താഴേക്ക് ഒഴുകി. മുറ്റത്തുണ്ടായിരുന്ന മീൻകുളത്തിൽ നിന്നും വെള്ളം കൈവരി കടന്നു പുറത്തേക്ക് തെറിച്ചു. ആകെ ഭയാനകമായ അന്തരീക്ഷം. വിദ്യാർത്ഥികൾ മുറ്റത്ത് നിന്നുകൊണ്ട് വിളിക്കുകയാണ്. 'സാറേ വേഗം വാ അല്ലേൽ വീട് മണ്ടക്ക് വീഴും'. ഞാൻ ഓടാൻ നോക്കി കഴിയുന്നില്ല. ഭൂമി വള്ളം പോലെ ആടുകയാണ്. എങ്ങനെയോ ഞാൻ അവരുടെ അടുത്ത് എത്തി. അവർ കൂട്ടമായി പ്രാർത്ഥിക്കുകയാണ്. വില്യം കൈയ്യിൽ ഒരു കത്തിയുമായാണ് പ്രാർത്ഥിക്കുന്നത്. ഒരു പക്ഷേ മറിഞ്ഞു താഴെ വീഴുകയാണെങ്കിൽ കത്തി ദേഹത്ത് കയറേണ്ട എന്ന് കരുതി ഞാൻ അത് വാങ്ങി താഴെ ഇട്ടു. എല്ലാവരും ചേർന്ന് ദൈവത്തോട് നിലവിളിക്കുകയാണ്. അൽപ്പ നേരം കഴിഞ്ഞപ്പോൾ ഭൂമിയുടെ കുലുക്കം നിലച്ചു. എങ്കിലും അടുത്തുള്ള ഗ്രാമത്തിൽ നിന്നും വലിയ നിലവിളി കേൾക്കാമായിരുന്നു. 
ഞങ്ങൾ സുരക്ഷിതർ ആയിരുന്നു എങ്കിലും എവിടെയോ സാരമായ പ്രശ്നങ്ങൾ ഉണ്ടായെന്ന് എല്ലാവർക്കും തോന്നി.
ഭൂകമ്പം നിലച്ചു അൽപ്പസമയം കഴിഞ്ഞപ്പോൾ ജോണി സാറും സാമുവേൽ മാത്യുവും ക്യാമ്പസ്സിൽ വന്നു. എല്ലാവരും ഭയചകിതരായി ഇരിക്കുമ്പോളാണ് Petlad എന്ന സ്ഥലത്തുള്ള ഒരു കത്തോലിക്ക പള്ളിയിലെ (മറിയംപുര) മറിയയുടെ വിഗ്രഹം കരയുന്നു എന്ന കിംവദന്തി പരക്കുന്നത്. ജോണി സാർ പറഞ്ഞു നമുക്കൊന്ന് പോയി നോക്കാം. ഞങ്ങൾ രണ്ടാളും കൂടെ നേരേ അവിടേക്ക് വെച്ചുപിടിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ഏകദേശം പത്തഞ്ഞൂറ് ആളുകൾ അവിടെ കൂടിയിട്ടുണ്ട്. അവർക്കിടയിലൂടെ ഞങ്ങൾ വിഗ്രഹത്തിന്റെ അടുത്തെത്തി. എല്ലാരും പറയുകയാണ് 'കണ്ടോ കണ്ടോ മറിയ കരയുകയാണ്'. ഞങ്ങൾ എത്ര സൂക്ഷിച്ച് നോക്കിയിട്ടും ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും ഞങ്ങൾ തിരികെ പോയി. ആ ദിവസം അങ്ങനെ കഴിഞ്ഞു. 
പിറ്റേന്ന് ശനിയാഴ്ച ആണ്. അന്ന് ഓഫീസ് ഉച്ചവരെയേ ഒള്ളൂ. രാവിലെ ജോണിസാർ ഓഫീസിൽ വന്നപ്പോൾ പറഞ്ഞു നമുക്ക് അഹമ്മദാബാദിൽ വരെ പോകാം. അന്ന് ബക്കൂൾ ഭായി എന്ന് വിളിക്കുന്ന ഐ. ജി. ക്രിസ്ത്യൻ അഹമ്മദാബാദിൽ നിന്നുമാണ് ഓഫീസിൽ വന്നിരുന്നത്. അവിടെ ധാരാളം പേർ മരിക്കുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി എന്നും അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ അഹമ്മദാബാദിൽ ചെന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ... അവയ്ക്കടിയിൽ ജീവനുള്ളവരും മരിച്ചവരുമായി നിരവധി ആളുകൾ. എവിടെയും R.S.S കാർ കാക്കി നിക്കറും ഇട്ട് വടിയുമായി നടക്കുകയാണ്. ദൂരെ നിന്ന് ഞങ്ങൾ അതൊക്കെ കണ്ടു. എന്നിട്ട് ബക്കൂൾ ഭായിയുടെ ഭാര്യ നേഴ്സ് ആയിട്ട് ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോയി. ആളുകൾ പരക്കം പായുകയാണ്. ഉറ്റവരും ഉടയവരും ഒക്കെ നഷ്ടപ്പെട്ടവർ. ഞങ്ങളുടെ കൂടെ മനോജ് വസാവയും , സി ഐ തോമസ് എന്ന ഒരു പാസ്റ്ററും, ബക്കൂൾ ഭായിയും ഉണ്ട്. ഞാനും മനോജ് ഉം അൽപ്പം പിന്നിലായി നടക്കുകയായിരുന്നു. മുൻപിൽ പോകുന്നവർ മോർച്ചറിയിലേക്ക് ആണ് എന്ന് അറിയാതെയാണ് ഞങ്ങൾ അവർക്കു പിന്നാലെ പോയത്. മോർച്ചറിയുടെ കവാടത്തിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്നവർ രണ്ടുപേർ പിന്നോക്കം മാറി. ജോണി സാറും ഞാനും മനോജ് ഉം അകത്ത് കയറി. ശീതീകരിച്ച മുറിയാണ്. ഫ്രീസറിന്റെ നേരിയ മുരൾച്ച ഒഴിച്ചാൽ മുറി ശാന്തമാണ്. മാസ്ക് കൊണ്ട് വായും മൂക്കും മറച്ച ഒരാൾ മുറിയുടെ കോണിൽ ഇട്ടിരുന്ന മേശക്കരികിൽ ഇരിപ്പുണ്ട്. ശവങ്ങൾ ആണ് മുറി നിറയെ. പോസ്റ്റുമോർട്ടത്തിനായി വയർ പിളർന്നവയാണ് മിക്കവയും. കാൽ വിരലുകൾക്കിടയിൽ മടക്കി വച്ച തുണ്ടുകടലാസിൽ സ്വത്വം ഉൾക്കൊണ്ടുകൊണ്ട് കിടക്കുകയാണ് ശവങ്ങൾ. ഇന്നലെ വരെ അവർ ആരൊക്കെ ആയിരുന്നു? പണക്കാർ ആയിരുന്നിരിക്കാം, പാവപ്പെട്ടവർ ആയിരുന്നിരിക്കാം. ഹിന്ദുവോ മുസ്ലിമോ, ക്രിസ്‌ത്യാനിയോ ആയിരുന്നിരിക്കാം...ഇന്ന് അവരുടെ ആളത്വം കേവലം ഒരു തൂണ്ട് കടലാസിൽ കാലിലെ പെരുവിരലിനും രണ്ടാമത്തെ വിരലിനും ഇടയിൽ...ഇവിടെ കിടക്കുന്നവർക്ക് എല്ലാവർക്കും പൊതുവായ ഒരു സ്വതമാണ്...ശവം എന്ന സ്വത്വം... 
ജോണി സാർ അവിടെ ഇരുന്ന ആളിനോട് ചോദിച്ചു; 'രണ്ട് ഫോട്ടോ എടുത്തോട്ടെ?' അയാൾ സമ്മതം മൂളി. ഒരു ശവത്തിന്റെ തലഭാഗം ഒരു തുണി കൊണ്ട് മറച്ചിരിക്കുക ആയിരുന്നു. അത് മാറ്റേണ്ട എന്നയാൾ പറഞ്ഞു. കാരണം ഭയന്നു പോകുമത്രേ. ജോണി സാർ പടം എടുക്കുകയാണ്...അപ്പോൾ മേശപ്പുറത്തിരുന്ന പഴയ ഫോൺ ശബ്‌ദിച്ചു. കിർർർ...കിർർർ... ശബ്ദം വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. കാലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക്...ഇറങ്ങി ഓടാൻ പറ്റില്ല. മോശമല്ലേ...പേടിയാണന്നാളുകൾ പറയില്ലേ? പടം ഒക്കെ എടുത്തു പുറത്തിറങ്ങി അന്ന് തന്നെ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് ഞാറായ്ച്ച ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരു യാത്ര തുടങ്ങിയ ദിവസം. അത് പിന്നീട് എഴുതാം...(തുടരും...)

