2016 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ദൈവത്തിന്റെ വഴി തികവുള്ളത്

ഞാൻ തമിഴ്‌നാട് തിയളോജിക്കൽ സെമിനാരിയിൽ പഠിക്കുന്ന സമയം. ഒന്നാം വർഷം കഴിയാറായി. എല്ലാവരും തീസിസിന്റെ മെറ്റീരിയൽ ശേഖരിക്കാനുള്ള തിരക്കിലാണ്. 'ഗുജറാത്തിൽ 2002-ൽ ഉണ്ടായ വർഗ്ഗീയ കലാപം' ആണ് എന്റെ വിഷയം. അവിടെ പോകണം, കലാപത്തിൽ ഇരയായ ആളുകളെ കാണണം... എന്റെ കൈയിൽ അതിനുള്ള പണം ഇല്ല. അന്ന് വലിയ ഞെരുക്കം ഉള്ള സമയം ആണ്. അപ്പോൾ ആരോ പറഞ്ഞു ഞങ്ങളുടെ ഡിപ്പാർട്മെൻറ് ഇത്തരം പഠനങ്ങൾക്ക് സാമ്പത്തീക സഹായം നൽകും പോലും. അവർക്ക് അന്ന് നല്ല ഫണ്ട് ഉണ്ട് താനും. ഞാൻ ഡിപ്പാർട്മെന്റിനെ സമീപിച്ചു. അവർ കുറെ അപേക്ഷകൾ അവിടെ കൊടുക്ക് ഇവിടെ കൊടുക്ക് എന്നൊക്കെ പറഞ്ഞു എന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയതല്ലാതെ സഹായിച്ചില്ല. ( അന്ന് പഠിച്ച ഒരു phrase ഉണ്ട്. Situation is shuttling me back and forth) അങ്ങനെ ഇരിക്കുമ്പോൾ കമ്മ്യൂണിക്കേഷനിൽ മാസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരുന്ന Mathew Varughese പറഞ്ഞു 1000 രൂപ താൻ തരാമെന്ന്. അങ്ങനെ അദ്ദേഹം തന്ന പണം കൊണ്ട് ഒരു വഴിക്കുള്ള ടിക്കറ്റ് എടുത്തു മറ്റ് ചില ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞപ്പോൾ പോക്കറ്റ് കാലി ആയി. ഇനി എന്താ ചെയ്യുക? വഴിച്ചിലവിനു എന്തെങ്കിലും വേണം. ഗുജറാത്തിൽ ഒരു പത്തിരുപതു ദിവസം എങ്കിലും താമസിക്കണം. ദൈവം സഹായിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ യാത്ര പോകേണ്ട ദിവസം ആയി. തയാറെടുപ്പുകൾ നടക്കുമ്പോൾ വീടിന് മുൻപിലുള്ള പുഴയ്‌ക്ക്‌ അക്കെരെ നിന്ന് ഒരു വിളികേട്ടു. ഇറങ്ങിനോക്കിയപ്പോൾ എന്റെ സ്നേഹിതനായ Jerrin Robert ഉം സഹോദരൻ Japa Singh ഉം ആണ്. (ഞങ്ങളോട് വളരെ അധികം ചേർന്ന് നിന്നിട്ടുള്ള ഒരു കുടുംബം ആണ് അവരുടേത്) പുഴ കടന്ന് ചെന്നപ്പോൾ എന്റെ കൈയിൽ കുറെ പണം വച്ച് തന്നിട്ട് പറഞ്ഞു ഇത് വഴിച്ചിലവിനുള്ളതാണ് ഇരിക്കട്ടെ. വേണ്ടാ എന്ന് പറഞ്ഞു ഔചിത്യം കാണിക്കാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ച് കൈകളിൽ വച്ച് തന്നു. 

