ഗുജറാത്ത് ആണ് പശ്ചാത്തലം. പഠനാന്തരം പ്രേഷിത പ്രവർത്തനത്തിന് ദൈവം അയച്ചത്; ആനന്ദിനടുത്തുള്ള സുനാവ് എന്ന ഒരു ചെറിയ ഗ്രാമത്തിലേക്കാണ്. അവിടെ ജി. എഫ്. എ (Gospel For Asia) യ്‌ക്ക് ഒരു ട്രെയിനിങ് സെന്റർ ഉണ്ട്. ഗ്രാമത്തിന്റെ പുറത്ത് കൃഷിയിടത്തിന് നടുവിലാണ് ക്യാംപസ്. ക്യാംപസിലാണ് സംസ്ഥാന ഓഫീസ് എങ്കിലും കോഓർഡിനേറ്ററും മറ്റ് സ്റ്റാഫും താമസിക്കുന്നത് താലൂക്ക് ആസ്ഥാനമായ Petlad എന്ന സ്ഥലത്താണ്. ഞാനും ഡ്രൈവർ ആയിരുന്ന ജോമോനും മാത്രമായിരുന്നു ക്യാമ്പസ്സിൽ പാർത്തിരുന്ന മലയാളികൾ.
സുനാവ് വളരെ സുന്ദരമായ ഒരു ഗ്രാമം ആണ്. ഗ്രാമത്തിലോട്ട് കയറുന്ന പ്രധാന വഴിയുടെ എതിർ വശത്താണ് സുനാവ് ഹോസ്പിറ്റൽ. അവിടെ മൂന്ന് നാല് മലയാളി കുടുംബങ്ങൾ ഉണ്ട്. അതിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവർ സുനാവു ഹോസ്പിറ്റലിലെ നഴ്സുമാർ ആണ്. പിന്നെയുള്ളത് സുനിൽ-ജയ ദമ്പതികൾ ആണ്. ഗ്രാമത്തിന്റെ മറു വശത്തും ഒരു മലയാളി കുടുംബം ഉണ്ട്. പാസ്റ്റർ ഏബ്രഹാമും കുടുംബം. എല്ലാവരും നല്ല സ്നേഹമുള്ളവർ.
ഗുജറാത്തിൽ എത്തി കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ടൈഫോയിഡും, മലേറിയായും ഒരുമിച്ചു വന്നു. വീട്ടിലെ ഇളയ പുത്രൻ എന്ന നിലയിൽ വീടുവിട്ട് ഇത്രയും ദൂരെ പോവുക എന്നത് വലിയ വിഷമം ഉള്ള കാര്യമായിരുന്നു. അപ്പോഴാണ് സുഖമില്ലായ്‌മയും. സുനാവ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ. അവിടെ ജോലിചെയ്തിരുന്ന കുഞ്ഞമ്മ ആന്റിയും, വത്സല ആന്റിയും ഒക്കെ ഒരു സഹോദരനെപോലെ എന്നെ ശുശ്രുഷിച്ചത് നന്ദിയോടെ സ്മരിക്കുന്നു. അന്നത്തെ എന്റെ ലീഡർ ആയിരുന്ന ജോണി സാറും സഹപ്രവർത്തകനായിരുന്ന ശാമുവേലും ഒക്കെ വലിയ സഹായം ചെയ്തു. ഇടയ്ക്കൊക്കെ അവർ കേരളത്തിലെ ആഹാരം ഉണ്ടാക്കി തരുമായിരുന്നു.
ആശുപത്രി വിട്ട് ക്യാമ്പസിൽ വന്നപ്പോൾ ഞാൻ നല്ലതുപോലെ ക്ഷീണിച്ചു. ടൈഫോയ്ഡ് വന്നതുകാരണം ആഹാരം ഒന്നും കഴിക്കാൻ വയ്യ. അങ്ങനെ ഇരിക്കെ O.M ന്റെ ഒരു ടീം ഒരു ഞായറാഴ്ച ക്യാമ്പസിൽ വന്നു. അന്ന് ഉച്ചയ്ക്ക് ബീഫും ചോറുമാണ്. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ല. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന മലയാളിയായ ജെയ്സൺ അടുക്കളയിൽ കയറി ഗോതന്പു പൊടി പാലിൽ കുറുക്കി പഞ്ചസാരയും ഇട്ട് തന്നു. ഞാൻ അൽപ്പസ്വൽപ്പം കഴിച്ചു. എനിക്ക് കേരളാ ഫുഡ് അല്ലാതെ ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ല.
