രണ്ടു വർഷം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഗുജറാത്ത് മധുരിക്കുന്നതും കയ്‌പ്പേറിയതുമായ ഒരുപിടി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2001 ലെ ഭൂകമ്പം, 2002 ലെ വർഗ്ഗീയ ലഹള അടക്കം കുറെ അനുഭവങ്ങൾ. അതിനെക്കുറിച്ചു പിന്നീടൊരിക്കൽ എഴുതാം.
ട്രെയിൻ യാത്ര ധാരാളം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ എയർപോർട്ടിൽ പോയിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ തിരുവനന്തപുരം എയർപോർട്ടിന്റെ പുറകിൽ നിന്ന് വിമാനം പറന്നുയരുന്നത് ഒരിക്കൽ എസ്‌കർഷനു പോയപ്പോൾ കണ്ടിട്ടുണ്ട്. എയർപോർട്ട് കാണാനുള്ള സ്വപ്നവുമായി നടക്കുബോളാണ് ഞാൻ പ്രവർത്തിച്ചിരുന്ന സുവിശേഷ സംഘടനയുടെ പ്രവർത്തനങ്ങൾ കാണാൻ ഒരു സായിപ്പ് അമേരിക്കയിൽ നിന്നുംവരുന്നത്. വൈകിട്ടാണ് അദ്ദേഹം എത്തുക. അന്ന് ഒപ്പം വർക്ക് ചെയ്യുന്ന Samuel Mathew ആണ് സായിപ്പിനെ കൂട്ടിക്കൊണ്ട് വരാൻ പോകൂന്നത്. അദ്ദേഹം എന്നോട് ചോദിച്ചു സജി വരുന്നെങ്കിൽ വാ നമുക്കൊരുമിച്ചു പോകാം. എനിക്ക് സന്തോഷം ആയി. എയർ പോർട്ട് കാണാൻ ഉള്ള ഒരു അവസരം വന്ന് ചേർന്നിരിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ ഞാനും അഹമ്മദാബാദിലേക്ക് പോയി. ആദ്യം പോയത് അഹമ്മദാബാദിലുള്ള ഒരു ബൈബിൾ ട്രെയിനിങ് സെന്ററിലേക്കാണ്. അവിടെ നിന്നും സംസ്ഥാനത്തിന്റെ ചുമതല ഉള്ള ഒരാളെക്കൂടെ കൂട്ടണമായിരുന്നു. അദ്ദേഹം എന്നെ കണ്ടപ്പോൾ കോപപരവശനായി പറഞ്ഞു: "നീ എന്തിനാണ് വന്നത്? എയർ പോർട്ടിൽ ഞങ്ങൾ പൊയ്ക്കൊള്ളാം നീ തൽക്കാലം ഇവിടെ ഇരുന്നാൽ മതി." അദ്ദേഹത്തിന്റെ മാതൃഭാഷയിൽ പിന്നേയും എന്തൊക്കെയോ പറഞ്ഞിട്ട് അവർ പോയി. എനിക്ക് വലിയ അപമാനഭാരവും വിഷമവും തോന്നി.
അന്ന് എന്റെ സ്നേഹിതരിൽ ഒരാളായ Prabhakar Malladi ആയിരുന്നു ആ സെന്ററിന്റെ ചുമതല വഹിച്ചിരുന്നത്. എന്റെ വിഷമം കണ്ടപ്പോൾ താൻ പറഞ്ഞു "സജി സാറേ...എനിക്ക് സാറിന്റെ വിഷമം മനസ്സിലാകുന്നുണ്ട്...ദൈവ നാമ മഹത്വത്തിനായി ഈ പ്രയാസം സാറിന് ഒരു അനുഗ്രഹമായി തീരും." അത് കേവലം ഒരു ആശ്വാസ വാക്ക് ആയിരുന്നില്ല. പ്രവചനം ആയിരുന്നു. Trivandrum, London Heathrow, Mumbai, Frankfurt airport Germany, JFK New York, Newark airport, LAX, Fort Lauderdale airport, Kuwait International Airport, O'Hare International Airport, Hartsfield–Jackson Atlanta International Airport, Abu Dhabi International Airport, Philadelphia International Airport, Pittsburgh International Airport, Dallas/Fort Worth International Airport, Denver International Airport, George Bush Intercontinental/ Houston Airport, Phoenix Sky Harbor International Airport...അങ്ങനെ നീളുകയാണ് പോയിട്ടുള്ള എയർ പോർട്ടുകളുടെ നിര. ഓരോ എയർ പോർട്ടിൽ ഇറങ്ങുന്പോഴും ആ സംഭവം ഞാൻ ഓർക്കാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