പിന്നെ യാത്രായാണ്‌...അഹമ്മദാബാദിലേക്കാണ് നേരെ പോയത്. കലാപത്തിന്റെ ബാക്കി പത്രം എങ്ങും കാണാമായിരുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ...പാതിവൃത്യം നഷ്ടപ്പെട്ട പെങ്ങന്മാർ...മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കൾ...ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട മനുഷ്യ ജീവിതങ്ങൾ...നിരപരാധികളുടെ ശവക്കൂനകളുടെ മുകളിൽ കയറിനിൽക്കുന്ന നേതാക്കൾ...നിരപരാധികളുടെ രക്തം കുടിച്ചു വീർത്ത കുള അട്ടകൾ...അവരുടെ നാട്ടിൽ...
നേരേ പോയത് പഴയ ഒരു സുഹൃത്തായ Prabhakar ന്റെ അടുത്തേക്കാണ്. അദ്ദേഹത്തിന് അന്നുള്ള ക്രമീകരണത്തിന് എന്നെ കൂടെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഒരു dormitory ഒരു രാത്രിയിലേക്ക് എടുത്തു. പിറ്റേന്ന് ഞായർ ആഴ്ച്ചയാണ്. ചർച്ചിൽ പോകണം. മണിനഗറിൽ ഒരു ചെറിയ കൂട്ടം ഉണ്ടന്ന് അറിഞ്ഞു അവിടെ ആരാധനയിൽ സംബന്ധിച്ചു. ഗുജറാത്തിൽ പലയിടത്തും സഭകൾ ഉള്ള ഒരാൾ ആണ് അന്ന് അവിടുത്തെ പാസ്റ്റർ. ആവശ്യപ്പെട്ടതനുസരിച്ചു അന്ന് അവിടെ വചനം സംസാരിച്ചു. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ നല്ല വിശപ്പായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന പണം ഏറെക്കുറെ തീർന്നിരുന്നു. അതുകൊണ്ട് ആഹാരം കഴിപ്പ് തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് തൊട്ടടുത്ത ഫ്ലാറ്റിൽ എന്റെ പഴയ സുഹൃത്തുക്കളിൽ  ഒരാൾ താമസിക്കുന്നുണ്ടന്ന്...എന്തായാലും ഒന്ന് വിളിക്കാം എന്ന് കരുതി വാതിലിൽ മുട്ടി. കതക് തുറന്നത് സ്നേഹിതൻ ആണ്. ഉച്ച ഊണിന്റെ സമയം. മേശപ്പുറത്തു ചപ്പാത്തിയും, നല്ല നെയ്യൊക്കെ ചേർത്ത് ഉണ്ടാക്കിയ പരിപ്പ് കറിയും, ബസ്മതി റൈസും ഒക്കെ നിരത്തി വച്ചിരിക്കുന്നു...ഞാൻ കരുതി ദൈവം എത്ര വിശ്വസ്തൻ. എനിക്കായിട്ടു ഇതൊക്കെ ഒരുക്കി വച്ചിരിക്കുന്നു...പക്ഷെ അദ്ദേഹം എന്നോട് അകത്തു കയറി ഇരിക്കാൻ പോലും പറഞ്ഞില്ല...തിരക്കിട്ട് രണ്ട് വാക്ക് പറഞ്ഞുവെന്നു വരുത്തി...

വിശപ്പും നിരാശയും സഹിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി. താഴെ നിരത്തിന്റെ ഓരത്തുള്ള പൈപ്പിൽ നിന്നും വയർ നിറയെ വെള്ളം കുടിച്ചു. അപ്പോഴാണ് മറ്റൊരു സുഹൃത്ത് Dileep ന്റെ കാര്യം ഓർമ്മ വന്നത്. അടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ കയറി അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: അച്ഛാ എവിടെയാണ് നിൽക്കുന്നത് അവിടെത്തന്നെ നിൽക്കുക ഞാൻ ഇതാ വന്നു കഴിഞ്ഞു. പത്തിരുപതു മിനിട്ടു കഴിഞ്ഞപ്പ്പോൾ താൻ വന്നു. വിളിക്കാൻ താമസിച്ചതിനു എന്നെ കുറെ വഴക്കും പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ഇരുപതു ദിവസത്തോളം ഞാൻ താമസിച്ചു. ദിലീപും തന്റെ സഹോദരി മിനിയും എന്റെ അമ്മയുടെ ഉദരത്തിൽ പിറക്കാതെ പോയ എന്റെ സഹോദരങ്ങൾ ആണ്. അവർ എന്റെ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നു. ഞാൻ അന്ന് കടന്നു പോയ സാമ്പത്തീക ബുദ്ധിമുട്ടുകൾ അവരോടു ഞാൻ പറഞ്ഞിരുന്നില്ല. അവർക്കു അത് മനസിൽ ആയിരുന്നുവോ എന്ന് എനിക്ക് ഇന്നും അറിയില്ല.

