2017 മാർച്ച് 28, ചൊവ്വാഴ്ച

ദൈവീക കരുതൽ

എം. റ്റി. എച്ചിന് പ്രവേശനം കിട്ടിയ കാര്യം മുൻപ് എഴുതിയിരുന്നല്ലോ? ഇന്ന്; എം.റ്റി. എച്ചിന് പഠിച്ചുകൊണ്ടിരുന്നപ്പോൾ ലഭിച്ച ഒരു ദൈവീക കരുതലിനെക്കുറിച്ചാകട്ടെ. രണ്ടാം വർഷ ക്‌ളാസ് ആരംഭിച്ച ഇടക്കാണിത് നടക്കുന്നത്. മുൻപ് ഒരിക്കൽ സൂചിപ്പിച്ചതുപോലെ കടുത്ത സാമ്പത്തീക ബുദ്ധിമുട്ടിനിടയിലാണ് ഒന്നാം വർഷ പഠനം പൂർത്തിയാക്കിയത്. രണ്ടാം വർഷ ക്ലാസ് ആരംഭിച്ചപ്പോൾ അടയ്‌ക്കാൻ ആവശ്യമായ ഫീസ് കൈയ്യിൽ ഉണ്ടായിരുന്നില്ല. സാമ്പത്തീക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞു 'ഫീസ് മുഴുവൻ അടയ്‌ക്കാൻ ഇല്ലാതിരുന്ന നിനക്ക് ഡോർമിറ്ററിയുടെ താക്കോൽ തന്നത് ഭയങ്കര മണ്ടത്തരം ആയിപ്പോയി. ഇത് കൂടി കേട്ടപ്പോൾ എന്റെ വിഷമം ഇരട്ടിച്ചു. ദൈവത്തോട് ഞാൻ പറഞ്ഞു 'അവിടുന്ന് പറഞ്ഞിട്ടാണ് ഞാൻ ഉപരി പഠനത്തിന് വന്നത്. എന്നിട്ടും എന്തേ ഇങ്ങനെ?' 

അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഹോസ്റ്റലിലെ ഇന്റർകോമിൽ ഒരു കാൾ വന്നു. അറ്റൻഡ് ചെയ്തപ്പോൾ മറുതലയ്‌ക്കൽ റ്റി.റ്റി. എസ്സിലെ ഒരു അദ്ധ്യാപകന്റെ ഭാര്യ ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I) ഒരു ഡയോസിസിലെ ബിഷപ്പ് ക്യാൻഡിഡേറ്റ് ആയിരുന്നു അദ്ധ്യാപകൻ. T. T. S ലെ അദ്ധ്യാപകരെ അണ്ണൻ എന്നും അവരുടെ ഭാര്യമാരെ അക്കാ എന്നുമാണ് വിളിക്കുന്നത്. അക്കയുമായി ഞാൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. അക്ക ഫോണിൽ ആവശ്യപ്പെട്ടത് ഷാജി എന്നൊരാളുമായി സംസാരിക്കണം എന്നാണ്. ഞാൻ പറഞ്ഞു ഷാജി എന്ന് പേരുള്ള ആരും ഈ ഹോസ്റ്റലിൽ ഇല്ല. അപ്പോൾ പറഞ്ഞു റൂം നമ്പർ 1 1 2-ൽ താമസിക്കുന്ന ആളാണ്. ആ റൂമിൽ താമസിക്കുന്നത് ഞാൻ ആണ്. അതുകൊണ്ട് ഞാൻ പറഞ്ഞു: '1 1 2-ൽ താമസിക്കുന്നത് ഞാൻ ആണ് സജി വർഗ്ഗീസ്.' അപ്പോൾ അക്ക പറഞ്ഞു 'സാജിയെ ഒന്ന് കാണാൻ പറ്റുമോ? വൈകിട്ട് ഞാൻ സഹോദരിമാരുടെ മീറ്റിങ്ങിന് ചാപ്പലിൽ വരുന്നുണ്ട് അവിടം വരെ ഒന്ന് വരാമോ? തീർച്ചയായും വരാം എന്ന് പറഞ്ഞു ഫോൺ വച്ചു. 

ഏകദേശം അഞ്ചു മണി ആയപ്പോൾ ഞാൻ ചാപ്പലിലേക്കു ചെന്നപ്പോൾ അക്ക ബുക്ക് സ്റ്റോറിന്റെ മുൻപിൽ എന്നെ കാത്തു നിൽക്കുക ആയിരുന്നു. അക്ക എന്റെ വിശേഷം ഒക്കെ ചോദിച്ചിട്ടു പഴയ ഒരു തമിഴ് മാസികയിൽ പൊതിഞ്ഞു എനിക്ക് ഒരു ഗിഫ്റ്റ് തന്നു. മക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്നും ഈ ഗിഫ്റ്റ് തന്ന കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. ഞാൻ റൂമിൽ എത്തി പൊതി തുറന്നു നോക്കിയപ്പോൾ എന്റെ ഫീസ് കുടിശിക തീർക്കാൻ ആവശ്യമായ കൃത്യം തുക അതിൽ ഉണ്ടായിരുന്നു. 

ദൈവീക കരുതലിന്റെ ഭാഗമായി ദൈവം ഉപയോഗിക്കുന്ന എല്ലാവർക്കായും ദൈവത്തിന് ഒരായിരം നന്ദി. 

P.S: T.T.S ൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെ വിവാഹം നടന്നത്. വിവാഹ ശേഷം ഞങ്ങൾ കുടുംബമായി ആറു മാസത്തോളം സെമിനാരി ക്യാമ്പസിൽ താമസിച്ചിരുന്നു. അക്കാലയളവിൽ അക്ക; ഗിരിജയേയും വേറേ ചില സഹോദരിമാരേയും കൂട്ടി മിക്ക ദിവസങ്ങളിലും പ്രാർത്ഥിക്കുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