ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്; അവിടുന്ന് വാതിലുകൾ തുറക്കുന്നവനാണ് എന്നാണ്. എന്നാൽ ചിലപ്പോഴൊക്കെ ദൈവം ചില വാതിലുകൾ നമ്മുടെ മുൻപിൽ കൊട്ടി അടയ്‌ക്കാറുണ്ട്. എന്റെ മുന്പിൽ ദൈവം അടച്ച ഒരു വാതിലിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്.
സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒരു ഡോക്ടറേറ്റ് എടുക്കുക എന്നത് എന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അക്കാര്യം ദൈവത്തോട് പറയുകയും സ്ഥിരമായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ 2009-ൽ മധുരൈയിലെ T.T.S-ൽ അപേക്ഷിക്കുകയും പ്രവേശനം ലഭിക്കുകയും ചെയ്തു. ആ വർഷം ഡോക്ടറൽ വിദ്ധ്യാർത്ഥികൾക്കുള്ള മെഥഡോളജിയുടെ ക്ലാസ് ബാംഗ്ളൂർ യുണൈറ്റഡ് തിയളോജിക്കൽ കോളേജിൽ (U.T.C) ആയിരുന്നു. രണ്ട് ആഴ്ച്ചത്തെ ക്ലാസ്സിന് പതിനായിരം രൂപ ആയിരുന്നു അന്നത്തെ ഫീസ്. ആ ഫീസ് അടച്ച് ക്ലാസ്സിന് സംബന്ധിച്ചു. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും സ്റ്റഡി ലീവിനുള്ള കാര്യങ്ങൾ ക്രമീകരിച്ചു. അന്ന് T.T.S-ൽ ഡോക്ടറൽ വിദ്ധ്യാർത്ഥികളിൽ നിന്നും 135000/- രൂപയാണ് പ്രതിവർഷം ഫീസ് ഇനത്തിൽ ഈടാക്കിയിരുന്നത്. പഠിപ്പിച്ചിരുന്ന സ്ഥാപനങ്ങളിൽ നിന്നും ശന്പളം തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് ഫീസ് അടയ്‌ക്കാൻ തികയുമായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്ന പണം ഒക്കെ മെഥഡോളജി ക്ലാസ് കഴിഞ്ഞപ്പോഴേക്കും തീർന്നായിരുന്നു. ജൂൺ 13 ശനിയാഴ്ച്ച 5 മണിക്കാണ് ഓപ്പണിങ് സർവീസ്. ജൂൺ ആദ്യ വാരത്തിലും പണം ഒന്നും ശരിയായില്ല. അപ്പോഴാണ് T.T.S-ൽ പഠിച്ചുകൊണ്ടിരുന്ന D. Mathews(Mathews Daniel) സാർ എന്നോട് പറയുന്നത് 'സജി സാറേ പ്രിൻസിപ്പലിനെ ഒന്ന് കണ്ട് നോക്ക് ഒരു പക്ഷേ ഫീസിന്റെ കാര്യത്തിൽ എന്തെങ്കിലും ഇളവ് ചെയ്‌തേക്കും.' ആ ഇടയ്‌ക്കാണ് Dr. Gnanavaram പ്രിൻസിപ്പലായി ചുമതല ഏറ്റത്. അത് ഒരു നല്ല ആശയം ആണെന്ന് എനിക്കും തോന്നി. അങ്ങനെ ജൂൺ മാസം 5-)൦ തീയതി വെള്ളിയാഴ്ച രാവിലെ പ്രിൻസിപ്പലിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു. നന്നേ വെളുപ്പിന് മാത്യു സാറിനെ വിളിച്ചുണർത്തി അവിടെ നിന്നും കുളിയും പ്രഭാത ഭക്ഷണവും ഒക്കെ കഴിഞ്ഞാണ് പ്രിൻസിപ്പലിനെ കാണാൻ പോയത്. അദ്ധേഹവുമായി ഫീസ് ഇളവിനെപ്പറ്റി സംസാരിച്ചു. അദ്ദേഹം പറഞ്ഞു കുടുംബമായി ക്യാന്പസിൽ താമസിക്കുകയാണെങ്കിൽ 135000/- രൂപയും കൊടുക്കണം. അതല്ല ഞാൻ ഒറ്റയ്‌ക്കാണങ്കിൽ 100000/- രൂപാ കൊടുത്താൽ മതിയാകും. തന്നെയുമല്ല ആദ്യ ഗഡുവായ 50000/- രൂപയ്‌ക്കു പകരം 25000/- രൂപ നൽകിയാൽ മതി എന്ന്. നാൽപ്പത്തിയഞ്ച് മിനിറ്റോളം നീണ്ട സംഭാഷണത്തിനൊടുവിൽ താൻ പറഞ്ഞു. 25000 രൂപാ ഉണ്ടങ്കിൽ സജി വന്നോളൂ; ഇല്ലെങ്കിൽ തന്റെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ.
ഇരുപത്തയ്യായിരം രൂപാ എടുക്കാനില്ലാത്ത വിഷമത്തോടെയാണ് ഞാൻ വീട്ടിലേക്ക് മടങ്ങി പോയത്. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും നിറം മങ്ങുന്പോൾ ഉണ്ടാകുന്ന ഒരു വല്ലാത്ത അവസ്ഥ. അത് വിവരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മെഥഡോളജിയുടെ ക്ലാസ് നടക്കുന്പോളാണ് അമേരിക്കയിൽ നിന്നും ഡോക്ടറേറ്റിനുള്ള അഡ്മിഷൻ ലെറ്റർ കിട്ടുന്നത്. പക്ഷേ വിദേശ പഠനത്തിന് നാട്ടിലേക്കാൾ ചിലവാണ്. എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുന്പോൾ എന്റെ ജേഷ്ഠൻ പറഞ്ഞു വീസ പ്രോസസ്സിങ്ങിനുള്ള 10000 രൂപ താൻ തരാം വെറുതേ എംബസ്സിയിൽ ഒന്ന് പോയി നോക്ക്. അങ്ങനെ 25000 രൂപ എടുക്കാൻ ഇല്ലാഞ്ഞതിനാൽ എനിക്ക് അമേരിക്കൻ എംബസ്സിയിൽ പോകേണ്ടി വന്നു. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ തിരിച്ചറിയുന്നു; ദൈവം ആ വാതിൽ എനിക്ക് മുന്പിൽ അടച്ചതായിരുന്നു.
"എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നേ, സകലവും നന്മയ്‌ക്കായി കൂടി വ്യാപാരിക്കുന്നു എന്ന് നാം അറിയുന്നു." (റോമർ 8:28)