ദൈവം തന്റെ മക്കളെ കരുതുന്നത് ഏതെല്ലാം വിധങ്ങളിലൂടെ ആണ് എന്ന് എന്നെ പഠിപ്പിക്കുക ആയിരുന്നു ആ അനുഭവത്തിലൂടെ.

2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പരിചയപ്പെടൽ. ഭാഗം-രണ്ട്


ഈ കഴിഞ്ഞ ദിവസം ഒരു ക്രിസ്തീയ സമ്മേളനത്തിന് പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഇവിടെ കുറിച്ചിരുന്നു. അന്നേ ദിവസം തന്നെ ഉണ്ടായ മറ്റൊരു അനുഭവം:
എണ്ണപ്പെട്ട പല പ്രസംഗകരും പ്രോഗ്രാം ഷീറ്റിൽ ഉണ്ട്. കൂട്ടത്തിൽ എനിക്കറിയാവുന്ന (എന്നെ അറിയില്ല) ഒരു യുവ പ്രാസംഗകന്റെ പേര് കണ്ടപ്പോൾ താൽപ്പര്യം തോന്നി തന്റെ സന്ദേശം കേൾക്കാൻ തീരുമാനിച്ചു. കാരണം യുട്യൂബിലുള്ള അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ വളരെ നിലവാരം പുലർത്തുന്നതും ഹൃദയ സ്പർശിയും ആണ്. 
എന്റെ മക്കൾക്ക്‌ അദ്ദേഹത്തിന്റെ 'ചോദ്യോത്തര രീതിയിലുള്ള പ്രസംഗം' വളരെ ഇഷ്ടമാണ്. അതുകൊണ്ടു ഇടക്കൊക്കെ ചില പ്രസംഗങ്ങൾ ഞങ്ങൾ വല്യ ചിലവില്ലാതെ കേൾക്കറും ഉണ്ട്.
പ്രസംഗം അതി ഗംഭീരം ആയിരുന്നു... ഒരു പക്ഷെ ആ സമ്മേളനത്തിലെ ഏറ്റവും അർത്ഥവത്തായ സന്ദേശം. പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ട് പഴയ പരിചയം പുതുക്കാം എന്ന് കരുതി സമീപിച്ചു. താൻ വലിയ തിരക്കിലാണ് ധാരാളം പേർ ഇങ്ങനെ ലൈനിൽ നിൽക്കുകയാണ് സംസാരിക്കാനും പരിചയം പുതുക്കാനും, പരിചയപ്പെടാനും ഒക്കെ ആയി. അൽപ്പം തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഭാര്യയും കുട്ടികളുമായി അടുത്തു ചെന്നു. പഴയ ബന്ധം പറഞ്ഞു. തിരക്കിൻറെ ഇടയിൽ താൻ പറഞ്ഞു "പോകല്ലേ നമുക്ക് വിശദമായി സംസാരിക്കാം". ഞങ്ങൾ അവിടെ മാറി നിന്നു. തിരക്കൊഴിഞ്ഞപ്പോൾ അടുത്തു വന്നു വിശദമായി സംസാരിച്ചു. എന്റെ മകനു വേണ്ടീട്ടു പ്രാർത്ഥിക്കുകയും ചെയ്തു... എനിക്ക് ഒത്തിരി സന്തോഷമായി... നന്മ നഷ്ടപ്പെടാത്ത ആത്മീയ നേതാക്കൾ ഉള്ളതിനായി ദൈവത്തിന് നന്ദി അർപ്പിക്കുന്നു...
രണ്ട് ദിവസം കഴിഞ്ഞു നാട്ടിലുള്ള എന്റെ ആത്മീയ പിതാവിനെ വിളിച്ചപ്പോൾ ഈ പ്രസംഗകന്റെ കാര്യം ഞാൻ തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം എന്നെ ഒത്തിരി ചിന്തിപ്പിച്ചു...'ഈ പ്രസംഗകന്റെ ശുശ്രൂഷയക്കു വ്യെത്യാസം വരാൻ കാരണം കോട്ടയത്തുള്ള ഏതോ കത്തോലിക്കാ സ്ഥാപനത്തിലെ പരിശീലനം ആണ് പോലും...'
കുറെ വർഷങ്ങൾ സെമിനാരി അദ്ധ്യാപകൻ ആയിരുന്ന ആളെന്ന നിലയിൽ എനിക്കുണ്ടായ സംശയം 'നമ്മുടെ പരിശീലന രീതി ആണോ? നമ്മെ ജാഡയുള്ളവരും, മുൻവിധി ഉള്ളവരും ഒക്കെ ആക്കി മാറ്റുന്നത്?'