2017 ഏപ്രിൽ 8, ശനിയാഴ്‌ച

ചില വാതിലുകൾ അടയ്‌ക്കുന്ന ദൈവം

ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്; അവിടുന്ന് വാതിലുകൾ തുറക്കുന്നവനാണ് എന്നാണ്. എന്നാൽ ചിലപ്പോഴൊക്കെ ദൈവം ചില വാതിലുകൾ നമ്മുടെ മുൻപിൽ കൊട്ടി അടയ്‌ക്കാറുണ്ട്. എന്റെ മുന്പിൽ ദൈവം അടച്ച ഒരു വാതിലിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്.


സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒരു ഡോക്ടറേറ്റ് എടുക്കുക എന്നത് എന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അക്കാര്യം ദൈവത്തോട് പറയുകയും സ്ഥിരമായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ 2009-ൽ മധുരൈയിലെ T.T.S-ൽ അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്തു. ആ വർഷം ഡോക്ടറൽ വിദ്ധ്യാർത്ഥികൾക്കുള്ള മെഥഡോളജിയുടെ ക്ലാസ് ബാംഗ്ളൂർ യുണൈറ്റഡ് തിയളോജിക്കൽ കോളേജിൽ (U.T.C) ആയിരുന്നു. രണ്ട് ആഴ്ച്ചത്തെ ക്ലാസ്സിന് പതിനായിരം രൂപ ആയിരുന്നു അന്നത്തെ ഫീസ്. ആ ഫീസ് അടച്ച് ക്ലാസ്സിന് സംബന്ധിച്ചു. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും സ്റ്റഡി ലീവിനുള്ള കാര്യങ്ങൾ ക്രമീകരിച്ചു. അന്ന് T.T.S-ൽ ഡോക്ടറൽ വിദ്ധ്യാർത്ഥികളിൽ നിന്നും 135000/- രൂപയാണ് പ്രതിവർഷം ഫീസ് ഇനത്തിൽ ഈടാക്കിയിരുന്നത്. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും ശന്പളം തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് ഫീസ് അടയ്‌ക്കാൻ തികയുമായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്ന പണം ഒക്കെ മെഥഡോളജി ക്ലാസ് കഴിഞ്ഞപ്പോഴേക്കും തീർന്നായിരുന്നു. ജൂൺ 13 ശനിയാഴ്ച്ച 5 മണിക്കാണ് ഓപ്പണിങ് സർവീസ്. ജൂൺ ആദ്യ വാരത്തിലും പണം ഒന്നും ശരിയായില്ല. അപ്പോഴാണ് T.T.S-ൽ പഠിച്ചുകൊണ്ടിരുന്ന D. Mathews(Mathews Daniel) സാർ എന്നോട് പറയുന്നത് 'സജി സാറേ പ്രിൻസിപ്പലിനെ ഒന്ന് കണ്ട് നോക്ക് ഒരു പക്ഷേ ഫീസിന്റെ കാര്യത്തിൽ എന്തെങ്കിലും ഇളവ് ചെയ്‌തേക്കും.' ആ ഇടയ്‌ക്കാണ്‌ Dr. Gnanavaram പ്രിൻസിപ്പലായി ചുമതല ഏറ്റത്. അത് ഒരു നല്ല ആശയം ആണെന്ന് എനിക്കും തോന്നി. അങ്ങനെ ജൂൺ മാസം 5-)൦ തീയതി വെള്ളിയാഴ്ച രാവിലെ പ്രിൻസിപ്പലിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു. നന്നേ വെളുപ്പിന് മാത്യു സാറിനെ വിളിച്ചുണർത്തി അവിടെ നിന്നും കുളിയും പ്രഭാത ഭക്ഷണവും ഒക്കെ കഴിഞ്ഞാണ് പ്രിൻസിപ്പലിനെ കാണാൻ പോയത്. അദ്ധേഹവുമായി ഫീസ് ഇളവിനെപ്പറ്റി സംസാരിച്ചു. അദ്ദേഹം പറഞ്ഞു കുടുംബമായി ക്യാന്പസിൽ താമസിക്കുകയാണെങ്കിൽ 135000/- രൂപയും കൊടുക്കണം. അതല്ല ഞാൻ ഒറ്റയ്‌ക്കാണങ്കിൽ 100000/- രൂപാ കൊടുത്താൽ മതിയാകും. തന്നെയുമല്ല ആദ്യ ഗഡുവായ 50000/- രൂപയ്‌ക്കു പകരം 25000/- രൂപ നൽകിയാൽ മതി എന്ന്. നാൽപ്പത്തിയഞ്ച് മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവിൽ താൻ പറഞ്ഞു. 25000 രൂപാ ഉണ്ടങ്കിൽ സജി വന്നോളൂ; ഇല്ലെങ്കിൽ തന്റെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ. 

