കഴിഞ്ഞ ആഴ്ച M.Th എന്ന സ്വപ്ന സാക്ഷാത്ക്കാരത്തെപ്പറ്റി ആണല്ലോ എഴുതിയത്. 2002 ജൂൺ മാസം മൂന്നാം തീയതി തിങ്കളാഴ്ച ആയിരുന്നു ഇന്റർവ്യൂ. മെയ് 31-ന് ഞാൻ മധുരൈയ്ക്ക് ട്രെയിൻ കയറി. കാര്യമായി തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. കാരണം ഇന്റർവ്യൂനായി വായിക്കാൻ ആവശ്യപ്പെട്ട പുസ്തകം (Towards Understanding Indian Society); Tamilnadu Theological Seminary യിൽ നിന്നും എനിക്ക് അയച്ചു തന്നു എങ്കിലും തക്ക സമയത്ത് എനിക്ക് കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. തന്നെയുമല്ല യാത്ര പുറപ്പെടുന്നതിന് ചില ദിവസങ്ങൾക്ക് മുൻപ്, ജി. എഫ്. എ യുടെ നല്ലൊസപ്പാറ (മഹാരാഷ്ട്ര) ട്രെയിനിങ് സെന്ററിലെ ഒരു വിദ്യാർത്ഥി മരിച്ചതിനെത്തുടർന് അവിടേക്ക് പോകേണ്ടതുണ്ടായിരുന്നു. പല തരത്തിലുള്ള തടസങ്ങൾ ഉണ്ടായെങ്കിലും ഞാൻ വിശ്വാസത്താൽ യാത്ര തിരിച്ചു. അന്ന് M.Th (Social Analysis) മൂന്ന് വർഷമാണ്. ചിലരെ അവർ രണ്ട് വർഷത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ട്. ഞാൻ ദൈവത്തോട് പറഞ്ഞു: 'രണ്ട് വർഷത്തെ പ്രോഗ്രാമിൽ എനിക്ക് പ്രവേശനം കിട്ടുകയാണെങ്കിൽ ഞാൻ ഇത്തവണ M.Th പഠിക്കും ഇല്ലെങ്കിൽ തിരിച്ചു മിഷൻ ഫീൽഡിലേക്കു പോകും.' ദൈവം എന്റെ ആഗ്രഹത്തെ മാനിച്ചു. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാമതെത്താൻ ദൈവം കൃപ ചെയ്തു. അങ്ങനെ രണ്ട് വർഷത്തെ പ്രോഗ്രാമിന് എനിക്ക് അഡ്മിഷൻ കിട്ടി. പ്രവേശനം കിട്ടിയ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാരണം ഫീസ് എങ്ങനെ അടയ്ക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. മാത്രവുമല്ല മധുരയിലെ കൊതുകുകൾ പുതിയ ഒരു ഇരയെ കിട്ടിയ അവസരം നന്നായി വിനയോഗിക്കുകയും ചെയ്തു.