പരിചയപ്പെടൽ. ഭാഗം- ഒന്ന്

കുറെ നാളുകൾക്കു മുന്പ് മണക്കാല സെമിനാരിയിൽ ക്‌ളാസ് എടുത്തിട്ടു മടങ്ങി വീട്ടിലേക്കു പോകുമ്പോൾ ബസിൽ കണ്ട ഒരു ക്രിസ്തീയ പ്രസംഗകനെ പരിചയപ്പെടാം എന്നു കരുതി അടുത്തുകൂടി. എനിക്ക് നിങ്ങളെ പരിചയം ഉണ്ടന്നും, പ്രസംഗങ്ങൾ കേൾക്കാറുണ്ടന്നും, സന്ദേശങ്ങൾ നല്ലതാണെന്നും ഒക്കെ പറഞ്ഞു. 'മ്മ്...' എന്ന് മൂളിയതല്ലാതെ തിരുവനന്തപുരം വരെ ഒരുമിച്ചുള്ള യാത്രയിൽ വാക്കുപോലും അയാൾ ഉരിയാടിയില്ല... ഈ അനുഭവത്തിനു ശേഷം ക്രിസ്തീയ പ്രസംഗകരേയും, പാട്ടുകാരെയും അങ്ങോട്ടു പോയി പരിചയപ്പെടാറില്ലായിരുന്നു. എന്നാൽ ഈ അടുത്തിടെ ഒരു പുതുതലമുറ (new generation) പാട്ടുകാരനെ കണ്ടപ്പോൾ ഒന്നു സംസാരിച്ചാൽ കൊള്ളാം എന്നു തോന്നി. വെറുതെ സമീപിച്ചു. എന്റെ പേര് പറഞ്ഞു പരിചയപ്പെടാം എന്നു കരുതി പക്ഷെ അദ്ദേഹത്തിന്റെ നിസ്സംഗ മനോഭാവം എന്നെ അംബരപ്പിച്ചു കളഞ്ഞു. ഒരു കൃത്രിമ ചിരി മുഖത്തു വരുത്തി നിസ്സംഗമായി എവിടേക്കോ നോക്കി നിന്നപ്പോൾ ഞാൻ പറഞ്ഞു 'ബ്രദറെ നിങ്ങളുടെ സഹോദരനെ എനിക്കറിയാം. കഴിഞ്ഞ തവണ അമേരിക്കയിൽ താൻ വന്നപ്പോൾ എന്നെ വിളിച്ചിരുന്നു' എന്നു പറഞ്ഞിട്ടു പോലും മുഖഭാവത്തിനു തെല്ലും വ്യെത്യാസം ഇല്ലാതെ അലസമായി മറ്റെവിടേക്കോ നോക്കിക്കൊണ്ടു താൻ നടന്നകന്നു...നമ്മുടെ so-called ആത്മീയ നേതാക്കൾക്ക് എന്താണ് സംഭവിക്കുന്നത്??? ഇതു നമ്മുടെ പരിശീലനത്തിന്റെ പ്രശ്നം ആണോ??? അതോ ഒരുതരം ആത്മീക അഹന്തയുടെ ഭാഗം ആണോ???