പിറ്റേ ശനിയാഴ്ച second saturday ആയിരുന്നു. അന്ന് ഓഫീസ് അവധി ആയിരുന്നു. ക്യാംപസിനടുത്തു കുപ്പച്ചീര ധാരാളം ഉണ്ടായിരുന്നു. ഞാനും ജോമോനും കൂടെ അത് പറിച്ചുകൊണ്ടുവന്ന് അറിയാവുന്ന രീതിയിൽ തോരൻ വച്ച് കഴിച്ചു. അത് കഴിഞ്ഞപ്പോൾ ഇത്തിരി മീൻ കറി കഴിക്കണം എന്ന് തോന്നി. മലയാളി സഹോദരങ്ങളോട് പറഞ്ഞാൽ അവർ നിശ്ചയമായും ഉണ്ടാക്കി തരും. പക്ഷെ ഉത്തര ഭാരതത്തിൽ സുവിശേഷ പ്രവർത്തനത്തിന് പോയതല്ലേ? ആശയടക്കം അനിവാര്യം ആയതുകൊണ്ട് ആരോടും പറഞ്ഞില്ല. ഉച്ച കഴിഞ്ഞു രണ്ടു മണി ആയിക്കാണും. ഫോൺ ബെൽ അടിച്ചു. ജോമോൻ ആണ് സാധരണയായി ഫോൺ എടുക്കാറ് പക്ഷെ താൻ പുറത്തെവിടെയോ പോയിരിക്കുകയാണ്. അതുകൊണ്ട് ഞാൻ തന്നെ ഫോൺ അറ്റൻഡ് ചെയ്തു. സുനാവിലെ പാസ്റ്റർ ഏബ്രഹാമിന്റെ ഭാര്യ ആണ്. എന്നോട് രോഗ വിവരങ്ങൾ ഒക്കെ തിരക്കിയിട്ട് പറഞ്ഞു. 'സജി കുറച്ചു മീൻ കറി ഉണ്ട് വിദ്യാർത്ഥികളെ ആരെ എങ്കിലും പറഞ്ഞു അയച്ചാൽ തന്നു വിടാം.' വേണ്ടാ എന്ന് ഞാൻ പറഞ്ഞു. ഫോൺ വെച്ചു കഴിഞ്ഞപ്പോഴാ ഓർത്തത് അങ്ങനെ പറയേണ്ടായിരുന്നു എന്ന്.
ഏകദേശം നാല് മണി ആയപ്പോൾ ആരോ വാതിലിൽ തട്ടി. തുറന്നപ്പോൾ ജോമോൻ ആണ്. അദ്ദേഹം ചോദിക്കുക ആണ് ദോശ കഴിക്കുന്നോ?
ദോശയോ? അത് എവിടുന്നാ? എനിക്ക് ആശ്ചര്യം ആയി.
'അതേ സുനാവിലെ പാസ്റ്റർ ആന്റി കുറച്ചു ദോശ മാവും മീൻ കറിയും തന്നയച്ചിട്ടുണ്ട്. വാ നമുക്ക് കിച്ചണിൽ പോയി ദോശ ഉണ്ടാക്കാം' എന്ന് പറഞ്ഞുകൊണ്ട് ജോമോൻ കിച്ചണിലേക്ക് നടന്നു.
ഞങ്ങൾ ദോശ ഉണ്ടാക്കി ചൂടോടെ കുടംപുളി ഇട്ട് വച്ച മീൻ കറിയും കൂട്ടി കഴിച്ചു. ഇന്നും അതിന്റെ സ്വാദ് നാവിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