2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

"നിങ്ങളുടെ വാക്കുകൾ നിങ്ങളുടേതല്ല".


ഒരിക്കൽ അവിചാരിതമായി എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് കാതോലിക്കേറ്റ് കോളേജിന്റെ മാഗസിൻ കാണാൻ ഇടയായി. പഠിച്ച കോളേജ് അല്ലേ എന്ന് കരുതി വെറുതെ താളുകൾ മറിച്ചപ്പോൾ കവിതകളിൽ ഒരെണ്ണത്തിന്റെ തുടക്ക വരികൾക്ക് നല്ല പരിചിത ഭാവം. തുടർന്നുള്ള വായനയിലാണ് അറിയുന്നത്, മുൻപൊരിക്കൽ പഠിച്ചിരുന്ന സെമിനാരിയുടെ വാർഷിക പതിപ്പിന് വേണ്ടി ഞാൻ എഴുതിയ കവിത, ചെറിയ തിരുത്തു വരുത്തി ഏതോ ഒരാൾ തന്റെ പേരിൽ കൊടുത്തിരിക്കുന്നു. ഞാൻ ഇക്കാര്യം എന്റെ സുഹൃത്ത് സിബിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. "ഇത് ഇങ്ങനെ വിട്ട് കൂട നമുക്ക് പ്രിൻസിപ്പലിനോട് പരാതി കൊടുക്കാം" അന്ന് ഉണ്ണികൃഷ്ണൻ പൂഴിക്കാടോ മറ്റോ ആണ് മാഗസിൻ എഡിറ്റർ. ഞങ്ങൾ ഉണ്ണികൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. ആ മാഗസിനിൽ ഉണ്ണികൃഷ്ണന്റെ ഒരു കവിതയും ആരോ പേര് മാറ്റി കൊടുത്തിരുന്നു എന്ന് പിന്നീടാരോ പറഞ്ഞു. 

പ്രിൻസിപ്പലിനോട് ഞാൻ പറഞ്ഞു ഇത് സാഹിത്യ മോഷണം ആണ്. കേസ് കൊടുക്കാൻ വകുപ്പുള്ളതാണ്. അദ്ദേഹം പ്രസ്തുത വിദ്യാർത്ഥിയെ വിളിച്ചു പറഞ്ഞു, 'ആ കവിതയുടെ ഉടമസ്ഥൻ കേസ് കൊടുക്കാൻ വകുപ്പുണ്ടന്നു പറഞ്ഞിട്ടാണ് പോയതെന്ന്.'
അങ്ങനെ ആ വിദ്യാർത്ഥിയും തന്റെ ഒരു സ്നേഹിതനും കൂടെ എന്റെ വീട്ടിൽ ചെന്ന് എന്റെ വിശദശാംശങ്ങൾ ഒക്കെ എടുത്തു. ഞാൻ അന്ന് അടൂർ മണക്കാല സെമിനാരിയിൽ പഠിക്കുകയാണ്.

ഒരു ദിവസം ഒരു സെമിനാർ പേപ്പർ അവതരിപ്പിക്കാൻ തുടങ്ങുംപോൾ മേപ്പടിയാനും തന്റെ സ്നേഹിതനും കൂടെ എന്നെ അന്വേഷിച്ചു വന്നു. അവർ എന്നോട് പറഞ്ഞു 'അച്ചോ ഒരു തെറ്റു പറ്റി പോയി. ക്ഷമിക്കണം. ദയവുചെയ്ത് കേസ് കൊടുക്കല്ലേ. ഞങ്ങൾ എന്തോ വേണമെങ്കിലും ചെയ്യാം.'
ഞാൻ പറഞ്ഞു: കേസ് ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ ഒരു കാര്യം ചെയ്യണം. ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്. ഇത് തെറ്റാണ്. പൊയ്‌ക്കോളൂ. ആശ്വാസത്തോടെ മടങ്ങി പോയ അയാളെ ഞാൻ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല


P. S: ഈ കുറിപ്പ് ഫേസ് ബുക്കിൽ ഇട്ടപ്പോൾ എന്റെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞ കമന്റ് ആണ് ഇതിന്റെ തലക്കെട്ട് "നിങ്ങളുടെ വാക്കുകൾ നിങ്ങളുടേതല്ല".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