ചെയ്യാത്ത തെറ്റിന് ലഭിച്ച ശിക്ഷ


1980. ഞാൻ അന്ന് മാന്പാറ എൽ. പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 36 വർഷങ്ങൾക്ക് അപ്പുറം. ജനുവരി മാസത്തിലെ ഒരു വരണ്ട ദിവസം. റബ്ബർ മരങ്ങൾ ഒക്കെ പൂക്കുന്ന സമയമാണെങ്കിലും ഒരുതരം വരണ്ട കാറ്റ് (ജനുവരി കാറ്റ് എന്നൊക്കെ പഴയ ആളുകൾ വിളിച്ചിരുന്ന) ഉള്ള ഒരു സമയം. നല്ല സുഖം ഇല്ലാഞ്ഞതിനാൽ ഒരു ദിവസം സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. അന്നേ ദിവസം ഒരു പുതിയ അദ്ധ്യാപകൻ സ്കൂളിൽ അധ്യാപനത്തിനായി ചേർന്നു. ആദ്യദിവസം തന്നെ അദ്ദേഹം ഞങ്ങളുടെ ക്ലാസ്സിൽ വന്നിരുന്നു എന്ന് പിറ്റേന്നു സ്കൂളിൽ ചെന്നപ്പോൾ അറിഞ്ഞു. അന്നൊക്കെ അധ്യാപകർ ക്ലാസ്സിൽ വരുംബോൾ എനിക്ക് മൂത്രശങ്ക ഉണ്ടാകാറുണ്ടായിരുന്നു. അത്രയ്ക്ക് ഭയമാണ് അധ്യാപകരെ.
പുതിയ അധ്യാപകന്റെ രണ്ടാം ദിനം ആണ്. സയൻസാണ് വിഷയം. സൗരയൂഥത്തെക്കുറിച്ചു പഠിപ്പിക്കുന്നതിന്റെ ഇടയിൽ 'ഏറ്റവും വലിയ നക്ഷത്രം ഏതാണ്?' അറിയാവുന്നവർ ഒക്കെ സൂര്യൻ എന്ന് പറഞ്ഞു. എന്നാൽ ആരോ ഒരാൾ ചന്ദ്രൻ എന്ന് പറഞ്ഞു. ആരാണ്‌ ചന്ദ്രൻ എന്ന് പറഞ്ഞതെന്ന് സാർ ചോദിച്ചു. പക്ഷെ പറഞ്ഞവർ ആരും ഇല്ല. ആരാണ് എന്ന് അറിഞ്ഞിട്ട് തന്നെ എന്നുറപ്പിച്ചു അധ്യാപകനും. നീയാണോ...നീയാണോ... എന്ന് ഓരോരുത്തരോടും ചോദിച്ചു. എന്റെ ഊഴം ആയപ്പോൾ ഞാൻ പറഞ്ഞു ഞാൻ അല്ല. 
"പിന്നെ ആരാണ്?"
ഞാൻ പറഞ്ഞു എനിക്കറിയില്ല.
എന്റെ തൊട്ടടുത്തു ഇരിക്കുന്നത് എല്ലാരും ശിങ്കൻ എന്ന് വിളിക്കുന്ന സജു ആണ്. ( സജു ഇപ്പോൾ ഇവിടെ ആണെന്നറിയില്ല) 
സാർ അവനോടും അതേ ചോദ്യം ആവർത്തിച്ചു. അവനും പറഞ്ഞു അവനല്ല. പിന്നെ ആരാണ് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു സജി ആണ് സാറേ.
ങ്...ഹാ...നീ കള്ളം പറയുന്നോടാ എന്നു ആക്രോശിച്ചു കൊണ്ട് എന്നെ ഒരു കൈയിൽ തൂക്കി എടുത്തു മുന്പോട്ടു കൊണ്ടുപോയി പൊതിരെ തല്ലി. ഒടുവിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ കൊണ്ടുപോയി ഇരുത്തി. അടിയുടെ വേദനയേക്കാൾ ഭയങ്കരം ആണ് പെൺകുട്ടികളുടെ കൂടെ ഇരുത്തുക എന്ന് പറയുന്നത്. ആരൊക്കെ ആണ് അന്ന് ആ ബെഞ്ചിൽ ഉണ്ടായിരുന്നത് എന്നോർക്കുന്നില്ല. അവർ സഹതാപത്തോടെ എന്നെ നോക്കിയതിന്നും ഓർമ്മയിലുണ്ട്...ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതു കൊണ്ടാകാം ഇന്നെന്നപോലെ ആ ഓർമ്മ മനസ്സിൽ നിൽക്കുന്നു...ഒരു നീറ്റലായി...
P.S: പിൽക്കാലത്തു ഞാൻ ഈ അധ്യാപകന്റെ പ്രിയ ശിഷ്യൻ ആയി എന്നത് മറ്റൊരു സത്യം.

