രണ്ട് അദ്ദ്യാപകർക്ക് എന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.
ആദ്യത്തെ അനുഭവം മണിയാർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഉള്ളതാണ്. ഞാൻ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. ലോലമ്മ സാറാണ് മലയാളം അദ്ധ്യപിക. നന്നായി പഠിപ്പിക്കും. വളരെ സരസമായി പുരാണേതിഹാസങ്ങളിലെ കഥകൾ ഒക്കെ പങ്കുവച്ചുള്ള പഠിപ്പിക്കലാണ്. തല ഒക്കെ കുലുക്കി അതി ഭാവുകത്തോടെ ആണ് ക്ലാസ് എടുക്കുന്നത്. ഞങ്ങൾക്ക് വിദ്യാർത്ഥികൾക്കെല്ലാം ടീച്ചറിനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ മുഖശ്രീ എന്നാൽ എന്ത് എന്നതിന്റെ നിർവചനം പഠിപ്പിച്ചനന്തരം പറഞ്ഞു അടുത്ത ദിവസം ഇത് മനഃപാഠം ആക്കീട്ടു വരണം. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വീക്കെൻഡിലെ കളിയുടെ തിരക്കിൽ ഞാൻ പഠിക്കാൻ മറന്നു. തിങ്കളാഴ്ച മലയാളം പീരിയഡിൽ ടീച്ചർ ക്ലാസ്സിൽ എത്തിയപ്പോഴാണ് പഠിച്ചില്ലെന്ന കാര്യം ഓർമ്മ വരുന്നത്. ഇനി ഒട്ടു പഠിക്കാൻ നേരവും ഇല്ല. എന്ത് ചെയ്യും എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോൾ ടീച്ചർ എന്റെ നേരെ വിരൽ ചൂണ്ടിയിട്ടു ചോദിച്ചു മുഖശ്രീ എന്നാൽ എന്ത്? നിർവചനം പഠിക്കാതിരുന്ന ഞാൻ ചമ്മിയ മുഖവുമായി എഴുന്നേറ്റു വടി പോലെ നിന്നു. നല്ല മുഖശ്രീയുള്ള ടീച്ചറിനെ ഞാൻ ഒന്ന് പാളി നോക്കി. ടീച്ചറിന്റെ മുഖത്ത് ഒരു നിരാശ നിഴലിക്കുന്നത് ഞാൻ കണ്ടു. ടീച്ചർ പറഞ്ഞു: "സജി പഠിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു." എന്നിട്ട് അടുത്തിരുന്ന രജു കുമാറിനോടും പിന്നെ അമ്പിളി ആർ, ബിജു ടി. കെ എന്നിവരോട് ചോദിച്ചു അവർ എല്ലാം നിർവചനം നന്നായി പറഞ്ഞു കേൾപ്പിച്ചു. ഒടുവിൽ ടീച്ചർ എന്റെ നേരെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു 'സാറേ ഞാൻ പറയാം'. ടീച്ചറിന്റെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ പറഞ്ഞു: "കാണുന്നവരുടെ മനസ്സിനെ ആകർഷിച്ച് അവരുടെ മനസ്സിൽ സന്തോഷം ജനിപ്പിക്കുന്നതായി വിവരിക്കാൻ അസാധ്യമായ ഒരു ചൈതന്യ വിശേഷം ആണ് മുഖശ്രീ". വർഷങ്ങൾക്കിപ്പുറവും സാറിന് എന്നെപ്പറ്റി ഒരു പ്രതീക്ഷ ഉണ്ടായിരുന്നല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആ പ്രതീക്ഷയാണ്, മറ്റുള്ളവർ പറയുന്നത് കേട്ട് ആ നിർവചനം പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇന്നും അത് മനസ്സിൽ മായാതെ നിൽക്കുന്നതും.
രണ്ടാമത്തെ അനുഭവം.
സംഭവം നടക്കുന്നത് ബാംഗ്ലൂരിൽ ആണ്. പഴയ സ്‌നേഹിതരിൽ ഒരാളായ Santhosh John സാറും ഉണ്ട് കൂട്ടത്തിൽ. ഞങ്ങൾ ഒരു പ്രത്യേക സെമിനാറിനായി S.A.B.C (Southern Asia Bible College, Bangalore) യിൽ പോയപ്പോൾ എന്നെ ദൈവശാസ്ത്രം പഠിപ്പിച്ച ചില അദ്ധ്യാപകരെ കണ്ടു. അവരും അതേ മീറ്റിംഗിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഒരു ഉച്ച ഊണിനു ഒരു മേശയ്‌ക്കു ചുറ്റും ഇരിക്കുമ്പോൾ അവരിൽ ഒരാൾ ചോദിച്ചു "സജീ ഡോക്ടറേറ്റിന് പോകുന്നില്ലേ"? ഞാൻ പറഞ്ഞു അതൊക്കെ വലിയ ചെലവുള്ള കാര്യങ്ങൾ അല്ലേ? അതുകൊണ്ട് അറിയില്ല. ഉടനേ അദ്ദേഹം പറഞ്ഞു. " സജിയെ പഠിപ്പിച്ചപ്പോൾ ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല നിങ്ങൾക്ക് ഇങ്ങനെ ഒരു ഉയർച്ച ഉണ്ടാകും എന്ന്" അങ്ങനെയാണ് ചില അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെക്കുറിച്ചു ഒരു പ്രതീക്ഷയും കാണില്ല എന്നാൽ ചിലർക്ക് വലിയ പ്രതീക്ഷയും ഉണ്ടാകും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