ഇരുപത്തയ്യായിരം രൂപാ എടുക്കാനില്ലാത്ത വിഷമത്തോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങി പോയത്. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും നിറം മങ്ങുന്പോൾ ഉണ്ടാകുന്ന ഒരു വല്ലാത്ത അവസ്ഥ. അത് വിവരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മെഥഡോളജിയുടെ ക്ലാസ് നടക്കുന്പോളാണ് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റിനുള്ള അഡ്മിഷൻ ലെറ്റർ കിട്ടുന്നത്. പക്ഷേ വിദേശ പഠനത്തിന് നാട്ടിലേക്കാൾ ചിലവാണ്. എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുന്പോൾ എന്റെ ജേഷ്ഠൻ പറഞ്ഞു വീസ പ്രോസസ്സിങ്ങിനുള്ള 10000 രൂപ താൻ തരാം വെറുതേ എംബസ്സിയിൽ ഒന്ന് പോയി നോക്ക്. അങ്ങനെ 25000 രൂപ എടുക്കാൻ ഇല്ലാഞ്ഞതിനാൽ എനിക്ക് അമേരിക്കൻ എംബസ്സിയിൽ പോകേണ്ടി വന്നു. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ തിരിച്ചറിയുന്നു; ദൈവം ആ വാതിൽ എനിക്ക് മുന്പിൽ അടച്ചതായിരുന്നു. 

"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നേ, സകലവും നന്മയ്‌ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു." (റോമർ 8:28)

2017 മാർച്ച് 28, ചൊവ്വാഴ്ച

പാഥേയം

ക്ലിനിക്കൽ പാസ്‌റ്ററൽ എഡ്യൂക്കേഷൻ (C. P. E) ക്ലാസ്സിൽ  faith story അവതരിപ്പിക്കണമായിരുന്നു. അല്പം ആശങ്കയോടെയാണ് തുടങ്ങിയത്. കാരണം യഹൂദാ റബ്ബിയും, കന്യാസ്ത്രീകളും, കത്തോലിക്ക പുരോഹിതനും ഒക്കെയുണ്ട് ക്ലാസ്സിൽ...
തുടങ്ങിയത് മാമലകൾക്ക് അപ്പുറം അങ്ങ് മണിയാറിൽ നിന്നാണ്...

വിശ്വാസ ജീവിതത്തിൽ പിച്ച വച്ച് നടത്തിയവരിൽ ഒന്നാമൻ ഗുരുനാഥൻ Abraham Chirackel Varughese പിന്നെ പല കൈകളും കരുത്തേകിയിട്ടുണ്ട്...അതൊക്കെ പറഞ്ഞു ഒടുവിൽ നിർത്തിയത് കാലിഫോർണിയയിൽ നിന്നും പിറ്റ്സ്ബർഗിലെക്കുള്ള യാത്ര വിവരിച്ചാണ്...

ഒരുനാൾ ഒരു ഉൾവിളി...അമേരിക്കയിൽ ഒരു സഭാ സംസ്ഥാപനത്തിന് പുറപ്പെടുക...യാത്രക്ക് ആവശ്യമായ പണം കൈകളിൽ ഇല്ല...ദീർഘ ദൂരം വാഹനം ഓടിച്ചു പരിചയം പോരാ... 'നാഥാ നിന്റെ വാക്കിനു വല ഇറക്കാം എന്ന് പറഞ്ഞ പത്രോസ് എന്നും ഒരു ആവേശം ആയിരുന്നു...ഇന്നും അങ്ങനെ ആണ്...
യാത്രയ്‌ക്ക്‌ ആവശ്യമായ ഒരു വാഹനം ദൈവം തന്നത് കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ? വാഹനം വാങ്ങിക്കഴിഞ്ഞ് കൈയ്യിൽ ബാക്കി ഉണ്ടായിരുന്നത് ആകെ 400 dollar മാത്രം. താണ്ടുവാനുള്ള ദൂരം ഏതാണ്ട് 2700 മൈലുകൾ (4500 -ൽ അധികം കിലോമീറ്ററുകൾ)...വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ പോലും ഈ പണം തികയില്ല...