"നിങ്ങളുടെ വാക്കുകൾ നിങ്ങളുടേതല്ല".


ഒരിക്കൽ അവിചാരിതമായി എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കാതോലിക്കേറ്റ് കോളേജിന്റെ മാഗസിൻ കാണാൻ ഇടയായി. പഠിച്ച കോളേജ് അല്ലേ എന്ന് കരുതി വെറുതെ താളുകൾ മറിച്ചപ്പോൾ കവിതകളിൽ ഒരെണ്ണത്തിന്റെ തുടക്ക വരികൾക്ക് നല്ല പരിചിത ഭാവം. തുടർന്നുള്ള വായനയിലാണ് അറിയുന്നത്, മുൻപൊരിക്കൽ പഠിച്ചിരുന്ന സെമിനാരിയുടെ വാർഷിക പതിപ്പിന് വേണ്ടി ഞാൻ എഴുതിയ കവിത, ചെറിയ തിരുത്തു വരുത്തി ഏതോ ഒരാൾ തന്റെ പേരിൽ കൊടുത്തിരിക്കുന്നു. ഞാൻ ഇക്കാര്യം എന്റെ സുഹൃത്ത് സിബിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. "ഇത് ഇങ്ങനെ വിട്ട് കൂട നമുക്ക് പ്രിൻസിപ്പലിനോട് പരാതി കൊടുക്കാം" അന്ന് ഉണ്ണികൃഷ്ണൻ പൂഴിക്കാടോ മറ്റോ ആണ് മാഗസിൻ എഡിറ്റർ. ഞങ്ങൾ ഉണ്ണികൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. ആ മാഗസിനിൽ ഉണ്ണികൃഷ്ണന്റെ ഒരു കവിതയും ആരോ പേര് മാറ്റി കൊടുത്തിരുന്നു എന്ന് പിന്നീടാരോ പറഞ്ഞു. 

പ്രിൻസിപ്പലിനോട് ഞാൻ പറഞ്ഞു ഇത് സാഹിത്യ മോഷണം ആണ്. കേസ് കൊടുക്കാൻ വകുപ്പുള്ളതാണ്. അദ്ദേഹം പ്രസ്തുത വിദ്യാർത്ഥിയെ വിളിച്ചു പറഞ്ഞു, 'ആ കവിതയുടെ ഉടമസ്ഥൻ കേസ് കൊടുക്കാൻ വകുപ്പുണ്ടന്നു പറഞ്ഞിട്ടാണ് പോയതെന്ന്.'
അങ്ങനെ ആ വിദ്യാർത്ഥിയും തന്റെ ഒരു സ്നേഹിതനും കൂടെ എന്റെ വീട്ടിൽ ചെന്ന് എന്റെ വിശദശാംശങ്ങൾ ഒക്കെ എടുത്തു. ഞാൻ അന്ന് അടൂർ മണക്കാല സെമിനാരിയിൽ പഠിക്കുകയാണ്.

ഒരു ദിവസം ഒരു സെമിനാർ പേപ്പർ അവതരിപ്പിക്കാൻ തുടങ്ങുംപോൾ മേപ്പടിയാനും തന്റെ സ്നേഹിതനും കൂടെ എന്നെ അന്വേഷിച്ചു വന്നു. അവർ എന്നോട് പറഞ്ഞു 'അച്ചോ ഒരു തെറ്റു പറ്റി പോയി. ക്ഷമിക്കണം. ദയവുചെയ്ത് കേസ് കൊടുക്കല്ലേ. ഞങ്ങൾ എന്തോ വേണമെങ്കിലും ചെയ്യാം.'
ഞാൻ പറഞ്ഞു: കേസ് ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ ഒരു കാര്യം ചെയ്യണം. ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്. ഇത് തെറ്റാണ്. പൊയ്‌ക്കോളൂ. ആശ്വാസത്തോടെ മടങ്ങി പോയ അയാളെ ഞാൻ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല


P. S: ഈ കുറിപ്പ് ഫേസ് ബുക്കിൽ ഇട്ടപ്പോൾ എന്റെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞ കമന്റ് ആണ് ഇതിന്റെ തലക്കെട്ട് "നിങ്ങളുടെ വാക്കുകൾ നിങ്ങളുടേതല്ല".

