ഞാൻ തമിഴ്‌നാട് തിയളോജിക്കൽ സെമിനാരിയിൽ പഠിക്കുന്ന സമയം. ഒന്നാം വർഷം കഴിയാറായി. എല്ലാവരും തീസിസിന്റെ മെറ്റീരിയൽ ശേഖരിക്കാനുള്ള തിരക്കിലാണ്. 'ഗുജറാത്തിൽ 2002-ൽ ഉണ്ടായ വർഗ്ഗീയ കലാപം' ആണ് എന്റെ വിഷയം. അവിടെ പോകണം, കലാപത്തിൽ ഇരയായ ആളുകളെ കാണണം... എന്റെ കൈയിൽ അതിനുള്ള പണം ഇല്ല. അന്ന് വലിയ ഞെരുക്കം ഉള്ള സമയം ആണ്. അപ്പോൾ ആരോ പറഞ്ഞു ഞങ്ങളുടെ ഡിപ്പാർട്മെൻറ് ഇത്തരം പഠനങ്ങൾക്ക് സാമ്പത്തീക സഹായം നൽകും പോലും. അവർക്ക് അന്ന് നല്ല ഫണ്ട് ഉണ്ട് താനും. ഞാൻ ഡിപ്പാർട്മെന്റിനെ സമീപിച്ചു. അവർ കുറെ അപേക്ഷകൾ അവിടെ കൊടുക്ക് ഇവിടെ കൊടുക്ക് എന്നൊക്കെ പറഞ്ഞു എന്നെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയതല്ലാതെ സഹായിച്ചില്ല. ( അന്ന് പഠിച്ച ഒരു phrase ഉണ്ട്. Situation is shuttling me back and forth) അങ്ങനെ ഇരിക്കുമ്പോൾ കമ്മ്യൂണിക്കേഷനിൽ മാസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരുന്ന Mathew Varughese പറഞ്ഞു 1000 രൂപ താൻ തരാമെന്ന്. അങ്ങനെ അദ്ദേഹം തന്ന പണം കൊണ്ട് ഒരു വഴിക്കുള്ള ടിക്കറ്റ് എടുത്തു മറ്റ് ചില ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞപ്പോൾ പോക്കറ്റ് കാലി ആയി. ഇനി എന്താ ചെയ്യുക? വഴിച്ചിലവിനു എന്തെങ്കിലും വേണം. ഗുജറാത്തിൽ ഒരു പത്തിരുപതു ദിവസം എങ്കിലും താമസിക്കണം. ദൈവം സഹായിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ യാത്ര പോകേണ്ട ദിവസം ആയി. തയാറെടുപ്പുകൾ നടക്കുമ്പോൾ വീടിന് മുൻപിലുള്ള പുഴയ്‌ക്ക് അക്കെരെ നിന്ന് ഒരു വിളികേട്ടു. ഇറങ്ങിനോക്കിയപ്പോൾ എന്റെ സ്നേഹിതനായ Jerrin Robert ഉം സഹോദരൻ Japa Singh ഉം ആണ്. (ഞങ്ങളോട് വളരെ അധികം ചേർന്ന് നിന്നിട്ടുള്ള ഒരു കുടുംബം ആണ് അവരുടേത്) പുഴ കടന്ന് ചെന്നപ്പോൾ എന്റെ കൈയിൽ കുറെ പണം വച്ച് തന്നിട്ട് പറഞ്ഞു ഇത് വഴിച്ചിലവിനുള്ളതാണ് ഇരിക്കട്ടെ. വേണ്ടാ എന്ന് പറഞ്ഞു ഔചിത്യം കാണിക്കാൻ ശ്രമിച്ചെങ്കിലും അവർ നിർബന്ധിച്ച് കൈകളിൽ വച്ച് തന്നു.
പിന്നെ യാത്രായാണ്...അഹമ്മദാബാദിലേക്കാണ് നേരെ പോയത്. കലാപത്തിന്റെ ബാക്കി പത്രം എങ്ങും കാണാമായിരുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ...പാതിവൃത്യം നഷ്ടപ്പെട്ട പെങ്ങന്മാർ...മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കൾ...ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട മനുഷ്യ ജീവിതങ്ങൾ...നിരപരാധികളുടെ ശവക്കൂനകളുടെ മുകളിൽ കയറിനിൽക്കുന്ന നേതാക്കൾ...നിരപരാധികളുടെ രക്തം കുടിച്ചു വീർത്ത കുള അട്ടകൾ...അവരുടെ നാട്ടിൽ...
