കാലിഫോർണിയയിലെ എന്റെ പഠനത്തിന് ശേഷം ഇന്ത്യയ്‌ക്ക് മടങ്ങിപ്പോകാൻ ഞങ്ങൾ തയ്യാറെടുത്തു. ഇളയ കുഞ്ഞിന് പാസ്പോർട്ട് എടുത്തു. മറ്റു ചില ക്രമീകരണങ്ങൾ നടത്തിവരുമ്പോളാണ് അമേരിക്കയിൽ ഒരു സഭ തുടങ്ങാനുള്ള ദൈവീക നിയോഗം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക് മടങ്ങി പോകണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം ആദ്യം ഈ ഉൾവിളി ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ ചില സ്നേഹിതരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങൾ സഭാസംസ്ഥാപനത്തിന് പറ്റിയ ഇടം ആണ് എന്ന് അവർ അഭിപ്രായപ്പെട്ടു. പാസ്റ്റർ സന്തോഷ് തര്യൻ അദ്ധേഹത്തിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. പാസ്റ്റർ റോയ് ബേബി സ്റ്റാറ്റൻ ഐലന്റിലേക്കു ചെല്ലാൻ പറഞ്ഞു. പാസ്റ്റർ മാത്യു ജെയിംസ് ജേഴ്‌സിസിറ്റി നല്ല സാധ്യത ഉള്ള സ്ഥലം ആണന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ രാജ്യത്തിൻറെ കിഴക്കൻ തീരത്തേക്ക് പോകാം എന്ന് തീരുമാനിച്ചു. എന്നാൽ അതിന് ഞങ്ങൾക്ക് അത്യാവശ്യമായിരുന്നത് അൽപ്പം വലിപ്പമുള്ള ഒരു വാഹനം ആയിരുന്നു. കൈവശം ഉണ്ടായിരുന്നത് 99 മോഡൽ നിസ്സാൻ അൾട്ടിമാ കാർ. അത് അത് വിറ്റാൽ നല്ല ഒരു വാഹനം വാങ്ങാനുള്ള പണം കിട്ടുകയുമില്ല. ആ കാർ വാങ്ങാൻ സഹായിച്ച, ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സാംകുട്ടിച്ചായനുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ അദ്ദേഹം സാന്റിയാഗോയിൽ ഉള്ള ഒരാളുടെ വണ്ടി കൊടുക്കാനുണ്ടന്ന് പറഞ്ഞു എനിക്ക് അയാളുടെ നമ്പർ തന്നു. ഞാൻ വിളിക്കുകയും ചെയ്തു പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല. ഏതാണ്ട് രണ്ട് ആഴ്ച്ചയോളം ഞാൻ വാഹനത്തിനായി അന്വേഷിച്ചു നടന്നു. എന്നും രാവിലെ വീട്ടിൽ നിന്നും ഇറങ്ങും വാഹനം വിൽക്കുന്ന ഏജന്റുമാരെ കാണും, വില ഒത്തു വരാത്തതിനാൽ ഉച്ചതിരിഞ്ഞു മടങ്ങി വരും...
അങ്ങനെയാണ് ഞാൻ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള റോസ്സ് നിസ്സാനിൽ എത്തുന്നത്. ധാരാളം വണ്ടികൾ ഇങ്ങനെ കിടക്കുകയാണ്. അവ കാണിക്കാനായി ജോലിക്കാരിൽ ഒരാൾ എന്നെ വിളിച്ചുകൊണ്ടുപോയി. ഏത് തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ ഞാൻ ഒരെണ്ണം തെരഞ്ഞെടുത്തു. 23500 ഡോളർ ആണ് വില. ലോൺ ശരിയാക്കി തരാൻ ഡീലർഷിപ്പ് തയ്യാർ ആണ് പക്ഷെ. കോ- സൈൻ ചെയ്യാൻ ആളുണ്ടാവണം. നല്ല ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാവണം. ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ നല്ല ഒരു തുക വേണം. ജോലി ഉണ്ടാവണം. എനിക്കിതൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു ഈസ്റ്റ് കോസ്റ്റിലേക്ക് ഒരു ബെറ്റർ ജോബിനായി(Church Planting) പോവുകയാണ്. എനിക്ക് അതിനായി ഒരു വാൻ വേണം. അവർ പല ക്രെഡിറ്റ് കമ്പനികളുമായി സംസാരിച്ചു. ആരും കടം തരാൻ മുന്പോട്ടു വന്നില്ല. പക്ഷേ അവർ ശ്രമം തുടർന്നുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഞാൻ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങി വന്നു. ഒടുവിൽ ഒരു കമ്പനി ചുരുങ്ങിയ പലിശയ്‌ക്ക് ലോൺ തരാം എന്ന് സമ്മതിച്ചു. എന്നാൽ അവർ പറഞ്ഞ അത്രയും ഡൌൺ പേയ്‌മെന്റ് കൊടുക്കാൻ എന്റെ കൈയിൽ പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ രണ്ടായിരം ഡോളറിന്റെ പോസ്റ്റ് ഡേറ്റ് ഇട്ട ഒരു ചെക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ അതിനു സമ്മതിക്കുകയും രാത്രി 12 മണിയോടെ വണ്ടിയുടെ താക്കോൽ എനിയ്‌ക്ക് കിട്ടുകയും ചെയ്തു. ദൈവീക പ്രവർത്തിക്കു കോ-സൈൻ ചെയ്യാൻ ആൾ വേണമെന്നില്ല, ജോലി വേണം എന്നില്ല, നല്ല ക്രെഡിറ്റ് ഹിസ്റ്ററി വേണം എന്നില്ല... നമ്മുടെ ദൈവം പുരാതനായ ദൈവമാണ് അവിടുത്തെ പ്രവർത്തിക്ക് ഇവയൊന്നും ആവശ്യവും ഇല്ല.
വണ്ടി കിട്ടി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര തിരിച്ചു. അരിസോണയിൽ എത്തിയപ്പോൾ റോസ്സ് നിസ്സാനിൽ നിന്നും എന്റെ സ്റ്റാറ്റസ് ഏതാണ് എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഒരു കാൾ വന്നു. F-1 ആണെന്ന് ഞാൻ പറഞ്ഞു. അത് student status ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സ്റ്റാറ്റസിന്റെ ഒരു പകർപ്പ് അവർക്കു ഫാക്സ് ചെയ്യാൻ ആവശ്യപ്പെടുകയും ഞാൻ അത് അയച്ചുകൊടുക്കുകയും ചെയ്തു. മൂന്നര വർഷങ്ങൾ പിന്നിടുമ്പോഴും ആ ദൈവീക കരുതലിന്റെ ആശ്ചര്യം വിട്ടുമാറിയിട്ടില്ല.
P.S: നേരായ മാർഗ്ഗത്തിലൂടെ അല്ലാതെ പണം ഉണ്ടാക്കി പുതിയ വണ്ടി ഒക്കെ വാങ്ങിച്ചുകൊണ്ടാണ് ഞങ്ങൾ കാലിഫോർണിയായിൽ നിന്നും പോയത് എന്ന്, എന്നെ നന്നായി അറിയാത്ത ചിലർ പറഞ്ഞതായി പിന്നീട് അറിയാൻ കഴിഞ്ഞു. നമ്മെ നന്നായി അറിയുന്ന ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