കുരുത്തം കെട്ടവൻ

കഴിഞ്ഞ തവണ നാട്ടിലേക്കു പോയത് കുവൈറ്റ് എയർ വെയ്‌സിനായിരുന്നു. നാട്ടിലേക്കാണെങ്കിലും വിമാന യാത്ര എനിക്കിഷ്ടമല്ല. അറുബോറാണ്. കുവൈറ്റിൽ നിന്നും അടുത്ത വിമാനം കാത്തിരിക്കുമ്പോൾ ഒരു പരിചിത മുഖം. ഇരുപത്തിയേഴ് വർഷങ്ങൾക്ക് അപ്പുറം കാതോലിക്കേറ്റ് കോളേജിൽ പ്രീ ഡിഗ്രിക്കു (പ്ലസ് ടൂ വരുന്നതിനു മുമ്പ് പ്രീ ഡിഗ്രി ആയിരുന്നല്ലോ) ഫിസിക്സ് പഠിപ്പിച്ച ഒരു അധ്യാപികയാണ്. നൂറ് കണക്കിനു വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതല്ലേ എന്നെ ഓർത്തിരിക്കാൻ സാധ്യത ഇല്ലാത്തതിനാൽ സംസാരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ചെക്ക് ഇൻ ചെയ്തു വിമാനത്തിന് അകത്തു കയറിയപ്പോഴിതാ ടീച്ചർ തൊട്ടടുത്ത ഇരിപ്പിടത്തിൽ. ടീച്ചറിനോട് സംസാരിക്കണോ വേണ്ടയോ എന്ന വടംവലി മനസ്സിൽ നടക്കുമ്പോൾ ടീച്ചർ പറഞ്ഞു 'എവിടെയോ കണ്ടു മറന്നതുപോലെ'. കാതോലിക്കേറ്റിൽ പഠിച്ചതാണോ?

