ഉപരി പഠനം എക്കാലത്തേയും എന്റെ സ്വപ്നവും പ്രാർത്ഥനയും ആയിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തീക പശ്ചാത്തലം ഇല്ലായിരുന്നു താനും. മണക്കാല ഫെയ്‌ത് തിയളോജിക്കൽ സെമിനാരിയിൽ ബിരുദ പഠനം തീരാറായ സമയത്താണ് എന്റെ പഴയ സ്നേഹിതരായിരുന്ന സിബിയും, ജോൺസൻ ജോർജ് സാറും ഒരു ദിവസം എനിക്ക് ഫോൺ ചെയ്യുന്നത്. അവർ അന്ന് സെറാംപൂരിൽ പഠിക്കുകയാണ്. ജോൺസൻ സാറിനെ പരിചയപ്പെടുന്നത് തിരുവല്ലയിൽ ക്രൈസ്‌തവ ബോധി നടത്തിയ ഒരു കഥ അരങ്ങിൽ വച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരും അന്ന് കഥകൾ അവതരിപ്പിച്ചിരുന്നു. ഫോൺ ചെയ്തപ്പോൾ ജോൺസൻ സാർ പറഞ്ഞു 'ഗോസ്പൽ ഫോർ ഏഷ്യക്ക് ബിരുദ ധാരികളെ ആവശ്യം ഉണ്ട്; അവർ താൽപ്പര്യം ഉള്ളവരെ ഉപരി പഠനത്തിന് അയക്കും. അങ്ങനെ ഞാൻ സാർ പറഞ്ഞത് അനുസരിച്ചു ജി. എഫ്. എ യിലെ ശാമുവേൽ മാത്യു സാറിനെ കണ്ടു. അദ്ദേഹത്തിനും താൽപ്പര്യം ആയി. ഒരു വർഷം കഴിയുമ്പോൾ എം.റ്റി.എച്ച് നു വിടാം എന്ന് താനും പറഞ്ഞു. അങ്ങനെ ഞാൻ ജി. എഫ്. എ. യിൽ ചേർന്നു. പ്രഥമ നിയമനം ഗുജറാത്ത് ആയിരുന്നു. ഊണിലും ഉറക്കത്തിലും എല്ലാം ഞാൻ എന്റെ ഉപരി പഠന സ്വപ്നം താലോലിച്ചുകൊണ്ടിരുന്നു. ഒരു രാത്രി എന്റെ കിടക്കയ്ക്കു അരുകിൽ ഒരാൾ വന്നിട്ട് എന്നോട് പറഞ്ഞു, 'മകനെ നീ വിഷമിക്കേണ്ട ഞാൻ നിന്നെ ഉപരി പഠനത്തിന് വിടും' ആ സ്വപ്നം എന്റെ പകൽ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകർന്നു.