നേരേ പോയത് പഴയ ഒരു സുഹൃത്തായ Prabhakar ന്റെ അടുത്തേക്കാണ്. അദ്ദേഹത്തിന് അന്നുള്ള ക്രമീകരണത്തിന് എന്നെ കൂടെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഒരു dormitory ഒരു രാത്രിയിലേക്ക് എടുത്തു. പിറ്റേന്ന് ഞായർ ആഴ്ച്ചയാണ്. ചർച്ചിൽ പോകണം. മണിനഗറിൽ ഒരു ചെറിയ കൂട്ടം ഉണ്ടന്ന് അറിഞ്ഞു അവിടെ ആരാധനയിൽ സംബന്ധിച്ചു. ഗുജറാത്തിൽ പലയിടത്തും സഭകൾ ഉള്ള ഒരാൾ ആണ് അന്ന് അവിടുത്തെ പാസ്റ്റർ. ആവശ്യപ്പെട്ടതനുസരിച്ചു അന്ന് അവിടെ വചനം സംസാരിച്ചു. യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ നല്ല വിശപ്പായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന പണം ഏറെക്കുറെ തീർന്നിരുന്നു. അതുകൊണ്ട് ആഹാരം കഴിപ്പ് തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ആണ് അറിയുന്നത് തൊട്ടടുത്ത ഫ്ലാറ്റിൽ എന്റെ പഴയ സുഹൃത്തുക്കളിൽ ഒരാൾ താമസിക്കുന്നുണ്ടന്ന്...എന്തായാലും ഒന്ന് വിളിക്കാം എന്ന് കരുതി വാതിലിൽ മുട്ടി. കതക് തുറന്നത് സ്നേഹിതൻ ആണ്. ഉച്ച ഊണിന്റെ സമയം. മേശപ്പുറത്തു ചപ്പാത്തിയും, നല്ല നെയ്യൊക്കെ ചേർത്ത് ഉണ്ടാക്കിയ പരിപ്പ് കറിയും, ബസ്മതി റൈസും ഒക്കെ നിരത്തി വച്ചിരിക്കുന്നു...ഞാൻ കരുതി ദൈവം എത്ര വിശ്വസ്തൻ. എനിക്കായിട്ടു ഇതൊക്കെ ഒരുക്കി വച്ചിരിക്കുന്നു...പക്ഷെ അദ്ദേഹം എന്നോട് അകത്തു കയറി ഇരിക്കാൻ പോലും പറഞ്ഞില്ല...തിരക്കിട്ട് രണ്ട് വാക്ക് പറഞ്ഞുവെന്നു വരുത്തി...
വിശപ്പും നിരാശയും സഹിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി. താഴെ നിരത്തിന്റെ ഓരത്തുള്ള പൈപ്പിൽ നിന്നും വയർ നിറയെ വെള്ളം കുടിച്ചു. അപ്പോഴാണ് മറ്റൊരു സുഹൃത്ത് Dileep ന്റെ കാര്യം ഓർമ്മ വന്നത്. അടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ കയറി അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: അച്ഛാ എവിടെയാണ് നിൽക്കുന്നത് അവിടെത്തന്നെ നിൽക്കുക ഞാൻ ഇതാ വന്നു കഴിഞ്ഞു. പത്തിരുപതു മിനിട്ടു കഴിഞ്ഞപ്പ്പോൾ താൻ വന്നു. വിളിക്കാൻ താമസിച്ചതിനു എന്നെ കുറെ വഴക്കും പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ഇരുപതു ദിവസത്തോളം ഞാൻ താമസിച്ചു. ദിലീപും തന്റെ സഹോദരി മിനിയും എന്റെ അമ്മയുടെ ഉദരത്തിൽ പിറക്കാതെ പോയ എന്റെ സഹോദരങ്ങൾ ആണ്. അവർ എന്റെ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നു. ഞാൻ അന്ന് കടന്നു പോയ സാമ്പത്തീക ബുദ്ധിമുട്ടുകൾ അവരോടു ഞാൻ പറഞ്ഞിരുന്നില്ല. അവർക്കു അത് മനസിൽ ആയിരുന്നുവോ എന്ന് എനിക്ക് ഇന്നും അറിയില്ല.
ദൈവം തന്റെ മക്കളെ കരുതുന്നത് ഏതെല്ലാം വിധങ്ങളിലൂടെ ആണ് എന്ന് എന്നെ പഠിപ്പിക്കുക ആയിരുന്നു ആ അനുഭവത്തിലൂടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