ഞാൻ പറഞ്ഞു: അതെ ടീച്ചർ എന്നെ പഠിപ്പിച്ചതാണ്.
പിന്നെ എന്താണ് സംസാരിക്കാതിരുന്നത്? ശാസന രൂപേണ ടീച്ചർ
അതേ...ടീച്ചർ പലരെ പഠിപ്പിക്കുന്നതല്ലേ ഓർത്തിരിക്കാൻ ബുദ്ധിമുട്ടല്ലേ...അതുകൊണ്ട് സംസാരിച്ചില്ലെന്നേ ഒള്ളു. (കലാലയ ജീവിതത്തിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ഓർത്തിരിക്കാൻ ഒന്നുകിൽ ഏറ്റവും നന്നായി പഠിക്കണം അല്ലെങ്കിൽ ഏറ്റവും മോശം ആവണം. അതും അല്ലെങ്കിൽ അൽപ്പസ്വൽപ്പം രാഷ്ട്രീയം ഒക്കെ വേണം. ഞാൻ ഇക്കൂട്ടത്തിൽ ഒന്നും പെടാത്ത ആൾ ആയിരുന്നു)
തുടർന്നുള്ള സംഭാഷണത്തിൽ; ഞാൻ അമേരിക്കയിൽ തീയോളജിയിൽ റിസർച്ച് ചെയ്യുകയാണ് എന്നറിഞ്ഞപ്പോൾ സന്തോഷത്തോടെ ടീച്ചർ പറഞ്ഞു: പഠിപ്പിച്ച കുട്ടികൾ ഒക്കെ നല്ല നിലയിൽ എത്തി എന്നറിയുന്നത് സന്തോഷം തരുന്ന കാര്യം ആണ്. പിന്നീട് പല കാര്യങ്ങളും ഞങ്ങളുടെ സംഭാഷണത്തിൽ വന്നെങ്കിലും ടീച്ചറിനോട് പറയാതെ പോയ ഒരു കാര്യം ഉണ്ട്. ഒരു പക്ഷെ എന്റെ കോളേജ് ജീവിതത്തിലെ, ഒരിക്കലും തുറക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു ഏട്...
പ്രീഡിഗ്രി ഒന്നാം വർഷം. മേൽപ്പറഞ്ഞ ടീച്ചർ ആയിരുന്നു ഫിസിക്സ് പ്രാക്ടിക്കൽ ഇൻ ചാർജ്. സ്‌ക്രൂ ഗേജ് ആണ്   ആദ്യത്തെ experiment. ടീച്ചർ ആദ്യത്തെ ക്ലാസ്സിൽ റീഡിങ് ഒക്കെ എടുക്കാൻ പഠിപ്പിച്ചു. അദ്ധ്യാപകർ ആരും തന്നെ ഒറ്റ വാക്കുപോലും മലയാളത്തിൽ പറയില്ല അതുകൊണ്ടു തന്നെ മലയാളം മീഡിയത്തിൽ പഠിച്ച എനിക്ക് ഒന്നും മനസ്സിൽ ആയില്ല. പിറ്റേ ക്ലാസ്സിൽ റെക്കോഡ് എഴുതി കൊടുക്കണം. (87 വിദ്യാർഥികളുള്ള ക്ലാസ്സിൽ പ്രൈവറ്റ് ട്യൂഷൻ ഇല്ലാത്തത് എനിക്കും ളാഹയിൽ നിന്നും വന്നിരുന്ന ഒരു രാജനും മാത്രം ആണെന്നാണ് എന്റെ ഓർമ്മ. ഞങ്ങളുടെ രണ്ടു പേരുടെയും ഒഴികെ ബാക്കി എല്ലാവരുടേയും റെക്കോഡ് ശരിയാണ്). എനിക്കാണെങ്കിൽ റീഡിങ് എടുക്കുന്നത് എങ്ങനെ എന്ന് മനസ്സിൽ ആകാഞ്ഞത് കൊണ്ട് റിസൾട്ടും കിട്ടിയില്ല. റെക്കോഡ് ബുക്ക് നോക്കിയ ടീച്ചർ അരിശം മൂത്തു പറഞ്ഞു 'കുരുത്തം കെട്ടവൻ ഒക്കെ ഇങ്ങോട്ടു പോരും. പാച്ചൻ ആണന്നു പറഞ്ഞു. പോ ഇറങ്ങി.' ടീച്ചർ എന്നെ ഇറക്കി വിട്ടു.
കുനിഞ്ഞ ശിരസ്സുമായി ലാബിന്റെ പടികൾ കയറി ഞാൻ നടന്നു... ഗുൽമോഹറിന്റെ ചുവന്ന പൂക്കൾ കൊഴിഞ്ഞു വീണു കിടന്ന കോളേജ് അങ്കണത്തിലൂടെ നടന്ന ആ നടപ്പ്...സി വി ജോസിന്റെ രക്തം വീണ വഴിയിലൂടെ നടന്ന നടപ്പ്...എത്രയോ കാതങ്ങൾ പിന്നിട്ടിരിക്കുന്നു..എത്രയെത മുഖങ്ങൾ..സംസ്‌കാരങ്ങൾ...രാജ്യങ്ങൾ...ഭാഷക്കാർ...
ആംഗലേയ ഭാഷ വശം വശമില്ലാതിരുന്നതാണോ എന്നെ കുരുത്തം കെട്ടവൻ ആക്കിയത്? കുരുത്തം ആണോ അതോ ഗുരുത്വം ആണോ? ഗുരുത്വം എല്ലാ വിദ്യാർത്ഥികളുടെയും അവകാശം അല്ലെ???? ഇംഗ്ലീഷ് അറിയാവുന്നവന്റേയും, പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തവന്റേയും?
P.S: ഇത് എഴുതുമ്പോൾ എന്റെ മകൻ ചോദിക്കുന്നു 'അച്ചാച്ചൻ എന്തുകൊണ്ടാണ് അക്കാര്യം ടീച്ചറിനോട് പറയാഞ്ഞത്? ഞാൻ പറഞ്ഞു: എനിക്കറിയില്ല.