ഗുജറാത്തിൽ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അവസരങ്ങൾ തന്നു. കുറെ നാൾ ഗുജറാത്തിനും രാജസ്ഥാനും അതിർത്തിയിലുള്ള ജാലോധ് എന്ന സ്ഥലത്തുള്ള ഒരു ട്രെയിനിങ് സെന്ററിൽ പ്രവർത്തിച്ചു. അപ്പഴാണ് ഉപരി പഠനത്തിനുള്ള അപേക്ഷ അയക്കുന്നത്. അന്ന് എബി സാറാണ് മിഷന്റെ ഡയറക്ടർ. അദ്ദേഹം എന്നോട് വിശദശാംശങ്ങൾ ചോദിക്കുകയും സംസ്ഥാന ഓഫീസിൽ നിന്നും അനുവാദം വാങ്ങാൻ പറയുകയും ചെയ്തു. അങ്ങനെ ഞാൻ സ്റ്റേറ്റ് ഓഫീസിലേക്ക് അപേക്ഷ അയച്ചിട്ട് രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രെയിനിങ് സെന്റർ ഗുജറാത്ത് സംസ്ഥാന ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന സുനാവ് കോംപൗണ്ടിലേക്കു മാറ്റുന്നത്. അവിടെ എത്തി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസ് ക്ലീൻ ചെയ്ത് ചവറുകൾ തീയിടുമ്പോൾ എന്റെ സ്നേഹിതനും സഹപ്രവർത്തകനും ആയിരുന്ന ശാമുവേൽ മാത്യു, ഞാൻ അയച്ച അപേക്ഷ ചവറുകൾക്കിടയിൽ നിന്നും എടുത്തിട്ടു എന്റെ നേരേ നീട്ടി. അത് കണ്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു നൊമ്പരം ഉണ്ടായി. ഞാൻ അത് വാങ്ങി ആളി കത്തുന്ന തീ നാളങ്ങളിലേക്ക് നീട്ടി പിടിച്ചു കത്തിച്ചു കൊണ്ട് പറഞ്ഞു "എന്റെ M.Th ന്റെ സ്വപ്നം ആണ് ഈ കത്തുന്നത്." രണ്ട് ദിവസം കഴിഞ്ഞു ഞാൻ ചാപ്പലിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രേത്യേക പ്രേരണ ഉണ്ടായിട്ടു ഞാൻ പറഞ്ഞു 'ഈ കഴിഞ്ഞ ദിവസം ഞാൻ എന്റെ എം.റ്റി.എച്ചിന്റെ സ്വപ്‌നങ്ങൾ ചുട്ടെരിച്ചെങ്കിലും ആ ചാരത്തിൽ നിന്നും എനിക്ക് എം. റ്റി. എച്ച് തരാൻ ദൈവത്തിന് കഴിയും.'
ദിവസങ്ങൾ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. അതിനിടക്ക് ഞാൻ മധുര റ്റി.റ്റി.എസ് ൽ നിന്നും അപേക്ഷ വരുത്തി. പൂരിപ്പിച്ചു വച്ചു. മാർച്ച് മാസം ഒന്നാം തീയതി ആയിരുന്നു അപേക്ഷ അയക്കേണ്ട അവസാന തീയതി. പക്ഷെ ഞാൻ കരുതി മാർച്ച് 31 ആണ് deadline. മാർച്ച് 23 ന് ഞാൻ പൂരിപ്പിച്ചു വച്ച അപേക്ഷ എടുത്തു നോക്കിയപ്പോഴാണ് അറിയുന്നത് 23 ദിവസങ്ങൾ താമസിച്ചിരിക്കുന്നു. നിരാശയോടെ ഞാൻ എന്റെ കിടക്കയിൽ താടിക്ക് കയ്യും കൊടുത്തിരുന്നപ്പ്പോൾ ആ പഴയ സ്വപ്നം മനസിലേക്ക് ഓടി എത്തി. എന്റ അരുകിൽ നിന്ന് ആരോ പറയുകയാണ് '23 ദിവസം താമസിച്ചത് കാര്യം ആക്കേണ്ട അപേക്ഷ ഉടൻ അയയ്കുക'. അങ്ങനെ ഞാൻ T.T.S ലേക്ക് അപേക്ഷ അയച്ചു. അഡ്മിഷൻ കിട്ടി. ജി.എഫ്. എ യുടെ സഹായം കൂടാതെ പഠനം പൂർത്തിയാക്കാൻ ദൈവം സഹായിച്ചു. T.T.S ൽ കൂടെ പഠിച്ച മാത്യു വർഗീസ് ആണ് അമേരിക്കയിലേക്ക് വരാൻ സഹായിച്ചത്. അക്കാര്യം പിന്നീട് ഒരിക്കൽ പങ്കുവയ്ക്കാം.
ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നതോടൊപ്പം എന്റെ ആദ്യത്തെ ലീഡറും ഉപരിപഠനത്തിനു പോകണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജോണി സാറിനും (Johny A George), ജോൺസൻ (Johnson George) സാറിനും സ്നേഹിതനായ ശാമുവേലിനും പാസ്റ്റർ മാത്യു വര്ഗീസിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