പിറ്റേന്ന് വൈകിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്. രാത്രി 10 മണി കഴിയുമ്പോളാണ് മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ. അതിന് പോകാം എന്ന് പലരും പറഞ്ഞെങ്കിലും ഇത്തിരി നേരത്തേ വീട്ടിൽ എത്താം എന്ന് കരുതി ബസിന് പോകാം എന്ന് തീർച്ചയാക്കി മധുരൈയിൽ നിന്നും ചെങ്കോട്ടയ്‌ക്കുള്ള ബസിൽ കയറി ചെങ്കോട്ടയിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് കേരളത്തിലേക്ക് ഉള്ള ബസുകൾ എല്ലാം പോയെന്നും, ആകെയുള്ളത് അതുവഴി കടന്നുപോകുന്ന മധുരൈ കൊല്ലം പാസഞ്ചർ ട്രെയിൻ ആണെന്നും. ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ എത്തുന്നത് രാവിലെ മൂന്ന് മണി കഴിയുമ്പോളാണ്. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ലോക്കൽ ടിക്കറ്റ് എടുത്തിട്ട് റിസർവേഷൻ കംപാർട്മെന്റിൽ കയറി T.T.E യെക്കൊണ്ട് റിസർവേഷൻ എഴുതി വാങ്ങാം എന്ന് കരുതി ടിക്കറ്റും എടുത്തു. നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. വളരെ കുറച്ചു സമയം മാത്രമേ ട്രെയിൻ ചെങ്കോട്ട സ്റ്റേഷനിൽ നിർത്തുകയുള്ളു. സമയം കുറവായതിനാൽ ഞാൻ ഓടിച്ചെന്ന് റിസർവേഷൻ കംപാർട്മെന്റിൽ കയറാൻ ശ്രമിച്ചു. പക്ഷേ വാതിലുകൾ എല്ലാം അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണ്. യാത്രക്കാരോട് തുറക്കാൻ ആവശ്യപ്പെട്ടിട്ട് ആരും തുറക്കാതിരുന്നപ്പോൾ വാതിലിന്റെ വിടവിലൂടെ ഇടതു കൈ ഇട്ട് തുറക്കാൻ ഞാൻ ഒരു ശ്രമം നടത്തി. അപ്പോളേക്കും ട്രെയിൻ പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി. എന്നാൽ ജനറൽ കംപാർട്മെന്റിൽ കയറാം എന്ന് കരുതി കൈ എടുക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. കൈയിൽ കെട്ടിയിരുന്ന വാച്ച്, ട്രെയിന്റെ വാതിലിന്റെ കമ്പിക്കിടയിൽ കുടുങ്ങിപോയി. അത് അഴിക്കാൻ ഒട്ട് നേരവുമില്ല. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ വളരെ വേഗം കടന്നു പോയി. കൈ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര നേരം ഇങ്ങനെ തൂങ്ങി കിടക്കാനാകും...? ചെങ്കോട്ട പുനലൂർ റൂട്ടാണ്. വളരെ ഇടുങ്ങിയ വഴിയാണ്. കുറെ കഴിയുമ്പോൾ എന്റെ കൈ കുഴയും. ഞാൻ എന്ത് ചെയ്യും...? ജീവിതം തീരാൻ പോവുകയാണ്... മരണം ഇതാ തൊട്ട് മുന്പിൽ... ഞാൻ ചെല്ലുന്നതും കാത്ത് അമ്മ വഴിക്കണ്ണുമായിട്ട് ഇരിക്കുകയാണ്. അമ്മയെ കാണാൻ ആഗ്രഹം തോന്നി. ദൈവമേ ഉപരി പഠനം അവിടുത്തേക്ക് ഹിതം അല്ലായിരുന്നോ? ട്രെയിനിന് വേഗം കൂടുന്നതനുസരിച്ച് ഞാൻ ട്രെയിനിന്റെ ഒപ്പം നടക്കുകയാണ്. മരണ ദൂതന്റെ തണുത്ത കര സ്പർശനം... ദൈവമേ എന്ന് വിളിച്ചുകൊണ്ട് ഞാൻ വീണ്ടും ശക്തിയായി കൈ പുറത്തേക്ക് വലിച്ചു. വാച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും കൈ പുറത്തെടുക്കാനായി. അപ്പോളേക്കും പുറകിലത്തെ ജനറൽ കംപാർട്മെന്റ് എന്റെ അടുത്തെത്തി കഴിഞ്ഞു. ആളുകൾ ഇടിച്ചു കയറുകയാണ്. എന്റെ ശരീരം വിറയ്‌ക്കുകയാണ്. വലതു കൈയിൽ ബാഗ് ഉണ്ടങ്കിലും ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ എങ്ങനെയോ കയറി പറ്റി. അല്ല ദൈവം എന്നെ കയറ്റുക ആയിരുന്നു. മരണ നിഴലിന്റെ താഴ്‌വരയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കരം പിടിക്കുന്ന സർവ ശക്തനായ ദൈവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