2013 ജൂലൈ മാസം 27-)o തീയതി രാത്രി 11 കഴിഞ്ഞു പുറപ്പെട്ടപ്പോൾ...സ്നേഹിതൻ John Wesley Mathew വും കുടുംബവും സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യാൻ സഹായിച്ചു...

35 മൈലുകൾക്ക് അപ്പുറം ഉള്ള മറ്റൊരു സ്നേഹിതൻ സാബുവിന്റെ (Sabu Varghese, Blessy Sabu ) ഭവനത്തിൽ ആ രാത്രി വിശ്രമിച്ചു. പ്രഭാതത്തിൽ യാത്രയായപ്പോൾ താൻ വാങ്ങിത്തന്ന പാഥേയം (Chicken Wings). അത് ആദ്യ ദിവസത്തെ മന്ന...അത് വെറും ചിറകുകൾ അല്ലായിരുന്നു. യാത്ര മുഴുവൻ പറക്കാനുള്ള വിശ്വാസ ചിറകുകൾ...

Arizona വഴിയാണ് യാത്ര. അവിടെ, മണക്കാലായിലെ പഴയ സഹപാഠികൾ ആയിരുന്ന Daniel Lukose, Finny Jacob, Manu Cherukara എന്നിവരുടെ ആഥിത്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അടുത്ത ലക്‌ഷ്യം Dallas ആണ്...നല്ല ഒരു സത്രത്തിൽ (Motel) വിശ്രമിക്കാൻ കൈയ്യിലെ പണം തികയാഞ്ഞതുകൊണ്ട് 95 ഡിഗ്രി F ചൂടിൽ വാഹനത്തിൽ 7 മാസം പ്രായമായ കുഞ്ഞുമായി വിശ്രമിക്കാൻ ഒരു വിഭല ശ്രമം...അന്തിയുറങ്ങാൻ ഒരു ഇടം ഇല്ലാത്തവരുടെ (Homeless) വേദന ഉൾക്കൊണ്ടുകൊണ്ട് യാത്ര തുടർന്നു...

Dallas ഞങ്ങളുടെ വിശ്വാസ ജീവിതത്തിലെ എലിം (Elim) ആണ്...ഈന്തപ്പനകുളുടെയും, നീരുറവിന്റെയും പട്ടണം...ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മുഖങ്ങളുണ്ടിവിടെ. Jose Ninan എന്നും ഒരു സഹയാത്രികൻ ആണ്‌. അദ്ധേഹത്തിന്റെ വീടിനെക്കുറിച്ച് ഓർക്കുന്പോൾ ഒക്കെ ഗൃഹാതുരത്വ സ്മരണകളുടെ വേലിയേറ്റമാണ് മനസ്സുനിറയെ.... Reni Chacko, Finny Chacko, സുസൻ ആന്റി അങ്ങനെ പലരുണ്ട്... റെനി യുടെ വീട്ടിൽ നിന്നും പ്രാതൽ കഴിച്ചാണ് അവിടെ നിന്നും യാത്ര തുടരുന്നത്...
Dallas ൽ വച്ച് ആരോ ചോദിച്ചു എവിടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു അറിയില്ല. അബ്രഹാമിനെപോലെ... തൊണ്ട ഇടറാതെ സൂക്ഷിച്ചാണ് മറുപടി പറഞ്ഞത്...
നിങ്ങൾക്ക് വട്ടാണോ പാസ്റ്റർ (Are you crazy? Going with small three kids and not knowing where are you heading towards) മൂന്നു പൊടി കുഞ്ഞുങ്ങളുമായി എവിടേക്ക് എന്ന് അറിയാതെ ഇങ്ങനെ ???
മറുപടി മൌനത്തിൽ ഒതുക്കി...നിസ്സഹായത കണ്ടതുകൊണ്ടാവാം ചോദ്യ കർത്താവും മൌനത്തിന്റെ വാൽമീകത്തിൽ ഒളിച്ചു... 
Dallas ൽ നിന്നും പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് സുഹൃത്തുക്കളിൽ ഒരാൾ ആയ Pastor Mathew James ( Harvy Mini) പിറ്റ്സ്ബർഗി നെക്കുറിച്ച് പറയുന്നത്...സഭ തുടങ്ങാൻ പറ്റിയ ഇടം ആണത്രേ...

അങ്ങനെ യാത്രയുടെ ദിശ Tennesse വഴിയാക്കി. അവിടെയുള്ള  Sabu K. Oommenഅടുത്ത് 2 ദിവസം. അവരുടെ ആദിഥ്യം സ്വീകരിച്ചനന്തരം യാത്ര തുടർന്നു...അവിടെ വിശ്രമിക്കാൻ സ്ഥലം ഒരുക്കിയ ബിബിൻ ന്റെ സഹധർമിണി നിസ്സി ( Nissy Bibin Manayil) തന്ന പോതിചോറിന്റെ രുചി നാവിൽനിന്ന് ഇനിയും പോയിട്ടില്ല...

ഒടുവിൽ...പിറ്റ്സ്ബർഗിൽ... മുൻ പരിചയക്കാർ ആരും ഇല്ല. മാത്യുവിന്റെ അളിയൻ റോണി യുടെ Robin John) താമസ സ്ഥലം താല്ക്കാലിക അഭയ സ്ഥാനം ആയി. സ്ഥിര താമസത്തിന് ഒരു ഇടം കിട്ടാതെ വീണ്ടും കിഴക്കോട്ട്... (East Cost) അങ്ങ് philadelphia വരെ...ഇത് സഹോദര സ്നേഹത്തിന്റെ പട്ടണം...അവിടെ നിന്ന് വീണ്ടും പിറ്റ്സ്ബർഗിലേക്ക്...മാത്യു ഒപ്പം ഉണ്ട്. രാവിലെ ഇരുവരും വീട് അന്വേഷിച്ചു ഇറങ്ങും...കടക്കരാൻ അല്ലാത്തതുകൊണ്ട് (Poor credit history) ഉം, ജോലി ഇല്ലാത്തതുകൊണ്ടും, ഒരു സംഘടനയുടേയും പിൻബലം ഇല്ലാത്തതുകൊണ്ടും ആരും വാടക വീട് തരാൻ തയ്യാറായില്ല. ഒടുവിൽ ഒരു അപാർട്മെന്റ് തരപ്പെട്ടു. അവിടെ അഡ്വാൻസ് നൽകിയനന്തരം റോണിയുടെ താമസസ്ഥലത്ത് എത്തിയപ്പോളാണ് ഞങ്ങൾ ബാബുച്ചായാൻ എന്ന് വിളിക്കുന്ന Babu Chacko യുടെ ഫോണ്‍ വരുന്നത്. താൻ പറഞ്ഞു ഒരു പാകിസ്ഥാനി ഡോക്ടറിന്റെ വീട് ഫ്രീ ആയിട്ടുണ്ട്‌ എന്താ നോക്കുന്നോ? വീട് അത്യാവശ്യമാണെങ്കിലും ഞാൻ പറഞ്ഞു, 'ങാ...നാളെ നമുക്ക് പോയി നോക്കാം.' പിറ്റേന്ന് ഞങ്ങൾ അവിടെ ചെന്നു. നല്ല സ്ഥലം. നല്ല വീട്. 

വഴിയന്പലത്തിൽ ഇടം ഇല്ലാഞ്ഞിട്ടു കിട്ടിയ പുൽക്കൂട്‌...അവിടെ സഭാ സംസ്ഥാപനത്തിന്റെ ഗർഭവും പേറി ഞങ്ങൾ താമസം തുടങ്ങി. ഉള്ളിൽ ഉരുവായ ശിശു വളരാൻ തുടങ്ങി...എപ്പോളും അതിന്റെ അനക്കം ശ്രദ്ധിക്കും... ആ തുടിപ്പിന്റെ ഉൾക്കരുത്തുമായി ദിവസങ്ങൾ എണ്ണി എണ്ണി... 

അങ്ങനെ ഇരിക്കുമ്പോൾ പാക്കിസ്ഥാനി ഡോക്ടർ ഞങ്ങളുടെ story, അദ്ധേഹത്തിന്റെ ഒരു സ്നേഹിതൻ Jack White നോട് പറയുന്നു... Mr. White ഞങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഒരു പഴയ വിദ്യാർത്ഥിയായ MelissaandJared Bellan നോട് പറഞ്ഞു. Pr. Jared ഞങ്ങളെ Pr. Brian Boltനു പരിചയപ്പെടുത്തി. ഞങ്ങൾ തമ്മിൽ കാണുന്നതിനു ചില മാസങ്ങള്ക്ക് മുൻപ് Pr Arul Raj, Pastor Brian Bolt നോട് പ്രവചിച്ചു "നിങ്ങൾ ഒരു ഇന്ത്യൻ സഭ തുടങ്ങും." അതിന്റെ token ആയിട്ട് 10 രൂപയും നല്കി. ബാക്കിയൊക്കെ പിറ്റ്സ്ബർഗിലെ (New Life Indian church, Pittsburgh) സഭയുടെ ചരിത്രം... 
ഇത് യഹോവയാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു. (Ps 118:23) 

എയർ പോർട്ട് കാണാനുള്ള ആഗ്രഹം.


രണ്ടു വർഷം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഗുജറാത്ത്‌ മധുരിക്കുന്നതും കയ്‌പ്പേറിയതുമായ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2001 ലെ ഭൂകമ്പം, 2002 ലെ വർഗ്ഗീയ ലഹള അടക്കം കുറെ അനുഭവങ്ങൾ. അതിനെക്കുറിച്ചു പിന്നീടൊരിക്കൽ എഴുതാം. 

ട്രെയിൻ യാത്ര ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ എയർപോർട്ടിൽ പോയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ തിരുവനന്തപുരം എയർപോർട്ടിന്റെ പുറകിൽ നിന്ന് വിമാനം പറന്നുയരുന്നത് ഒരിക്കൽ എസ്‌കർഷനു പോയപ്പോൾ കണ്ടിട്ടുണ്ട്. എയർപോർട്ട് കാണാനുള്ള സ്വപ്നവുമായി നടക്കുബോളാണ് ഞാൻ പ്രവർത്തിച്ചിരുന്ന സുവിശേഷ സംഘടനയുടെ പ്രവർത്തനങ്ങൾ കാണാൻ ഒരു സായിപ്പ് അമേരിക്കയിൽ നിന്നുംവരുന്നത്. വൈകിട്ടാണ് അദ്ദേഹം എത്തുക. അന്ന് ഒപ്പം വർക്ക്‌ ചെയ്യുന്ന Samuel Mathew ആണ് സായിപ്പിനെ കൂട്ടിക്കൊണ്ട് വരാൻ പോകൂന്നത്. അദ്ദേഹം എന്നോട് ചോദിച്ചു സജി വരുന്നെങ്കിൽ വാ നമുക്കൊരുമിച്ചു പോകാം. എനിക്ക് സന്തോഷം ആയി. എയർ പോർട്ട് കാണാൻ ഉള്ള ഒരു അവസരം വന്ന് ചേർന്നിരിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഞാനും അഹമ്മദാബാദിലേക്ക് പോയി. ആദ്യം പോയത് അഹമ്മദാബാദിലുള്ള ഒരു ബൈബിൾ ട്രെയിനിങ് സെന്ററിലേക്കാണ്. അവിടെ നിന്നും സംസ്ഥാനത്തിന്റെ ചുമതല ഉള്ള ഒരാളെക്കൂടെ കൂട്ടണമായിരുന്നു. അദ്ദേഹം എന്നെ കണ്ടപ്പോൾ കോപപരവശനായി പറഞ്ഞു: "നീ എന്തിനാണ് വന്നത്? എയർ പോർട്ടിൽ ഞങ്ങൾ പൊയ്ക്കൊള്ളാം നീ തൽക്കാലം ഇവിടെ ഇരുന്നാൽ മതി." അദ്ദേഹത്തിന്റെ മാതൃഭാഷയിൽ പിന്നേയും എന്തൊക്കെയോ പറഞ്ഞിട്ട് അവർ പോയി. എനിക്ക് വലിയ അപമാനഭാരവും വിഷമവും തോന്നി. 

അന്ന് എന്റെ സ്നേഹിതരിൽ ഒരാളായ Prabhakar Malladi ആയിരുന്നു ആ സെന്ററിന്റെ ചുമതല വഹിച്ചിരുന്നത്. എന്റെ വിഷമം കണ്ടപ്പോൾ താൻ പറഞ്ഞു "സജി സാറേ...എനിക്ക് സാറിന്റെ വിഷമം മനസ്സിലാകുന്നുണ്ട്...ദൈവ നാമ മഹത്വത്തിനായി ഈ പ്രയാസം സാറിന് ഒരു അനുഗ്രഹമായി തീരും." അത് കേവലം ഒരു ആശ്വാസ വാക്ക് ആയിരുന്നില്ല. പ്രവചനം ആയിരുന്നു. Trivandrum, London Heathrow, Mumbai, Frankfurt airport Germany, JFK New York, Newark airport, LAX, Fort Lauderdale airport, Kuwait International Airport, O'Hare International Airport, Hartsfield–Jackson Atlanta International Airport, Abu Dhabi International Airport, Philadelphia International Airport, Pittsburgh International Airport, Dallas/Fort Worth International Airport, Denver International Airport, George Bush Intercontinental/ Houston Airport, Phoenix Sky Harbor International Airport...അങ്ങനെ നീളുകയാണ് പോയിട്ടുള്ള എയർ പോർട്ടുകളുടെ നിര. ഓരോ എയർ പോർട്ടിൽ ഇറങ്ങുന്പോഴും ആ സംഭവം ഞാൻ ഓർക്കാറുണ്ട്.

നല്ല ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന ദൈവം

ഉപരി പഠനം എക്കാലത്തേയും എന്റെ സ്വപ്നവും പ്രാർത്ഥനയും ആയിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തീക പശ്ചാത്തലം ഇല്ലായിരുന്നു താനും. മണക്കാല ഫെയ്‌ത് തിയളോജിക്കൽ സെമിനാരിയിൽ ബിരുദ പഠനം തീരാറായ സമയത്താണ് എന്റെ പഴയ സ്നേഹിതരായിരുന്ന സിബിയും, ജോൺസൻ ജോർജ് സാറും ഒരു ദിവസം എനിക്ക് ഫോൺ ചെയ്യുന്നത്. അവർ അന്ന് സെറാംപൂരിൽ പഠിക്കുകയാണ്. ജോൺസൻ സാറിനെ പരിചയപ്പെടുന്നത് തിരുവല്ലയിൽ ക്രൈസ്‌തവ ബോധി നടത്തിയ ഒരു കഥ അരങ്ങിൽ വച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും അന്ന് കഥകൾ അവതരിപ്പിച്ചിരുന്നു. ഫോൺ ചെയ്തപ്പോൾ ജോൺസൻ സാർ പറഞ്ഞു 'ഗോസ്പൽ ഫോർ ഏഷ്യക്ക് ബിരുദ ധാരികളെ ആവശ്യം ഉണ്ട്; അവർ താൽപ്പര്യം ഉള്ളവരെ ഉപരി പഠനത്തിന് അയക്കും. അങ്ങനെ ഞാൻ സാർ പറഞ്ഞത് അനുസരിച്ചു ജി. എഫ്. എ യിലെ ശാമുവേൽ മാത്യു സാറിനെ കണ്ടു. അദ്ദേഹത്തിനും താൽപ്പര്യം ആയി. ഒരു വർഷം കഴിയുമ്പോൾ എം.റ്റി.എച്ച് നു വിടാം എന്ന് താനും പറഞ്ഞു. അങ്ങനെ ഞാൻ ജി. എഫ്. എ. യിൽ ചേർന്നു. പ്രഥമ നിയമനം ഗുജറാത്ത് ആയിരുന്നു. ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ എന്റെ ഉപരി പഠന സ്വപ്നം താലോലിച്ചുകൊണ്ടിരുന്നു. ഒരു രാത്രി എന്റെ കിടക്കയ്ക്കു അരുകിൽ ഒരാൾ വന്നിട്ട് എന്നോട് പറഞ്ഞു, 'മകനെ നീ വിഷമിക്കേണ്ട ഞാൻ നിന്നെ ഉപരി പഠനത്തിന് വിടും' ആ സ്വപ്നം എന്റെ പകൽ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകർന്നു.

ഗുജറാത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അവസരങ്ങൾ തന്നു. കുറെ നാൾ ഗുജറാത്തിനും രാജസ്ഥാനും അതിർത്തിയിലുള്ള ജാലോധ് എന്ന സ്ഥലത്തുള്ള ഒരു ട്രെയിനിങ് സെന്ററിൽ പ്രവർത്തിച്ചു. അപ്പഴാണ് ഉപരി പഠനത്തിനുള്ള അപേക്ഷ അയക്കുന്നത്. അന്ന് എബി സാറാണ് മിഷന്റെ ഡയറക്ടർ. അദ്ദേഹം എന്നോട് വിശദശാംശങ്ങൾ ചോദിക്കുകയും സംസ്ഥാന ഓഫീസിൽ നിന്നും അനുവാദം വാങ്ങാൻ പറയുകയും ചെയ്തു. അങ്ങനെ ഞാൻ സ്റ്റേറ്റ് ഓഫീസിലേക്ക് അപേക്ഷ അയച്ചിട്ട് രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രെയിനിങ് സെന്റർ ഗുജറാത്ത്‌ സംസ്ഥാന ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന സുനാവ് കോംപൗണ്ടിലേക്കു മാറ്റുന്നത്. അവിടെ എത്തി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസ് ക്ലീൻ ചെയ്ത് ചവറുകൾ തീയിടുമ്പോൾ എന്റെ സ്നേഹിതനും സഹപ്രവർത്തകനും ആയിരുന്ന ശാമുവേൽ മാത്യു, ഞാൻ അയച്ച അപേക്ഷ ചവറുകൾക്കിടയിൽ നിന്നും എടുത്തിട്ടു എന്റെ നേരേ നീട്ടി. അത് കണ്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു നൊമ്പരം ഉണ്ടായി. ഞാൻ അത് വാങ്ങി ആളി കത്തുന്ന തീ നാളങ്ങളിലേക്ക് നീട്ടി പിടിച്ചു കത്തിച്ചു കൊണ്ട് പറഞ്ഞു "എന്റെ M.Th ന്റെ സ്വപ്നം ആണ് ഈ കത്തുന്നത്." രണ്ട് ദിവസം കഴിഞ്ഞു ഞാൻ ചാപ്പലിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രേത്യേക പ്രേരണ ഉണ്ടായിട്ടു ഞാൻ പറഞ്ഞു 'ഈ കഴിഞ്ഞ ദിവസം ഞാൻ എന്റെ എം.റ്റി.എച്ചിന്റെ സ്വപ്‌നങ്ങൾ ചുട്ടെരിച്ചെങ്കിലും ആ ചാരത്തിൽ നിന്നും എനിക്ക് എം. റ്റി. എച്ച് തരാൻ ദൈവത്തിന് കഴിയും.' 
ദിവസങ്ങൾ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. അതിനിടക്ക് ഞാൻ മധുര റ്റി.റ്റി.എസ് ൽ നിന്നും അപേക്ഷ വരുത്തി. പൂരിപ്പിച്ചു വച്ചു. മാർച്ച് മാസം ഒന്നാം തീയതി ആയിരുന്നു അപേക്ഷ അയക്കേണ്ട അവസാന തീയതി. പക്ഷെ ഞാൻ കരുതി മാർച്ച് 31 ആണ് deadline. മാർച്ച് 23 ന് ഞാൻ പൂരിപ്പിച്ചു വച്ച അപേക്ഷ എടുത്തു നോക്കിയപ്പോഴാണ് അറിയുന്നത് 23 ദിവസങ്ങൾ താമസിച്ചിരിക്കുന്നു. നിരാശയോടെ ഞാൻ എന്റെ കിടക്കയിൽ താടിക്ക് കയ്യും കൊടുത്തിരുന്നപ്പ്പോൾ ആ പഴയ സ്വപ്നം മനസിലേക്ക് ഓടി എത്തി. എന്റ അരുകിൽ നിന്ന് ആരോ പറയുകയാണ് '23 ദിവസം താമസിച്ചത് കാര്യം ആക്കേണ്ട അപേക്ഷ ഉടൻ അയയ്കുക'. അങ്ങനെ ഞാൻ T.T.S ലേക്ക്‌ അപേക്ഷ അയച്ചു. അഡ്മിഷൻ കിട്ടി. ജി.എഫ്. എ യുടെ സഹായം കൂടാതെ പഠനം പൂർത്തിയാക്കാൻ ദൈവം സഹായിച്ചു. T.T.S ൽ കൂടെ പഠിച്ച മാത്യു വർഗീസ് ആണ് അമേരിക്കയിലേക്ക് വരാൻ സഹായിച്ചത്. അക്കാര്യം പിന്നീട് ഒരിക്കൽ പങ്കുവയ്ക്കാം. 

ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നതോടൊപ്പം എന്റെ ആദ്യത്തെ ലീഡറും ഉപരിപഠനത്തിനു പോകണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജോണി സാറിനും (Johny A George), ജോൺസൻ (Johnson George) സാറിനും സ്നേഹിതനായ ശാമുവേലിനും പാസ്റ്റർ മാത്യു വര്ഗീസിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

മരണനിഴലിന്റെ താഴ് വരയിൽ

കഴിഞ്ഞ ആഴ്ച M.Th എന്ന സ്വപ്ന സാക്ഷാത്ക്കാരത്തെപ്പറ്റി ആണല്ലോ എഴുതിയത്. 2002 ജൂൺ മാസം മൂന്നാം തീയതി തിങ്കളാഴ്ച ആയിരുന്നു ഇന്റർവ്യൂ. മെയ് 31-ന് ഞാൻ മധുരൈയ്ക്ക് ട്രെയിൻ കയറി. കാര്യമായി തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. കാരണം ഇന്റർവ്യൂനായി വായിക്കാൻ ആവശ്യപ്പെട്ട പുസ്തകം (Towards Understanding Indian Society); Tamilnadu Theological Seminary യിൽ നിന്നും എനിക്ക് അയച്ചു തന്നു എങ്കിലും തക്ക സമയത്ത് എനിക്ക് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല യാത്ര പുറപ്പെടുന്നതിന് ചില ദിവസങ്ങൾക്ക് മുൻപ്, ജി. എഫ്. എ യുടെ നല്ലൊസപ്പാറ (മഹാരാഷ്ട്ര) ട്രെയിനിങ് സെന്ററിലെ ഒരു വിദ്യാർത്ഥി മരിച്ചതിനെത്തുടർന് അവിടേക്ക് പോകേണ്ടതുണ്ടായിരുന്നു. പല തരത്തിലുള്ള തടസങ്ങൾ ഉണ്ടായെങ്കിലും ഞാൻ വിശ്വാസത്താൽ യാത്ര തിരിച്ചു. അന്ന് M.Th (Social Analysis) മൂന്ന് വർഷമാണ്. ചിലരെ അവർ രണ്ട് വർഷത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ട്. ഞാൻ ദൈവത്തോട് പറഞ്ഞു: 'രണ്ട് വർഷത്തെ പ്രോഗ്രാമിൽ എനിക്ക് പ്രവേശനം കിട്ടുകയാണെങ്കിൽ ഞാൻ ഇത്തവണ M.Th പഠിക്കും ഇല്ലെങ്കിൽ തിരിച്ചു മിഷൻ ഫീൽഡിലേക്കു പോകും.' ദൈവം എന്റെ ആഗ്രഹത്തെ മാനിച്ചു. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാമതെത്താൻ ദൈവം കൃപ ചെയ്തു. അങ്ങനെ രണ്ട് വർഷത്തെ പ്രോഗ്രാമിന് എനിക്ക് അഡ്മിഷൻ കിട്ടി. പ്രവേശനം കിട്ടിയ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം ഫീസ് എങ്ങനെ അടയ്ക്കും എന്നതിനെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലായിരുന്നു. മാത്രവുമല്ല മധുരയിലെ കൊതുകുകൾ പുതിയ ഒരു ഇരയെ കിട്ടിയ അവസരം നന്നായി വിനയോഗിക്കുകയും ചെയ്തു. 
പിറ്റേന്ന് വൈകിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. രാത്രി 10 മണി കഴിയുമ്പോളാണ് മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ. അതിന് പോകാം എന്ന് പലരും പറഞ്ഞെങ്കിലും ഇത്തിരി നേരത്തേ വീട്ടിൽ എത്താം എന്ന് കരുതി ബസിന് പോകാം എന്ന് തീർച്ചയാക്കി മധുരൈയിൽ നിന്നും ചെങ്കോട്ടയ്‌ക്കുള്ള ബസിൽ കയറി ചെങ്കോട്ടയിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കേരളത്തിലേക്ക് ഉള്ള ബസുകൾ എല്ലാം പോയെന്നും, ആകെയുള്ളത് അതുവഴി കടന്നുപോകുന്ന മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ ആണെന്നും. ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ എത്തുന്നത് രാവിലെ മൂന്ന് മണി കഴിയുമ്പോളാണ്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ലോക്കൽ ടിക്കറ്റ് എടുത്തിട്ട് റിസർവേഷൻ കംപാർട്മെന്റിൽ കയറി T.T.E യെക്കൊണ്ട് റിസർവേഷൻ എഴുതി വാങ്ങാം എന്ന് കരുതി ടിക്കറ്റും എടുത്തു. നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. വളരെ കുറച്ചു സമയം മാത്രമേ ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ നിർത്തുകയുള്ളു. സമയം കുറവായതിനാൽ ഞാൻ ഓടിച്ചെന്ന് റിസർവേഷൻ കംപാർട്മെന്റിൽ കയറാൻ ശ്രമിച്ചു. പക്ഷേ വാതിലുകൾ എല്ലാം അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണ്. യാത്രക്കാരോട് തുറക്കാൻ ആവശ്യപ്പെട്ടിട്ട് ആരും തുറക്കാതിരുന്നപ്പോൾ വാതിലിന്റെ വിടവിലൂടെ ഇടതു കൈ ഇട്ട് തുറക്കാൻ ഞാൻ ഒരു ശ്രമം നടത്തി. അപ്പോളേക്കും ട്രെയിൻ പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി. എന്നാൽ ജനറൽ കംപാർട്മെന്റിൽ കയറാം എന്ന് കരുതി കൈ എടുക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കൈയിൽ കെട്ടിയിരുന്ന വാച്ച്, ട്രെയിന്റെ വാതിലിന്റെ കമ്പിക്കിടയിൽ കുടുങ്ങിപോയി. അത് അഴിക്കാൻ ഒട്ട് നേരവുമില്ല. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ വളരെ വേഗം കടന്നു പോയി. കൈ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര നേരം ഇങ്ങനെ തൂങ്ങി കിടക്കാനാകും...? ചെങ്കോട്ട പുനലൂർ റൂട്ടാണ്. വളരെ ഇടുങ്ങിയ വഴിയാണ്. കുറെ കഴിയുമ്പോൾ എന്റെ കൈ കുഴയും. ഞാൻ എന്ത് ചെയ്യും...? ജീവിതം തീരാൻ പോവുകയാണ്... മരണം ഇതാ തൊട്ട് മുന്പിൽ... ഞാൻ ചെല്ലുന്നതും കാത്ത് അമ്മ വഴിക്കണ്ണുമായിട്ട് ഇരിക്കുകയാണ്. അമ്മയെ കാണാൻ ആഗ്രഹം തോന്നി. ദൈവമേ ഉപരി പഠനം അവിടുത്തേക്ക്‌ ഹിതം അല്ലായിരുന്നോ? ട്രെയിനിന് വേഗം കൂടുന്നതനുസരിച്ച് ഞാൻ ട്രെയിനിന്റെ ഒപ്പം നടക്കുകയാണ്. മരണ ദൂതന്റെ തണുത്ത കര സ്പർശനം... ദൈവമേ എന്ന് വിളിച്ചുകൊണ്ട് ഞാൻ വീണ്ടും ശക്തിയായി കൈ പുറത്തേക്ക് വലിച്ചു. വാച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും കൈ പുറത്തെടുക്കാനായി. അപ്പോളേക്കും പുറകിലത്തെ ജനറൽ കംപാർട്മെന്റ് എന്റെ അടുത്തെത്തി കഴിഞ്ഞു. ആളുകൾ ഇടിച്ചു കയറുകയാണ്. എന്റെ ശരീരം വിറയ്‌ക്കുകയാണ്. വലതു കൈയിൽ ബാഗ് ഉണ്ടങ്കിലും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ എങ്ങനെയോ കയറി പറ്റി. അല്ല ദൈവം എന്നെ കയറ്റുക ആയിരുന്നു. മരണ നിഴലിന്റെ താഴ്‌വരയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കരം പിടിക്കുന്ന സർവ ശക്തനായ ദൈവം.